മരട്: അശാസ്ത്രീയമായ റോഡുനിര്‍മാണത്തെ തുടര്‍ന്ന് ദേശീയപാതാ ബൈപ്പാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. കുമ്പളം പാലം മുതല്‍ ഇടപ്പള്ളി, കളമശ്ശേരി വരെയുള്ള സ്ഥലങ്ങളിലാണ് നിര്‍മാണത്തിലെ പിഴവും അശാസ്ത്രീയമായ ഡിവൈഡറുകളും കാരണം ദുരന്തങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നത്. കുമ്പളം ബൈപാസ് ജംഗ്ഷന്, മാടവന ജംഗ്ഷന്, ലേക്ഷോര് പരിസരം, നെട്ടൂര്‍ പള്ളി, കുണ്ടന്നൂര്‍ ജംഗ്ഷന്, തൈക്കൂട്ടം തുടങ്ങി പതിനെട്ടോളം സ്ഥലങ്ങളില്‍ നിരന്തരം അപകടങ്ങള്‍ സംഭവിക്കുന്നതായി ട്രാഫിക് പോലീസ് പറയുന്നു.
45 മീറ്റര്‍ വീതിയില്‍ ഹൈവേകളും ബൈപ്പാസും നിര്‍മിക്കണമെന്നാണ് ചട്ടം. എന്നാല്‍ കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി – അരൂര്‍ ബൈപ്പാസിന്റെ പലഭാഗത്തേയും വീതി 15 മീറ്റര്‍ മാത്രമാണ്. ഇരുവശങ്ങളിലേക്കും വാഹനയാത്രക്ക് സൗകര്യപ്പെടുന്നരീതിയില് സര്‍വ്വീസ് റോഡുകള്‍ക്കും വീതിവേണമെന്ന് ദേശീയ പാതാ മാന്വല്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ സര്‍വീസ് റോഡുകള്‍ പലേടങ്ങളിലും പേരുനു മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതും കച്ചവടസ്ഥാപനങ്ങള്‍ കയ്യേറുന്ന അവസ്ഥയിലാണ്.
തൈക്കൂടം, നെട്ടൂര്‍, കുണ്ടന്നൂര്‍, കുമ്പളം പാലങ്ങള്‍ ആവശ്യമായ വീതിയിലല്ല നിര്‍മ്മിച്ചിരിക്കുന്നത്. പാലങ്ങളും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ ഉയരക്കുടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ കാണമാവുന്നുണ്ട്. റോഡിന്റെ മധ്യഭാഗത്ത് ഉയര്ന്നുനില്ക്കുന്ന പാലത്തിന്റേയും അടിപ്പാതയുടേയും കല്‍ക്കെട്ടുകളും വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. ഇതിനുപുറമെ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷനുകളിലെ അശാസ്ത്രീയമായ മീഡിയനുകളും അപകടകാരികളായി തീരുന്നുണ്ട്. രാത്രികാലങ്ങളില്‍ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഡിവൈഡറുകളും മറ്റും ദൂരെനിന്നും കാണാന്‍ കഴിയുന്ന തരത്തില്‍ സിഗ്നലുകള്‍ ഇല്ലാത്തതും ദുരന്തങ്ങള്‍ക്കു കാരണമാവുന്നുണ്ട്.
മീഡിയനുകളില്‍ ഇടിച്ച് കാറുകളും ലോറികളും മറിയുന്നതും സ്ഥിരം സംഭവമാണ്. ഇതിനുപുറമെ ബൈപ്പാസിന്റെ ഇരുവശങ്ങളിലുമായി നിര്‍മ്മിച്ചിരിക്കുന്ന ആഴമേറിയ അഴുക്കുചാലുകള്‍ സ്ലാബിട്ട് മൂട്ടാത്തതും അപകടകരമാണ്. ഇരുചക്രവാഹനങ്ങള്‍ ഇതില്‍ വീണ് മരണം വരെ സംഭവിച്ചിട്ടുണ്ട്. നിരത്തുകളില്‍ കാല്‍നടക്കാര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ സീബ്രാ കോഡുകളും മാര്ക്കുചെയ്തിട്ടില്ല. മാടവന ജംഗ്ഷനില്‍ പലപ്പോഴും സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതും അപകടകാരണമാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: