കേരളം ഒരു മാതൃകാസംസ്ഥാനമായി ഇന്ന് കരുതപ്പെടുന്നത് ഇവിടുത്തെ സമ്പൂര്‍ണ സാക്ഷരത, സ്ത്രീസാക്ഷരത, ആയുര്‍ദൈര്‍ഘ്യം, സ്ത്രീ-പുരുഷാനുപാതം മുതലായവ കാരണമാണെങ്കില്‍ അടുത്ത ദശാബ്ദത്തില്‍ കേരളം അറിയപ്പെടാന്‍ പോകുന്നത് അവയവദാനത്തിന്റെയും അവയവദാന സാക്ഷരതയുടെയും പേരിലായിരിക്കും.
ഈ അവയവദാന യജ്ഞത്തിനും അവയവദാന സാക്ഷരതക്കും തുടക്കംകുറിച്ചത് വിഗാര്‍ഡ്, വണ്ടര്‍ലാ മുതലായ സ്ഥാപനങ്ങളുടെ സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ്. അദ്ദേഹമാണല്ലോ ഒരു പാവപ്പെട്ട ട്രക്ക്ഡ്രൈവര്ക്കുവേണ്ടി, തന്റെ വൃക്ക ദാനംചെയ്തത്. ഇപ്പോള്‍ “ഒരാള്‍ ഒരാള്‍ക്ക് വൃക്ക’ എന്ന ശൃംഖലയുടെ സ്ഥാപകനുമായിരിക്കുകയാണ് അദ്ദേഹം.
ഞാന്‍ കോട്ടയത്ത് പത്രപ്രവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്ന ഒരു മേഖല അവയവദാനം- പ്രത്യേകിച്ച് നേത്രദാനമായിരുന്നു. അന്ന് ഒരാള്‍ മരിക്കുന്നതിന് മുമ്പ് തന്റെ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്ന അവബോധമുണ്ടാക്കാന്‍ ശ്രമിച്ചിരുന്ന കാലമായിരുന്നു. പക്ഷെ ഞാന്‍ അഭിമുഖം എടുത്ത പലരും അന്ന് പറഞ്ഞിരുന്നത് കണ്ണ് ദാനം ചെയ്താല്‍ അടുത്ത ജന്മം അന്ധനായി ജനിക്കുമെന്നായിരുന്നു. സമ്പൂര്‍ണ സാക്ഷരത നേടിയ കേരളം സമ്പൂര്‍ണ അന്ധവിശ്വാസത്തിന്റെ തടവറയിലാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. അന്ന് കേരളത്തിലേക്ക് കണ്ണുകള്‍ എത്തിയിരുന്നത് ശ്രീലങ്കയില്നിന്നായിരുന്നു. തൃപ്പൂണിത്തുറയിലെ ‘അഭയ’യും ഈ രംഗത്ത് സജീവമായിരുന്നു.
അന്നും മസ്തിഷ്ക്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെയും മഹത്വത്തെയുംകുറിച്ചും ഞാന്‍ ലേഖനമെഴുതിയിരുന്നു. റോഡപകടങ്ങളില്‍ ദിനേന 12 മസ്തിഷ്കമരണങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും അവയവദാനം എന്ന ആശയം പോലും ആരിലും ഉദയംകൊണ്ടില്ല. ഒരാള്‍ തന്റെ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് വില്‍പ്പത്രം എഴുതിവെച്ച് മരിച്ചാലും ബന്ധുക്കള്‍ അവയവങ്ങള്‍ എടുക്കാന്‍ സമ്മതിക്കാറില്ല. അതിന് കാരണം മൃതശരീരം വികൃതമാകുമെന്ന ധാരണയാണ്. കണ്ണ് മാറ്റിയാല്‍ മുഖം വികൃതമാകുകയില്ല എന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്കിയാല് പോലും കണ്ണുകള്‍ എടുക്കാന്‍ അനന്തരാവകാശികള്‍ സമ്മതിക്കാതിരുന്ന നിരവധി സംഭവങ്ങള്‍ എനിക്കറിയാം.
അടിസ്ഥാനപരമായി മലയാളിക്ക് മനുഷ്യത്വവും സഹജീവിസ്നേഹവും പരിസ്ഥിതിസ്നേഹവും മറ്റും അന്യമാണ്. റോഡപകടത്തില്‍പ്പെട്ട് ചോര വാര്‍ന്നുകിടക്കുന്ന ആളെപോലും ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനസഞ്ചാരിയോ, ആംബുലന്‍സ് നമ്പര്‍ വിളിക്കാന്‍ മരണത്തോട് മല്ലടിക്കുന്നവനെ കാണുന്ന ദൃക്സാക്ഷികളോ മുതിരാറില്ല. സ്വന്തം കാര്യം സിന്ദാബാദ്!
ഇതിന് ഒരു അപവാദമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഉപരോധം അവഗണിച്ച് നോക്കുകൂലിക്കാര്‍ക്കെതിരെ സമരംചെയ്ത് തന്റെ സ്ഥാപനത്തിലേക്ക് വന്ന സാധനങ്ങള്‍ ഇറക്കുന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്ട്യം ജനങ്ങള്‍ അറിഞ്ഞു. അതിന് ശേഷമാണ് അദ്ദേഹം ഒരു ട്രക്ക്ഡ്രൈവര്ക്ക് സ്വന്തം വൃക്ക പകുത്തുനല്‍കിയത്. പത്രക്കാര്‍ക്ക് ഒരുകാലത്ത് വൃക്കതട്ടിപ്പ് വിഷയം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. എണ്‍പതുകളില്‍ സ്വന്തം വൃക്ക വിറ്റ് മക്കള്‍ക്ക് ഗള്‍ഫിലേക്ക് പോകാന്‍ പണം കണ്ടെത്തുന്ന പിതാക്കളെപ്പറ്റിയും കുട്ടികളെ തട്ടിക്കൊണ്ടുപോയി വൃക്ക തട്ടിയെടുക്കുന്ന സംഭവങ്ങളെപ്പറ്റിയും ആശുപത്രിയില്‍ മറ്റേതോ ഓപ്പറേഷന് വേണ്ടി അഡ്മിറ്റഡായി വൃക്ക നഷ്ടപ്പെട്ടവരുടെ കഥകളും മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അന്നുമുതല്‍ വൃക്ക ഒരു കച്ചവടച്ചരക്കായിരുന്നു. ‘മലയാള മനോരമ’ ലേഖകനായിരുന്ന കുര്യന് പാമ്പാടിയുടെ ‘വൃക്കതട്ടിപ്പ്’ പരമ്പര അക്കാലത്ത് അവാര്‍ഡിനര്‍ഹമായത് എനിക്കോര്‍മ്മയുണ്ട്.
ഇന്ന് മാധ്യമങ്ങളില്‍ ചികിത്സാസഹായം തേടുന്ന വൃക്കരോഗികളെപ്പറ്റിയും കരള്രോഗബാധിതരെപ്പറ്റിയുമെല്ലാം വാര്‍ത്തകള്‍ വ്യാപകമായി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഏതെങ്കിലും സുമനസുകള്‍ ആയിരമോ പതിനായിരമോ നല്കുന്നതല്ലാതെ സ്വന്തം വൃക്ക നല്കാന് സന്നദ്ധത പ്രകടിപ്പിച്ച് ആരും മുമ്പോട്ട് വരാറില്ല. എന്റെ അറിവില്‍ അങ്ങനെ ചെയ്ത ആദ്യ വ്യക്തി കൊച്ചൗസേപ്പ് ആയിരിക്കും.
സ്വാതി എന്ന പെണ്‍കുട്ടി കരള്‍രോഗബാധിതയായി മരണത്തെ അഭിമുഖീകരിക്കുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ ദിവസങ്ങളോളം ഇടംപിടിക്കുകയുണ്ടായല്ലോ. സ്വന്തം മാതാവിന്റെ കരള്‍ യോജിക്കാത്തതിനാല്‍ ചെറിയമ്മയായ റെയ്നി തന്റെ കരള്‍ ദാനംചെയ്യാനായി മുന്നോട്ട് വന്നതും അതിന് നേരിടേണ്ടിവന്ന സാങ്കേതികതടസങ്ങളും ഒടുവില്‍ റെയ്നിയുടെ കരള്‍ സ്വീകരിച്ച് സ്വാതിയുടെ ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായതുമെല്ലാം ഒരു ഐതിഹാസിക വിവരണമായി മാധ്യമങ്ങളില്‍ നിറഞ്ഞു. കരള്‍ മറ്റീവ്ക്കല്‍ ശസ്ത്രക്രിയ ഏറെ പണച്ചെലവുള്ളതാണ്. അതിനുവേണ്ടി സ്വാതിയുടെ പഞ്ചായത്തായ എടക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാര്‍ ലക്ഷങ്ങള്‍ പിരിച്ച സംഭവവും ചരിത്രത്തിലിടം നേടി. ഒരാളുടെ ചികിത്സാര്‍ത്ഥം പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി ഗ്രാമവാസികളെ സമീപിച്ചപ്പോള്‍ ഉദാരമായി സംഭാവന ചെയ്യാന്‍ അനേകര്‍ തയ്യാറായി. ജയകുമാര്‍ ഒറ്റ ദിവസംകൊണ്ട് 40 ലക്ഷം രൂപയാണ് ഓപ്പറേഷനായി പിരിച്ചെടുത്ത് നല്‍കിയത്. ഒടുവില്‍ സ്വാതിയുടെ ഓപ്പറേഷന് നടന്നതും അവള് കണ്ണുതുറന്നതും ജീവിതത്തിലേക്ക് തിരിച്ചുവന്നതും പ്രാധാന്യത്തോടെ നല്കി കേരളത്തിലെ ദൃശ്യ-പത്രമാധ്യമങ്ങള്‍ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയുണ്ടായി. ജീവിതത്തിലേക്ക് തിരിച്ചുവന്ന സ്വാതി ആശുപത്രിയുടെ പടിയിറങ്ങുന്നതുവരെ ജനങ്ങള്‍ വാര്‍ത്തകള്‍ക്ക് കണ്ണും കാതും നല്കി.
എടക്കാട്ടുവയല്‍ പഞ്ചായത്തിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെയും കഥ പിന്നെയും തുടര്‍ന്നു. കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ സംഭവമായിരിക്കും ഒരു ഗ്രാമപഞ്ചായത്ത് അവയവദാനത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയത്. സ്വാതിയുടെ വാര്‍ത്ത കണ്ട കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാകട്ടെ കരള്‍ പകുത്തുനല്‍കിയ സ്വാതിയുടെ ചെറിയമ്മ റെയ്നിക്ക് അഞ്ച് ലക്ഷം രൂപ കൈമാറി. ദരിദ്രപശ്ചാത്തലത്തില്‍നിന്ന് വരുന്ന സ്വാതിയുടെ കുടുംബത്തിന് ചികിത്സക്കായി മാത്രമല്ല ഈ അഞ്ച് ലക്ഷം. മറിച്ച് റെയ്നി കാണിച്ച മഹാമനസ്ക്കതക്കും ധൈര്യത്തിനുമുള്ള അംഗീകാരം കൂടിയാണ്.
ഇന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഒരു റോള്‍ മോഡല്‍ മാത്രമല്ല, ഒരു സന്ദേശംകൂടിയാണ്, സന്ദേശത്തിന്റെ ആള്‍രൂപം. എങ്ങനെ സഹജീവികളെ സഹായിക്കാം എന്ന സന്ദേശം, എങ്ങനെ ഒരു സല്പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കാം എന്ന സന്ദേശം. ഇന്ന് അദ്ദേഹം ‘ഒരാള്‍ക്ക് ഒരു വൃക്ക’ എന്ന വൃക്കദാന ശൃംഖലക്ക് രൂപംനല്കി വൃക്കദാനത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഷാമിന് എന്ന കുട്ടിയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് അദ്ദേഹം രണ്ടുലക്ഷം രൂപ നല്‍കിയിരുന്നു. മസ്തിഷ്ക്കമരണം സംഭവിച്ചവരുടെ അവയവദാനാവശ്യത്തിന്റെ പ്രസക്തിയും അദ്ദേഹം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ പണ്ടുമുതല്‍ മസ്തിഷ്ക്കമരണം സംഭവിച്ചവരുടെ അവയവദാന പ്രക്രിയ നിയമത്തിന്റെ നൂലാമാലകളിലാണ്. ഇത് യഥേഷ്ടം അനുവദിച്ചാല്‍ ചൂഷണസാധ്യതയുണ്ടെന്ന് കണ്ട് ഇതിനായി ഒരു സമിതിയെ ചുമതലപ്പെടുത്തുക എന്ന ആവശ്യം ഉയര്‍ന്നിരുന്നു. സ്വകാര്യ ആശുപത്രികളിലെ അട്ടിമറി സാധ്യത കണക്കിലെടുത്താണ് വിദഗ്ധരുടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അവരുടെ ശുപാര്‍ശ അനുസരിച്ച് മാത്രം അവയവമാറ്റം അനുവദിക്കുന്നത്. എന്നാല്‍ സങ്കീര്‍ണമായ ഈ പ്രക്രിയക്ക് ആരും തുനിയാറില്ല.
ഇവിടെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പ്രകീര്‍ത്തിക്കുകയല്ല. സമ്പന്നനായ ഒരു മനുഷ്യന് തന്റെ സമ്പാദ്യം മനുഷ്യോപകാരപ്രദമാക്കാന്‍ എങ്ങനെ സാധിക്കുമെന്ന് വരച്ചുകാട്ടുകയാണ്. വയനാട്ടിലെ ഡയാലിസിസ് സെന്ററിന് വേണ്ടി ചിറ്റിലപ്പിള്ളി ധനസഹായം ചെയ്യുന്നുണ്ട്. സുരേഷ് എന്ന ലോട്ടറി ഉടമ അയ്യപ്പന് എന്നയാള്‍ക്ക് ലോട്ടറി ടിക്കറ്റ് വിറ്റു. പണം നല്കാന് കഴിയാതെ അയ്യപ്പന് ടിക്കറ്റ് സുരേഷിനെ ഏല്‍പ്പിച്ചു. എന്നാല്‍ ആ ടിക്കറ്റിന് കോടി സമ്മാനമടിച്ചപ്പോള് അത് അയ്യപ്പനെ വിളിച്ചറിയിച്ച് ടിക്കറ്റ് നല്കിയ സുരേഷിന്റെ സത്യസന്ധതയെ ആദരിച്ച് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം രൂപ നല്കിയതും വാര്‍ത്തായി.
വയനാട്ടിലെ ഡയാലിസിസ് സെന്റര്‍ നടത്തിപ്പിനും ഗുരുവായൂരിലെ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിനും ചിറ്റിലപ്പിള്ളി ധനസഹായം നല്‍കുന്നുണ്ട്. ഏകദേശം 2000 കുട്ടികള്‍ക്ക് അദ്ദേഹം പഠനസഹായം നല്കുന്നു. തൃശൂരില്‍ ചിറ്റിലപ്പിള്ളി നടത്തുന്ന ശാന്തി മന്ദിരത്തില്‍ 50 വയസ് കഴിഞ്ഞ പാവപ്പെട്ട സ്ത്രീകള്‍ക്ക് അഭയം നല്‍കുന്നുണ്ട്. ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിനായി സ്കൂള്‍ബസ്സും റോട്ടറിക്ലബ് ആലുവയില്‍ നടത്തുന്ന വൃദ്ധസദനത്തിന് 10 ലക്ഷം രൂപയും അദ്ദേഹം കൈമാറിയിട്ടുണ്ട്.
കേരളം ഇന്ന് കോടിപതികള്‍ക്ക് ക്ഷാമമില്ലാത്ത നാടാണ്. പക്ഷെ ജനങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഒരു നടപടിയും ഒരു ധനാഢ്യനും എടുക്കുന്നതായി കാണുന്നില്ല. മറിച്ച് ധനാപഹരണത്തിനായി, അധികാരത്തിനായി കൊലപാതകത്തിന് വരെ തയ്യാറാകുന്നവര്‍ ഇന്ന് കേരളത്തില്‍ ധാരാളമാണ്. ഡോക്ടമാര്‍ പോലും സേവനരംഗത്ത് സാന്നിധ്യമറിയിക്കുന്നില്ല. സേവനം മുഖമുദ്രയാക്കിയ ആശുപത്രികള്‍ പോലും ദരിദ്രരായ രോഗികളില്‍നിന്ന് എംആര്ഫീ വാങ്ങിയാണ് മരുന്ന് നല്‍കുന്നത്. ദാരിദ്ര്യം ചൂഷണവസ്തുവാകാം എന്ന് തെളിയിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടി മരുന്ന് പരീക്ഷണം നടത്തി രോഗികളെ പരലോകത്തേക്ക് യാത്രയാക്കുകയും ചെയ്യുന്നു.
കേരളം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ തലസ്ഥാനമാണെന്ന വസ്തുതതന്നെ അടിവരയിടുന്നത് ഇവിടുത്തെ ജനങ്ങളുടെ അധാര്‍മ്മികതയും സ്വാര്‍ത്ഥതയും ചൂഷണത്വരയും എല്ലാമാണ്. ഏറ്റവുമധികം ഗാര്‍ഹികപീഡനം മാത്രമല്ല, ഏറ്റവുമധികം വൃദ്ധജനങ്ങള്‍ തെരുവിലേക്കെറിയപ്പെടുന്നതും കേരളത്തിലായിരിക്കും. ഇരുളടഞ്ഞ ഈ സാമൂഹികാന്തരീക്ഷത്തില്‍ സാമൂഹിക-ആതുരസേവന പ്രതിബദ്ധത പുലര്‍ത്തുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ധാര്‍മ്മികത ഒരു രജതരേഖതന്നെയാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: