വയനാട് ജില്ലയിലെ വൈത്തിരിയിലാണ് പ്രസിദ്ധമായ മാരിയമ്മന്‍ ക്ഷേത്രം. വയനാടിന്റെ ചരിത്രത്തില്‍ അവഗണിക്കപ്പെടാനാവാത്ത സ്ഥാനം വൈത്തിരിക്കുണ്ട്. ഇത് പഴയ കുറമ്പ്രനാടിന്റെ ഭാഗമാണ്.
റോഡരുകില്‍ മനോഹരമായ ക്ഷേത്രകമാനം. ഇവിടെ നിന്നാല്‍ കുന്നിന്‍മുകളിലെ ക്ഷേത്രം കാണാം. ക്ഷേത്രത്തിനോട് ചേര്‍ന്ന് കുന്നുണ്ട്. ആ കുന്നില്‍ മുകളിലും ഒരു ക്ഷേത്രമമുണ്ടായിരുന്നു. ഒരു സുബ്രഹ്മണ്യക്ഷേത്രം. അത് ഏതോ ഒരു കാലത്ത് കത്തി നശിച്ചുപോയത്രേ. ആ മൊട്ടക്കുന്നിന്റെ മറുവശത്താണ് ശ്രീ അനംഗാനന്ദപാദ തീര്‍ത്ഥസ്വാമികളുടെ ശ്രീനാഥാശ്രമം. പ്രകൃതിലാവണ്യം കൊണ്ടും കുളിര്‍കോരുന്ന കാലാവസ്ഥ കൊണ്ടും അനുഗൃഹീതമായ സ്ഥലത്താണ് ഈ പര്‍ണകുടീരം.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ആന്ധ്രാ ഏരുമക്കാര്‍ എന്ന നാട്ടുകാര്‍ സ്ഥാപിച്ചതെന്ന് ഐതിഹ്യം. മഴയുടെ ദേവതയാണ് മാരിയമ്മന്‍ എന്ന് പറയാറുണ്ടെങ്കിലും പരശുരാമന്റെ മാതാവ് രേണുകാ ദേവിയുടെ ജീവിതകഥയ്‌ക്ക് ഉപോല്‍ബലകമായ ഐതിഹ്യവും നിലനില്‍ക്കുന്നു. ശ്രീകോവിലില്‍ പ്രധാനമൂര്‍ത്തി മാരിയമ്മ. കളിമണ്‍വിഗ്രഹം. വടക്കോട്ട് ദര്‍ശനം. ഉപദേവതമാരായി ക്ഷേത്രത്തിന് വടക്ക് കിഴക്കേ കോണില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. അരുളിച്ചെടിയുടെ ചുവട്ടില്‍ ഗുരുമുനീശ്വരനും കറുപ്പസ്വാമിയും കാളിയും നാഗരാജാവുമുണ്ട്. ഇവിടെ എപ്പോഴും സര്‍പ്പസാന്നിധ്യമുണ്ട്. ക്ഷേത്രപറമ്പിലെ പാലച്ചോട്ടിലാണ് നൂറുംപാലും കഴിക്കുക. കടുംപായസവും അവലില്‍ മലര്‍വെച്ചുള്ള പൂജയും പ്രധാനവഴിപാടുകള്‍. മണ്ഡലകാലത്ത് ഗുരുതിയുമുണ്ട്. കുംഭത്തിലെ അവസാനത്തെ ആഴ്ചയാണ് ഉത്സവം. പൂക്കോടിനടുത്തുള്ള ഒരു വീട്ടില്‍ നിന്നാണ് കൊടിയേറ്റത്തിനുള്ള മരം കൊണ്ടുവരുന്നത്. കൊടിയേറി കഴിഞ്ഞാല്‍ കുംഭം പൂജയുണ്ട്. പഴയ വൈത്തിരിപ്പുഴയില്‍ നിന്നുമാണ് കുംഭം പൂജിച്ചുകൊണ്ടുവരുന്നത്. ഭക്തിനിര്‍ഭരമായ ചടങ്ങോടെ എത്തുന്ന കുംഭം ശ്രീകോവിലില്‍ വച്ച് പൂജിക്കും. പിറ്റേ ദിവസമാണ് കനലാട്ടം നടക്കുക.
വൈത്തിരി മാരിയമ്മന്‍ ക്ഷേത്രത്തിലെ കനലാട്ടം വടക്കേ മലബാറില്‍ പ്രസിദ്ധമാണ്. രാത്രി 12 മണിക്ക് കാളിയുടെ കുംഭവുമായി പുറത്തേയ്‌ക്കെഴുന്നെള്ളിക്കും. പിന്നെ നഗരപ്രദക്ഷിണം. വഴി നീളെ പൂജയുമുണ്ടാകും. നാലുമണിക്ക് അമ്മയേയും മറ്റ് ദേവീദേവന്മാരെയും വിളിച്ചുചൊല്ലിയുള്ള പ്രാര്‍ത്ഥന നടക്കും. അപ്പോള്‍ വൃതാനുഷ്ഠാനത്തോടെ കുളിക്കാന്‍ കാത്തുനില്‍ക്കുന്ന നൂറുകണക്കിനാളുകള്‍ ഉണ്ടാകും അവര്‍ക്ക് തൊടാന്‍ ഭസ്മം. അത് കിട്ടിക്കഴിഞ്ഞാല്‍ കുളക്കടവിലേക്ക്. അതിന് കോമരത്തിന്റെ അകമ്പടിയുണ്ടാകും. കുളികഴിഞ്ഞ് അഞ്ചുമണിയോടെ ഏല്ലാവരും തിരിച്ചെത്തും. അപ്പോഴേക്കും അഗ്നികുണ്ഡം തയ്യാറായിരിക്കും. കനലാട്ടത്തിന് തയ്യാറായാല്‍ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചശേഷം അഗ്നിക്ക് മീതേ അവര്‍ നടക്കും. സ്ത്രീപുരുഷവ്യത്യാസമില്ലാതെ ആബാലവൃന്ദം ജനങ്ങളും ഇതില്‍ പങ്കെടുക്കും. പുലര്‍ച്ചെ ആറുമണിയാകുമ്പോഴേക്കും എല്ലാം സമാപിക്കും. പിറ്റേ ദിവസം വൈകിട്ടാണ് ഗുരുതി. വൈത്തരിപ്പുഴയില്‍ പോയി വെള്ളം കൊണ്ടുവന്ന് നിരയ്‌ക്കുകയാണ് അദ്യത്തെ ചടങ്ങി. വാദ്യാഘോഷത്തോടെയുള്ള വരവ്. മഞ്ഞള്‍ ആടിത്തിളച്ച ഗുരുതിയില്‍ കമുകിന്‍ പൂക്കുലമുക്കി കോമരത്തന്റെ ആട്ടം ആരംഭിക്കും. തുടര്‍ന്ന് മറ്റുള്ളവരും ആടും. അത് കഴിഞ്ഞാല്‍ കുംഭം പുഴയിലൊഴുക്കലാണ്. അഷ്ടദിക്ക് പാലകരേയും സപ്തമാതൃക്കളേയും യഥാസ്ഥാനങ്ങളിലേക്ക് അയച്ചുകഴിഞ്ഞാല്‍ നട അടയ്‌ക്കും. പിന്നെ ഒരാഴ്ച കഴിഞ്ഞേ ക്ഷേത്രം തുറക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: