ആലുവ: ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ തൊഴില്‍ വാഗ്ദാനം നല്കി ദുബായിയിലെത്തിച്ചശേഷം പെണ്‍കുട്ടികളെ സെക്സ് റാക്കറ്റിന്റെ കയ്യില്‍ എത്തിക്കുന്നു. പോലീസുകാരുടെ ഒത്താശയോടെയുള്ള ഇത്തരം അനധികൃത വിദേശ തൊഴില്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ കേരളത്തില്‍ ആയിരത്തിലധികമാണുള്ളത്. ലൈസന്‍സ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്നവയും നിരവധിയാണ്. ചതിയില്‍പ്പെട്ട് സെക്സ് റാക്കറ്റില്‍ ഉള്‍പ്പെടുന്നതോടെ ദിവസേന കുറഞ്ഞത് 15 പേര്‍ക്കെങ്കിലും ഓരോരുത്തരേയും കാഴ്ച വെയ്ക്കും. ശരാശരി അഞ്ചുലക്ഷം മുതല്‍ ഒരുകോടി വരെ പ്രതിദിനം ഈ റാക്കറ്റുകള്‍ മലയാളി യുവതികളെ ഉപയോഗിച്ചു തന്നെ ഉണ്ടാക്കുന്നുണ്ട്. ഓരോ ദിവസം 40 പേരുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ടവരെ തങ്ങള്‍ക്ക് അറിയമെന്നാണ് ചില യുവതികള്‍ വെളിപ്പെടുത്തിയത്. ഷാര്‍ജ, അബുദാബി, ദുബായ്, ബഹറിന്‍ തുടങ്ങിയിടങ്ങളിലെ ചുവന്ന തെരുവുകളില്‍ പലതിന്റേയും നടത്തിപ്പുകാര്‍ മലയാളികളാണ്. എംബസിക്ക് പോലും കണ്ടെത്താന്‍ കഴിയാത്തയിടങ്ങളില്‍ രഹസ്യമായി പാര്‍പ്പിച്ചാണ് പീഡനം. മലയാളി കുടുംബിനികളും റാക്കറ്റിന്റെ ഉന്നതശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നു. വീട്ടുജോലി, കുട്ടികളെ നോക്കല്‍, ആശുപത്രി ശുചീകരണം എന്നീ ജോലികള്‍ക്കാണ് കേരളത്തില്‍നിന്ന് വീട്ടമ്മമാര്‍ ഉള്പ്പെടെയുള്ളേവരെ ഗള്‍ഫ് നാടുകളില്‍ എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറുന്നത്. മലയോര മേഖലകളിലെ ദരിദ്ര യുവതികളാണ് റാക്കറ്റിന്റെ പിടിയിലാകുന്നവരില്‍ ഭൂരിപക്ഷവും. പ്രലോഭിപ്പിച്ചു കൊടുക്കാന്‍ സ്ത്രീകള്‍ തന്നെയാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുക. ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യുന്നവരുടെതെന്ന മട്ടില്‍ മറ്റ് യുവതികളുടെ ചിത്രവും അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ചെക്കുകളും കാണിച്ചാണ് വല മുറുക്കുന്നത്. ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ അതോടെ വലയില്‍ വീഴും. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കൊള്ളപ്പലിശയ്ക്ക് കടം വാങ്ങിയും വിസക്കുള്ള പണം ഒപ്പിക്കും. 40,000 മുതല്‍ 60,000 രൂപവരെയാണ് ഏജന്റുമാര്‍ വിസക്ക് ആവശ്യപ്പെടുന്നത്. ഗള്‍ഫില്‍ എത്തിയാലുടന്‍ യുവതികളുടെ പാസ്പോര്‍ട്ട് അടക്കമുള്ള യാത്രരേഖകള്‍ ഏജന്റുമാര്‍ വാങ്ങും. രക്ഷപ്പെടാനുള്ള പഴുതുകള്‍ അതോടെ അടയും. രണ്ടുമാസം ശമ്പളം നല്‍കും. ഇത് വീട്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും. പിന്നെ പണമോ വിവരമോ ഉണ്ടാകില്ല. രണ്ടുമാസത്തിനിടയില്‍ ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്ക് നല്‍കുന്നത് മൊബെയില്‍ ഫോണ്‍ നമ്പറുകള്‍ ആയിരിക്കും. അതാകട്ടെ ഈ റാക്കറ്റിന്റെ നടത്തിപ്പുകാരുടെതാവും. ഇടക്ക് പുതിയ സ്ഥാപനത്തില്‍ ജോലി കിട്ടിയെന്നും അറിയിക്കും. ഇങ്ങനെ സംസാരിപ്പിക്കുമ്പോള്‍ തോക്കുധാരികളായ ഗുണ്ടകള്‍ അടുത്തുണ്ടാകും. അതുകൊണ്ട് സത്യാവസ്ഥ പറയാന്‍ യുവതികള്‍ക്ക് കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: