ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫ് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതാതിരുന്നതിനെത്തുടര്ന്ന് ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, അഴിമതിക്കേസില്‍ പുനരന്വേഷണം നടത്തുന്നതിന് ഉത്തരവിറക്കാന്‍ മൂന്ന് ദിവസത്തെക്കൂടി സമയം പര്‍വേസിന് കോടതി അനുവദിച്ചു.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ മറ്റ് മന്ത്രിമാര്‍ക്കൊപ്പമാണ് അഷ്റഫ് കോടതിയിലെത്തിത്. ജസ്റ്റിസ് ആസിഫ് സയിദ് ഖാന് ഖോസയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ സ്വിസ് അധികൃതര്‍ക്ക് കത്തെഴുതാന്‍ തനിക്ക് സാവകാശം നല്‍കണമെന്ന് അഷ്റഫ് കോടതിയില്‍ ആവശ്യപ്പെട്ടു. നാലു മുതല്‍ ആറ് വരെയുള്ള ആഴ്ച്ച സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിമയപരവും ഭരണഘടനാപരവുമായ പ്രശ്നങ്ങള്‍ കേസിലുണ്ടെന്നും അഷ്റഫ് പറഞ്ഞു. ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഖമര്‍ സമാന് കരീന എന്നിവരും അഷ്റഫിനൊപ്പം കോടതിയില്‍ എത്തിയിരുന്നു.
തനിക്കെതിരായുള്ള കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കണമെന്നും അഷ്റഫ് കോടതിയോട് ആവശ്യപ്പെട്ടു. ഭരണഘടനാ നിയമവിദ്ഗധരെ സമീപിക്കുന്നതിന് ആവശ്യമായ സമയം വേണമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ എട്ടിനാണ് കോടതിയില്‍ ഹാജരാകാന്‍ അഷ്റഫിന് നോട്ടീസ് അയച്ചത്. കോടതി നിര്‍ദ്ദേശം പാലിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് കോടതി നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 25 ന് ചേര്‍ന്ന കോടതി നടപടിയിലാണ് കേസ് പുനരുജ്ജീവിപ്പിക്കുന്നതിന് ഈ മാസം എട്ട് വരെ സമയം അനുവദിച്ചിരുന്നത്. സെപ്തംബര്‍ 14 വരെ വിദേശപര്യടനത്തിലാണെന്നു അഷ്റഫ് അറിയിച്ചതിനെത്തുടര്‍ന്ന് കേസ് 18 ലേക്ക് മാറ്റിവെച്ചു.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ അഴിമതിക്കേസ് പുനരുജ്ജീവിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കാത്തതിനെത്തുടര്‍ന്നാണ് മുന്‍പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെ കോടതിയലക്ഷ്യക്കേസില്‍ അയോഗ്യനാക്കിയത്. ഗിലാനിയുടെ വിധി അഷ്റഫിനും ഉണ്ടാകുമെന്നാണ് നിയമവിദഗ്ധരുടെ നിഗമനം. കോടതിയില്‍ ഹാജരാകണമെന്ന കോടതി നിര്‍ദ്ദേശം തള്ളിക്കളയുവാനായിരന്നു പീപ്പിള്‍സ് പാര്‍ട്ടിയുടെ തീരുമാനം. ഞായറാഴ്ച്ച രാത്രി പാര്‍ട്ടി യോഗത്തിനുശേഷമാണ് കോടതിയില്‍ ഹാജരാകുവാന്‍ അന്തിമതീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: