കൊച്ചി: കളമശ്ശേരി അപ്പോളോ ടയേഴ്സില്‍ ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. വിശദമായ കണക്കെടുപ്പ് കഴിയുമ്പോള്‍ നഷ്ടം പത്ത് കോടി കവിയുമെന്നാണ് സൂചന. തീപിടിത്തത്തില്‍ കമ്പനിയിലെ ബാന്‍ബറി പ്ലാന്റ് പൂര്‍ണമായും കത്തിനശിച്ചു. രാത്രി പത്തേമുക്കാലോടെ ഉണ്ടായ തീപിടിത്തം 15 ഫയര്‍ യൂണിറ്റുകള്‍ രാത്രി രണ്ട് വരെ കഠിന പ്രയത്നം ചെയ്താണ് അണച്ചത്.
തീപിടിത്തത്തില്‍ ആളപായമില്ല. 135 തൊഴിലാളികളുള്ള ബാന്‍ബറി പ്ലാന്റില്‍ ഒരു ഷിഫ്റ്റില്‍ 35 പേരാണ് ജോലി ചെയ്യുന്നത്. അപകടം നടക്കുമ്പോള്‍ ഷിഫ്റ്റ് മാറുന്ന സമയമായതിനാല്‍ 14 പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച പരിശോധനകള്‍ നടന്നുവരികയാണ്. എന്നാല്‍ റബര്‍ മിക്സിംഗ് സമയത്ത് മെഷിന് അടിയിലുണ്ടായ സ്പാര്‍ക്കിംഗ് ആയിരിക്കാം തീപിടിത്തത്തിന് വഴിവച്ചതെന്ന് സംശയിക്കപ്പെടുന്നു. ബെറും തുരിശ്, സള്‍ഫര്‍, കാര്‍ബണ്‍ തുടങ്ങിയവ സംയോജിപ്പിക്കുന്ന പ്ലാന്റാണ് ബാന്‍ബറി.
തീ പിടിച്ചതിനെത്തുടര്‍ന്ന് പ്ലാന്റിന്റെ മേല്‍ക്കൂര വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. എന്നാല്‍ നൂറുമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന നാഫ്ത, ഡീസല്‍ ടാങ്കറുകളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളും ഷിപ്പ്യാര്ഡിന്റെയും നേവിയുടെയും ഫയര്‍ യൂണിറ്റുകളും തീയണക്കാന്‍ കഠിന പ്രയത്നം നടത്തി. കൂടാതെ പോലീസും നാട്ടുകാരും കമ്പനി തൊഴിലാളികളും അവര്‍ക്കൊപ്പം ചേര്‍ന്നു.
ബെന്നി ബഹനാന് എംഎല്‍എ, കളക്ടര്‍ പി.ഐ.ഷെയ്ക് പരീത്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, എസിപി ഗോപാലകൃഷ്ണപിള്ള തുടങ്ങി നിരവധിപേര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: