ടെഹ്റാന്: ആഗോളതലത്തില്‍ സുരക്ഷയും സമാധാനവും വികസനവും ഉറപ്പാക്കുന്നതില്‍ ചേരിചേരാരാജ്യങ്ങള്ക്ക് ശക്തമായ പങ്കുണ്ടെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്. ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ നടക്കുന്ന പതിനാറാമത് ചേരി ചേരാ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകാധിപത്യവിരുദ്ധമായ രാജ്യങ്ങളെയാണ് ഇന്ത്യ പിന്താങ്ങുന്നെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. ആഭ്യന്തരകലാപം രൂക്ഷമായ സിറിയയിലെ സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തിയ മന്‍മോഹന്‍സിംഗ് പ്രശ്നത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ചേരിചേരാ രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ലോകതലത്തില്‍ അംഗീകരിക്കപ്പെടുന്ന മൂല്യങ്ങള്ക്കനുസരിച്ചായിരിക്കണം നിലപാടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അക്രമത്തിന്റെ മാര്‍ഗ്ഗം അവസാനിപ്പിക്കണമെന്ന് അംഗരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച മന്‍മോഹന്‍സിംഗ് ജനങ്ങള്‍ക്ക് ചെവി നല്‍കണമെന്ന് സിറിയയോട് ആവശ്യപ്പെട്ടു. സിറിയയില്‍ ആഭ്യന്തര കലാപം അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മൂര്‍സിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സിറിയന്‍ സഖ്യം നേരത്തെ ഉച്ചകോടിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
ഉച്ചകോടിക്ക് മുന്നോടിയായി ഇറാന് നേതാക്കളുമായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് കൂടിക്കാഴ്ച നടത്തി. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനി, ഇറാന് പ്രസിഡന്റ് അഹമ്മദി നെജാദ് എന്നിവരുമായാണ് മന്‍മോഹന്‍സിംഗ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്. എണ്ണ, പാചകവാതകം, എന്നിവയുടെ വിതരണവും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും ഇറാന് നേതാക്കളുമായി മന്‍മോഹന്‍സിംഗ് ചര്‍ച്ച ചെയ്തതായാണ് സൂചന. ആണവപദ്ധതിയുടെ പേരില്‍ ഇറാനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് മന്‍മോഹന്‍സിംഗ് ഇറാന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
ഇതിനിടെ, ആണവായുധങ്ങളുടെ പേരില്‍ രാജ്യത്തെ ഒറ്റപ്പെടുത്തുന്നതിനെതിരെ ഉച്ചകോടിയില്‍ ഇറാന് ശക്തമായ പ്രതിഷേധമറിയിച്ചു. ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ആണവപദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന് പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നതിനിടെ തുറന്നടിച്ചു. ആണവപദ്ധതികളുടെ പേരില്‍ ഇറാന് മേല്‍ സമ്മര്ദ്ദമേര്പ്പെടുത്തുന്നതില് മുന്‍പന്തിയില്‍ നില്ക്കുന്ന അമേരിക്കക്കെതിരെയും അയത്തുള്ള ആഞ്ഞടിച്ചു. ലോകരാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തി ഭരിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: