കൊച്ചി: വ്യാവസായിക വികസനം ലക്ഷ്യമാക്കി യുഡിഎഫ്സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് യുഡിഎഫിലും, കോണ്‍ഗ്രസിലും വിവാദമേള, എമര്‍ജിംഗ് കേരള നിക്ഷേക സംഗമത്തിലെ പരിസ്ഥിതിക്കുദോഷകരമായ പദ്ധതികള്‍ക്കെതിരെയാണ് യുഡിഎഫിലെ ആറ് യുവ എംഎല്‍എമാര്‍ പ്രധാനമായും വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. വ്യവസായ സംരഭകര്‍ക്കായി സ്വകാര്യ നിക്ഷേപകര്‍ക്ക് ഭൂമി കൈമാറുന്നത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമെ പാടുള്ളു എന്നും എംഎല്‍എ മാര്‍ ആവശ്യം ഉന്നയിക്കുന്നു.
യുഡിഎഫിലെ കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി.സതീശന്, ടി.എന്‍.പ്രതാപന്, വി.ടി.ബലറാം, ഹൈബി ഈഡന് എന്നിവരും ലീഗിലെ കെ.എം.ഷാജിയും സോഷ്യലിസ്റ്റ് ജനതയുടെ എം.വി.ശ്രേയാംസ്കുമാറുമാണ് നിക്ഷേപ സംഗമത്തിലെ പദ്ധതികള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഗ്രീന്തോട്ഡ് കേരള എന്ന ബ്ലോഗ് പോസ്റ്ററിലൂടെയാണ് എംഎല്‍എമാര്‍ തങ്ങളുടെ ആശങ്ക പരസ്യമായി പങ്കുവെയ്ക്കുന്നത്.
സംസ്ഥാന വിനോദസഞ്ചാരവകുപ്പാണ് കാടുകളും, കായലുകളും, തുരുത്തുകളും മറ്റും സ്വകാര്യ സംരഭകര്‍ക്ക് കൈമാറി ടൂറിസം വികസനം നടപ്പിലാക്കാനുള്ള പദ്ധതികള്‍ എമര്‍ജിംഗ് കേരളയിലൂടെ മുന്നോട്ടുവെച്ചിട്ടുള്ളത്. ചരിത്രപ്രാധാന്യമുള്ള തലശ്ശേരിക്കുസമീപത്തെ ധര്‍മ്മടം തുരുത്ത് സ്വകാര്യ സംരഭകര്‍ക്കു കൈമാറി 250 കോടിയുടെ റിസോര്‍ട്ട് ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് പദ്ധതിയാണ് എമര്‍ജിംഗ് കേരള നിക്ഷേപക മേള മുന്നോട്ടുവെക്കുന്നത്. ഇതിനുപുറമെ വേമ്പനാട്ടുകായല്‍, വാഗമണ്‍, കക്കയം വനമേഖല, വിവാദമായ നെല്ലിയാമ്പതി മലനിരകള്‍, കോട്ടയത്തെ ഇലവീഴാ പൂഞ്ചിറ ഉള്‍പ്പടെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ റിസോര്‍ട്ടുകളും, ഗോള്‍ഫ് ക്ലബുകളുംവരെ നിക്ഷേപകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് സൂചന.
നിക്ഷേപക മേളയിലെ പരിസ്ഥിതിക്കു ദോഷകരമാവുന്ന പദ്ധതികള്‍ വിവദാമായേക്കുമെന്ന് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസ് യുവ എംഎല്‍എമാരുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് എമര്‍ജിംഗ് കേരളക്കെതിരേയും, നിലപാടുകളുമായി ഗ്രീന്‍ തോട്സ് കേരളയുമായി വീണ്ടുമുള്ള രംഗപ്രവേശനം.
വിത്തെടുത്തു കുത്തരുതെന്ന പഴമക്കാരുടെ പ്രയോഗം ആവര്‍ത്തിച്ചുകൊണ്ടാണ് നിക്ഷേപക സംഗമത്തിനെതിരെ ടി.എന്‍.പ്രതാപന്റെ ഇന്നലത്തെ പ്രസ്താവന. വ്യാവസായിക വികസനത്തെ ശക്തമായി പിന്തുണക്കുമ്പോഴും സംസ്ഥാനത്തിന്റെ ഭൂ പ്രകൃതിയേയും കൃഷിയേയും നശിപ്പിക്കുന്ന പദ്ധതികള്‍ക്ക് തങ്ങളെതിരാണെന്നാണ് എംഎല്‍എമാര്‍ ബ്ലോഗിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതിക്കു ദോഷകരമാവുന്ന പദ്ധതികള്‍ ഒഴിവാക്കപ്പെടണം. ഭൂപരിഷ്കരണ നിയമവും, 1980ലെ വനനിയമവും പൂര്‍ണമായും പാലിച്ചുകൊണ്ടല്ലാതെ പദ്ധതികള്‍ക്ക് അനുമതിനല്‍കരുതെന്നും യുഡിഎഫ് യുവ എംഎല്‍എമാര്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്.
സര്‍ക്കാര്‍ ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് വ്യാവസായികാവശ്യങ്ങള്‍ക്കായി നല്കുന്ന പദ്ധതികള്‍ എമര്‍ജിംഗ് കേരളയില്‍ നിന്നും ഒഴിവാക്കണം. പാട്ടത്തിനുനല്കുമ്പോള് ഭൂമിയുടെ വിപണി വിലകണക്കാക്കി പാട്ടതുകനിശ്ചയിക്കണം. സംരഭങ്ങള്‍ നടപ്പിലാക്കുന്നതിനു മുമ്പായി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഏജന്‍സിയെക്കൊണ്ട് പരിസ്ഥിതി പ്രത്യാഘാത പഠനം നടത്തിയിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഗ്രീന്തോട്സ് കേരള എന്ന തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ എംഎല്‍എമാര്‍ മുമ്പോട്ടുവെച്ചിരിക്കുന്നത്. ബ്ലോഗ് പോസ്റ്റിന്‍ക്കുറിച്ച് ചര്‍ച്ച വ്യാപകമായതോടെ യുഡിഎഫില്‍ വിവാദവും പുകയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: