സാക്ഷാത്ക്കാരത്തിലെ പരിപൂര്‍ണത
ത്വയി മയി ചാന്യത്രൈകോ വിഷ്ണുഃ
വ്യര്തഥം കുപ്യസി മയ്യസഹിഷ്ണുഃ
ഭവ സമചിത്തഃ സര്‍വ്വത്ര ത്വം
വാഞ്ഛസ്യചിരാത് യദി വിഷ്ണുത്വം
നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിലെ ആദ്ധ്യാത്മികാചാര്യന്മാരൊക്കെയും സ്വാനുഭൂതിയിലൂടെ കണ്ടറിഞ്ഞ പരമസത്യത്തെ മുന്‍നിറുത്തിക്കൊണ്ട് ജഗദ്ഗുരു പ്രഖ്യാപിക്കുന്നു: “നിന്നിലും എന്നിലും മാത്രമല്ല, സര്‍വ്വത്തിലും, എല്ലായിടത്തും ഒരേ ഒരു സത്യം തന്നെയാണ് നിറഞ്ഞുനില്ക്കുന്നത്.”
തത്ത്വശാസ്ത്രത്തിലെ മൗലികങ്ങളായ ചില വസ്തുതകള്‍ പലതവണ ആവര്‍ത്തിച്ച് പ്രഖ്യാപിക്കേണ്ടതായിവരും. ജ്ഞാനത്തിന് ദാഹിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രവിദ്യാര്ത്ഥികള്ക്കാവട്ടെ, നവനവങ്ങളായ ആശയങ്ങളും വിവിധങ്ങളായ തത്വങ്ങളും കേള്‍ക്കുന്നതിലായിരിക്കും കൗതുകമുണ്ടാവുക. ബുദ്ധിയുടെ വിചാരവീഥിയില്പോലും പുതുമകള്‍ കാണാന്‍ കൊതിക്കുന്നവരായിരിക്കും മിക്കവരും. ഒന്നിനെപ്പറ്റിത്തന്നെ ആവര്‍ത്തിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് മടുപ്പ് തോന്നും; അവരുടെ ക്ഷമ നശിച്ചെന്നും വരാം. ശിഷ്യന്റെ മുഖത്ത് നീരസം നിഴലിക്കുന്നത് കണ്ടിട്ടെന്നോണം ഗുരു വെട്ടിത്തുറന്നു പറയുന്നു: “ക്ഷമയില്ലാതെ നീ എന്നോട് വെറുതെ കോപിക്കയാണ്.” ജിജ്ഞാസുക്കള്‍ക്ക് നിഗൂഢതത്ത്വത്തെ വെളിപ്പെടുത്തിക്കൊടുക്കാന്‍ ആവര്‍ത്തനമല്ലാതെ മറ്റുപായമില്ലതന്നെ. ഒരിക്കല്‍ കേട്ടപ്പോള്‍ തന്നെ തത്വം ഗ്രഹിച്ചിരുന്നുവെങ്കില്‍ വീണ്ടും കേള്‍ക്കാന്‍ ശിഷ്യന് അവിടെ തന്നെ ഇരിക്കില്ലല്ലോ. പരമസാക്ഷാത്കാരത്തിലെ പരിപൂര്‍ണത അനുഭവിക്കുന്ന ജ്ഞാനിക്ക് ഒരു തരത്തിലുള്ള പോരായ്മയും പിന്നെ അനുഭവപ്പെടുകയില്ല.
സ്നേഹത്തെക്കുറിച്ചറിയുന്നതുതന്നെ സന്തോഷപ്രദമാണ്. എന്നാല്‍ സ്നേഹം ശരിക്കും അനുഭവിക്കുമ്പോഴാണല്ലോ സംതൃപ്തിയും ആനന്ദനിര്‍വൃതിയും ലഭിക്കുക. അതുപോലെ ബുദ്ധിപൂര്‍വ്വം ശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കുന്നതും ആത്മതത്വത്തെ അറിയുന്നതും സന്തോഷപ്രദമാണ്. എന്നാല്‍ ബുദ്ധിപരമായ പ്രസ്തുത സംതൃപ്തിയേക്കാള്‍ എത്രയോ മഹത്താണ് ആത്മസാക്ഷാത്കാരത്തിലെ നിരതിശയാനന്ദം. പറയപ്പെട്ട പരമാനന്ദാനുഭൂതിയാകട്ടെ വെറും ശാസ്ത്രപഠനംകൊണ്ടോ പാണ്ഡിത്യംകൊണ്ട് വ്യാഖ്യാനചാതുര്യംകൊണ്ടോ ഒന്നും നേടാവുന്നതുമല്ല. ഒരോ ആളും സ്വന്തം അന്തരംഗം അതിനുവേണ്ടി ഒരുക്കേണ്ടതുണ്ട്; നിയതമായ ക്രമീകരണം വഴി മനസിനെ സ്വയം പാകപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ അന്തരാത്മാവിന്റെ സൂക്ഷ്മസ്വാധീനത്തിനുള്ള കഴിവ് അന്തഃകരണം നേടണം.
കാലത്തിന്റെ അനുകൂലവും പ്രതികൂലവുമായ ഒഴുക്കിനെ ജീവിതയാത്രയില്‍ നമുക്ക് നേരിടേണ്ടിവരും. അപ്പോഴൊക്കെയും കുലുങ്ങാതിരിക്കാന്‍ പഠിക്കുക എന്നതാണ് സമചിത്തത ശീലിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുറത്തെ വസ്തുക്കളോ സംഭവങ്ങളോ നമ്മെ സ്വാധീനിക്കുകയും അലട്ടുകയും ചെയ്യുന്നത് അവയ്ക്കനുകൂലമോ പ്രതികൂലമോ ആയി പ്രതികരിക്കുന്ന വാസനകള്‍ ഉള്ളിലുള്ളതുകൊണ്ട് മാത്രമാണ്. നമ്മുടെ വാസനകള്ക്കനുകൂലങ്ങളായ വിഷയങ്ങളുടെ നേരെ നമുക്ക് ഇഷ്ടം തോന്നും; പ്രതികൂലങ്ങളായവയ്ക്കുനേരെ അനിഷ്ടവും. ഇഷ്ടപ്രകടനമായാലും അനിഷ്ടപ്രകടനമായാലും രണ്ടും മനസ്സിന്റെ ശാന്തിയെ കെടുത്തുമല്ലോ. അതിനാല്‍, സമചിത്തത കൈവരണമെങ്കില്‍ ഉള്ളില്‍ നിന്ന് വാസനകളെ മുഴുവന്‍ നീക്കം ചെയ്യാന്‍ പ്രയത്നിക്കണം. സ്വാര്ത്ഥോദ്ദേശ്യമില്ലാതെ ആത്മാര്പ്പണഭാവത്തോടെ സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക. ഭഗവദ്ഭക്തി വളര്‍ത്തുക, ആദ്ധ്യാത്മിക ശാസ്ത്രഗ്രന്ഥങ്ങള്‍ വായിച്ച് വിചാരം ചെയ്യുക, പരമാത്മധ്യാനം ശീലിക്കുക എന്നീ സാധനകളിലൂടെ വാസനകളെ ശോഷിപ്പിക്കാം.
വ്യാഖ്യാനം : സ്വാമി ചിന്മയാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: