കൊല്ലം ജില്ലയില്‍ കല്ലുവാതുക്കല്‍ പഞ്ചായത്തിലാണ് പുരാതനമായ കൊടിമൂട്ടില്‍ ഭഗവതിക്ഷേത്രം. കൊല്ലം ജില്ലയുടെ തെക്കേ അതിര്‍ത്തിയായ പാരിപ്പള്ളി. പാരിപ്പള്ളിയിലെ പുരാതന തറവാടായ കൊടിമൂട്ടിലെ കാരണവര്‍ മണ്ടയ്ക്കാട്ട് ദേവിയുടെ ഉപാസകനായിരുന്നു. തറവാട്ടുപറമ്പില്‍ പുറ്റുവളര്ന്നു വരിക സാധാരണ കാഴ്ചയായി. അവിടെ ദേവസാന്നിധ്യം ബോധ്യമായ ആ ഭക്തന് പുറ്റുകണ്ട സമയത്ത് ഒരു ആല്‍ത്തറ പണിയുകയും വിളക്കുകൊളുത്തുന്നതിനും മറ്റുമായി തന്റെ ചെറുമകളായ കന്യകയെ നിയോഗിക്കുകയും ചെയ്തു.
ശ്രീകോവിലില്‍ പ്രധാന മൂര്‍ത്തി ശ്രീ ഭദ്രകാളി. വടക്കോട്ട് ദര്‍ശനം. കന്നിമൂലയില്‍ ഗണപതി. വടക്കോട്ട് ഒരേ നിരയില്‍ യോഗീശ്വരനും ദുര്‍ഗ്ഗയും ഭുവനേശ്വരി ദേവിയും വടക്കുകിഴക്കായി ശിവനും തൊട്ടടുത്ത് വടക്കുമാറി മന്ത്രമൂര്‍ത്തിയും ബ്രഹ്മരക്ഷസുമുണ്ട്. മൂന്നുനേരം പൂജ. കുങ്കുമാഭിഷേകം പ്രധാനം. വെളുപ്പിനു അഞ്ചുമണിക്ക് നട തുറന്നാല്‍ അഭിഷേകവും മലര്നിവേദ്യവും ഉച്ചയ്ക്കുശേഷം പന്ത്രണ്ടുമണിക്ക് നട അടയ്ക്കും. വൈകിട്ട് നാലിനു തുറന്ന് സന്ധ്യയ്ക്കു ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് എട്ടുമണിക്ക് ക്ഷേത്രനട അടയ്ക്കും. കൊടിമൂട്ടിലമ്മയുടെ ഇഷ്ടവഴിപാടുകളിലൊന്നാണ് പടുക്ക. വഴിപാടു നടത്താനാഗ്രഹിക്കുന്നവര്‍ വൃതാനുഷ്ഠാനത്തോടെ പൂജാദ്രവ്യങ്ങളും നാളികേരവും ഫലങ്ങളും പുത്തന്‍ കുട്ടകളിലാക്കി തലച്ചുമടായി വാദ്യാഘോഷങ്ങളോടെ ക്ഷേത്രത്തിലെത്തി ദേവിക്ക് സമര്‍പ്പിക്കുന്നു. ക്ഷേത്രത്തിലെ പൂജയ്ക്കുശേഷം നിവേദ്യം തിരിച്ചുനല്‍കുന്നു. ഉത്സവത്തോടനുബന്ധിച്ചാകുമ്പോള് ഈ വഴിപാട് സമൂഹമായിട്ടാണ് നടക്കുക. കൊടിമൂട്ടില്‍ ദേവിയുടെ തിരുനാളായ പുണര്‍തം നാളില്‍ എല്ലാ മാസവും വൈകിട്ട് സര്‍വൈശ്വര്യ പൂജയുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ രാഹുദോഷ പരിഹാര പൂജയായ നാരങ്ങാവിളക്ക് നടന്നുവരുന്നു. എല്ലാ മാസവും ആയില്യപൂജയും പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് സര്‍പ്പബലിയുമുണ്ട്.
മണ്ടയ്ക്കാട്ടെ കൊട മഹോത്സവുമായി ബന്ധപ്പെട്ടതാണ് കൊടിമൂട്ടിലെ ദശദിന ഉത്സവം. കുംഭമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയാണ് മണ്ടയ്ക്കാട്ടെ ഉത്സവം. കുംഭമാസത്തില്‍ അവസാനത്തെ തിങ്കളാഴ്ച കൊടിയിറങ്ങി കുടുംബ കാരണവര്‍ ദേവിയോടൊപ്പം കൊടമഹോത്സവത്തില് പങ്കെടുക്കാന്‍ പോകുന്നുവെന്നാണ് ഉത്സവഐതിഹ്യം. ആദ്യത്തെ ദിവസം കൊടിയേറ്റ്. കൊടിയേറ്റിനു മുന്‍പ് രാവിലെ ക്ഷേത്രപരിസരവും ദേശീയപാതയും മറ്റ് ഇടവഴികള്‍പോലും ആയിരക്കണക്കിന് അടുപ്പുകള്‍ കൊണ്ട് നിറയും. പത്തുമണിക്ക് പതിനായിരങ്ങള്‍ അര്‍പ്പിക്കുന്ന പൊങ്കാല നടക്കും. അന്ന് വൈകിട്ട് കൊടിയേറും. അതിനുമുന്നോടിയായി ഗജവീരന്മാരുടെ അകമ്പടിയോടെ ഊരുചുറ്റും നടക്കും. നൂറുകണക്കിന് ബാലികമാരുടെ താലപ്പൊലിയും അതിനെ അനുഗമിക്കും. കൊടിയേറ്റിന് തലേദിവസം അവസാനിക്കുന്ന ക്രമത്തില്‍ തോറ്റംപാട്ട് നടക്കും. ഇത് വഴിപാടായിട്ടാണ് നടത്തുന്നത്. ഒന്‍പതാം ഉത്സവത്തിനാണ് കുത്തിയോട്ടം. പത്താം ഉത്സവത്തിന് ശയനപ്രദക്ഷിണം. വാദ്യമേളങ്ങളോടും താലപ്പൊലിയോടും കൂടി നാടിന്റെ നാനാഭാഗത്തു നിന്നും ഉരുള്‍ എത്തും. ഉത്സവദിവസങ്ങളിലെല്ലാം അന്നദാനവുമുണ്ട്. ഏറ്റവും കൂടുതല്‍ ആനകളെ അണിനിരത്താനുള്ള ഉത്സവം. വൈകിട്ട് ഏഴരയ്ക്ക് ആനകളുടെ എഴുന്നെള്ളത്ത് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതോടെ ബാലികമാരുടെ താലപൊലിയും വിളക്കും നടക്കും. തുടര്‍ന്നുള്ള പൂജാക്രമങ്ങളോടെ ഉത്സവം സമാപിക്കും.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: