എല്ലാം ‘മായ’
സുഖതഃ ക്രിയതേ രാമാഭോഗഃ
പശ്ചാത് ഹന്ത ശരീരേ രോഗഃ
യദ്യപി ലോകേ മരണം ശരണം
തദപി ന മുഞ്ചതി പാപാചരണം
‘ഭജഗോവിന്ദ’ത്തിലെ ആദ്യത്തെ പന്ത്രണ്ടണ്ട് ശ്ലോകങ്ങള്‍ ശ്രീശങ്കരന് രചിച്ചതായും തുടര്‍ന്നുള്ള പതിനാല് ശ്ലോകങ്ങള്‍ കാശിയാത്രയില്‍ അവിടുത്തെ അനുഗമിച്ച പതിനാല് ശിഷ്യന്മാര് രചിച്ചതായുമാണല്ലോ കരുതപ്പെടുന്നത്. സാധകന്മാരെ പ്രോത്സാഹിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന മട്ടിലുള്ള ഉപദേശങ്ങളടങ്ങിയ ഇനിയത്തെ നാല് ശ്ലോകങ്ങള്‍കൊണ്ട് ആചാര്യസ്വാമികള്‍ ഈ സ്തോത്രത്തെ ഉപസംഹിക്കുന്നു. ശബ്ദങ്ങളുടെ ഊര്ജ്ജ്വസ്വലതയും തീക്ഷ്ണതയും ആശയഗാംഭീര്യവുമൊക്കെ കാണുമ്പോള്‍ ഈ ശ്ലോകങ്ങള്‍ അദ്വൈതാചാര്യന്റേതുതന്നെയായിരിക്കണമെന്ന് കരുതാന്‍ പ്രയാസമില്ല.
മൃഗങ്ങളെപ്പോലെ പെരുമാറാന്‍ മനുഷ്യന് വളരെ എളുപ്പമാണ്. കാരണം അതൊരിറക്കമാണല്ലോ. മലമുകളില്‍ കേറാന്‍ പാടുപെടണം. ഉരുണ്ടുവീഴല്‍ എളുപ്പം കഴിയും. കഠിനാദ്ധ്വാനം ചെയ്തെങ്കിലേ ഉയരാനാവൂ. ഉണ്ണി പിറക്കണമെങ്കില്‍ അമ്മ പേറ്റുനോവ് അനുഭവിക്കുകതന്നെ വേണം.
ഭോഗ്യവ്സതുക്കളില് ഭ്രമിച്ച ഇന്ദ്രിയാരാമന്മാരായി ജീവിക്കാനാണ് മനുഷ്യര്‍ക്ക് കൗതുകം. വിഷയങ്ങള്‍ ഭുജിക്കാന്‍ ഇന്ദ്രിയങ്ങളുടെ വെമ്പല്‍ സ്വാഭാവികമാണ്. അതിനൊരു പരിശീലനം നേടേണ്ടതില്ല. മാത്രവുമല്ല ഇക്കാര്യത്തില്‍ എല്ലാവരും കെങ്കേമിന്മാരാണുതാനും. തോന്നിയപോലെ വിഹരിച്ചുനടക്കുന്ന ഉള്ളിലെ മൃഗത്തെ പിടിച്ചുകെട്ടിയിടണം. ഇന്ദ്രിയങ്ങളെ വശത്താക്കണം. ഇവിടെയാണ് നമ്മുടെ പൗരുഷം കാണേണ്ടത്.
അമിതമായ വിഷയസേവയുടെ ഫലം, അഹോ കഷ്ടം! പലതരത്തിലുള്ള രോഗങ്ങളുടെ രൂപത്തില്‍ മനുഷ്യന് അനുഭവിക്കേണ്ടിവരുന്നു. ആരോഗ്യം നശിച്ച്, ഇന്ദ്രിയങ്ങള്‍ ജീര്‍ണ്ണിച്ച് മനോവീര്യം ക്ഷയിച്ച് ഒന്നിനും വയ്യാതായി അവസാനം അയാള്‍ മരിക്കുന്നു.
ജനിച്ചപ്പോള്‍ തന്നെ തീര്‍ച്ചയായ കാര്യമാണ് ഒരുനാള്‍ മരിക്കേണ്ടിവരുമെന്നത്. എന്നിട്ടും പാപപങ്കിലമായ വിഷയജീവിതം മതിയാക്കാന്‍ മനുഷ്യന് തോന്നാറില്ല. ശരീരബലവും മനോവീര്യവും കെടുത്തുന്ന ഏത് പ്രവൃത്തിയും പാപമത്രേ.
മനുഷ്യന്റെ വിവേകശൂന്യമായ ജീവിതരീതിയെ അതേപടി ചിത്രീകരിക്കുന്ന ഈ ശ്ലോകം അവന്റെ ദുഃസ്ഥിതിയോര്‍ത്ത് പരിതപിക്കുന്നു. ജീവിതം മരണത്തില്ചെന്ന് കലാശിക്കുന്നുവെന്ന് കണ്ടിട്ടും, ഈ ലോകത്തോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞ് പിരിയേണ്ടിവരുമെന്നറിഞ്ഞിട്ടും തെറ്റായ വഴിയില്‍നിന്ന് പിന്തിരിയാന് മനുഷ്യന് തോന്നുന്നില്ലല്ലോ.
ഇതത്രേ മായ – ഉന്തും തള്ളുമായി പ്രകടമാവാനുള്ള വാസനയുടെ വെപ്രാളം. അത് ദുഷ്കര്മ്മങ്ങളിലേക്ക് നമ്മെ ഉന്തി വീഴ്ത്തുകയും സത്കര്‍മ്മങ്ങളില്‍ നിന്ന് തള്ളിമാറ്റുകയും ചെയ്യുന്നു.
വ്യാഖ്യാനം : സ്വാമി ചിന്മയാനന്ദ ൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: