പെരുമ്പാവൂര്‍: ഓണത്തിരക്കേറിയതോടെ പെരുമ്പാവൂര്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവിന്റെയും മറ്റ് നിരോധിത ലഹരിപദാര്‍ത്ഥങ്ങളുടെയും വില്‍പ്പന പൊടിപൊടിക്കുന്നു. വിവിധ ലഹരി വില്‍പ്പന കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ളവരും ശിക്ഷ അനുഭവിച്ചിട്ടുള്ളവരും പെരുമ്പാവൂരില്‍ ധാരാളമുണ്ട്. ഇവരാണ് തിരക്കിന്റെ മറപിടിച്ച് അധികൃതരുടെ കണ്ണ് വെട്ടിച്ച് വില്‍പ്പന സജീവമാക്കുന്നത്. പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ഇത്തരം ലഹരിവസ്തുക്കള്‍ അമിതമായി ഉപയോഗിച്ചുവരുന്നത്. ഇത്തരം തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവിന്റെ വില്‍പ്പന പൊടിപൊടിക്കുന്നതും. പാന്‍മസാലകള്‍ അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം നിലനില്‍ക്കുമ്പോഴാണ് അധികൃതരെ നോക്കുകുത്തികളാക്കി പഴയ താപ്പാനകള്‍ കഞ്ചാവ് പൊതികള്‍ കൈമാറുന്നത്.
ഇത്തരം വില്‍പ്പനക്കായി സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ഇവര്‍ കരുവാക്കുന്നുണ്ടെന്നാണ് പറയുന്നത്. വിദ്യാര്‍ത്ഥികളല്ലാത്ത കുട്ടികളെ സ്കൂള്‍ യൂണിഫോം പോലുള്ള ഷര്‍ട്ടും പാന്റ്സും ധരിപ്പിച്ചും കഞ്ചാവ് വിതരണത്തിന് ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. ഇത്തരം കച്ചവടങ്ങള്‍ ഒരിക്കലും അധികൃതരുടെ ശ്രദ്ധയില്‍പ്പെടാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളിലും സ്വകാര്യ ബസ്സ്റ്റാന്റ് പരിസരത്തും വച്ചാണ് ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നതെന്നും ഇതിനാലാണ് ഇവയൊന്നും അധികൃതരുടെ ശ്രദ്ധയിപ്പെട്ടാത്തതെന്നുമാണ് പൊതുജനസംസാരം.
കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ കാഞ്ഞിരക്കാട് ഭാഗത്ത് കാറില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പന നടത്തിയ കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരനായ കളപ്പുരയ്ക്കല്‍ അഷ്റഫ് എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒരുകിലോയിലധികം വരുന്ന ഉണങ്ങിയ കഞ്ചാവും അധികൃതര്‍ക്ക് ലഭിച്ചിരുന്നു. കഞ്ചാവ് ഇടത്തരം പൊതികളിലാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. വല്ലത്ത് വച്ച് നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടര്ന്ന് പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്നും ഉദ്യോഗസ്ഥര്‍ക്ക് കഞ്ചാവ് ലഭിച്ചിരുന്നു. അങ്കമാലി സ്വദേശി മാര്‍ട്ടിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ളതിനാലാണ് മറുനാട്ടില്‍നിന്നും കഞ്ചാവും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളുമായി ആളുകള്‍ പെരുമ്പാവൂരിലേക്ക് വരുന്നത്. പെരുമ്പാവൂരില്‍ റെയ്ഡ് ശക്തമാക്കണമെന്ന് എക്സൈസ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ യാദൃച്ഛികമായി ചിലരെ പിടിക്കുന്നതല്ലാതെ അനധികൃത ലഹരി വില്‍പ്പന തടയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. ഓണത്തിരക്കേറിയതോടെ പെരുമ്പാവൂര്‍ പട്ടണത്തിലേക്കെത്തുന്ന ഇവര്‍ പലതരം മോഷണം, പിടിച്ചുപറി കേസുകളില്‍പ്പെട്ടവരാണെന്നും ഇത്തരം അനധികൃത ലഹരിവില്‍പ്പന തടയുവാന്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: