മരട്: മദ്യലഹരിയില്‍ യുവാക്കള്‍ ലോറി കൈവശപ്പെടുത്തി അമിതവേഗതയില്‍ ഓടിച്ച് വൈദ്യുതിപോസ്റ്റുകള്‍ ഇടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി നെട്ടൂര്‍ വടക്ക് പിഡബ്ല്യുഡി റോഡിലായിരുന്നു സംഭവം. വഴിവക്കിലിരുന്ന് മദ്യപിച്ച രണ്ടുപേര്‍ ലഹരി തലക്ക് പിടിച്ചപ്പോള്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ കയറിപറ്റുകയായിരുന്നു. തുടര്‍ന്ന് അമിതവേഗത്തില്‍ വീതികുറഞ്ഞ റോഡിലൂടെ പാഞ്ഞ ലോറിയാണ് വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത് നിന്നത്.
ലോറിയുടെ വരവ് കണ്ട് ഓടിമാറിയതിനാല്‍ വഴിയാത്രക്കാരില്‍ പലരും അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നു. വാഹനം ഇടിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് പ്രദേശത്താകെ വൈദ്യുതിബന്ധം താറുമാറായി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരില്‍ ചിലര്‍ മദ്യപിച്ച് ലോറി ഓടിച്ച യുവാക്കളെ പിന്തുടര്ന്ന് പിടികൂടി പനങ്ങാട് പോലീസിന് കൈമാറി. പിന്നീട് ഇവരെ ഇടപ്പള്ളി ട്രാഫിക് പോലീസിന് കൈമാറി. വൈദ്യുതിപോസ്റ്റ് ഒടിഞ്ഞതിനെത്തുടര്‍ന്ന് മരട് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരും സ്ഥലത്തെത്തി. പുതിയ പോസ്റ്റ് സ്ഥാപിച്ചശേഷം രാത്രി പതിനൊന്ന് മണിയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. അപകടം വരുത്തിവെച്ച ലോറി ഉടമയില്‍നിന്നും 9000 രൂപ നഷ്ടപരിഹാരം ഈടാക്കിയതായും കെഎസ്ഇബി അറിയിച്ചു.
മദ്യപിച്ചശേഷം ലോറി കൈവശപ്പെടുത്തി ഓടിച്ച് അപകടം വരുത്തിയ യുവാക്കള്‍ ഉടമയുടെ സഹോദരങ്ങളാണെന്നാണ് ഇടപ്പള്ളി ട്രാഫിക്പോലീസിന്റെ വിശദീകരണം. സംഭവം ഒത്തുതീര്‍പ്പാക്കിയെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ട്രാഫിക് പോലീസ് അറിയിച്ചു. എന്നാല്‍ മദ്യലഹരിയില്‍ അപകടകരമായി ലോറി ഓടിച്ചവര്‍ക്കെതിരെ കേസെടുക്കാത്ത പോലീസിന്റെ നടപടിയില്‍ ബിജെപി നെട്ടൂര്‍ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: