ഇസ്ലാമാബാദ്: 2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകനെ അനുവദിക്കണമെന്നു കാട്ടി പാക് അധികൃതര്‍ രണ്ട് കത്ത് ഇന്ത്യക്കയച്ചു. കേസില്‍ വധശിക്ഷ നേരിട്ട് ഇന്ത്യയില്‍ കഴിയുന്ന അജ്മല്‍ കസബ്, അന്വേഷണ ഉദ്യോഗസ്ഥരായ രമേഷ് മഹേലെ, ഗണേഷ് ദുന്രാജ്, ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യുന്നതിന് അനുമതി നല്‍കണമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴിയാണ് കഴിഞ്ഞമാസം 20 ന് ഇന്ത്യക്ക് കത്തയച്ചത്. പാക് ഫെഡറല്‍ അന്വേഷണ ഏജന്‍സിയാണ് ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യക്ക് കത്തയച്ചത്.
പാക് അന്വേഷണ കമ്മീഷന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ശേഖരിച്ച തെളിവുകള്‍ക്ക് നിയമസാധുതയില്ലെന്ന് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജൂലൈ 17 ന് പാക് അധികൃതര്‍ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു. ഇന്ത്യയിലെത്തിയ പാക് അന്വേഷണ സംഘത്തെ സാക്ഷിവിസ്താരം നടത്താന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്നാണ് സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതി തള്ളിയത്.
ഈ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണമറിയുവാന്‍ കാത്തിരിക്കുകയാണ് പാക്കിസ്ഥനെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പാക് അധികൃതരെ അനുവദിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെ ഇന്ത്യ നല്കിയ തെളിവുകള്‍ അസ്വീകാര്യമാണെന്ന് പാക്കിസ്ഥാന് അറിയിച്ചതിനാലാണിത്. കസബിന്റെ മൊഴിയുടെ സിഡിയും സിസിടിവി ക്യാമറയുടെ ദൃശ്യങ്ങളുമടങ്ങുന്ന 780 ഓളം രേഖകളാണ് നേരത്തെ ഇന്ത്യ പാക്കിസ്ഥാന് നല്‍കിയിരുന്നത്. പാക് അധികൃതരെ വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുവാന്‍ അനുമതി നല്‍കാത്ത സ്ഥിതിവിശേഷമുണ്ടായാല്‍ ഈ രേഖകള്‍ വീണ്ടും നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ പാക്കിസ്ഥാന് നല്കുവാനാണ് ആലോചിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പിടിയിലായ ലഷ്ക്കറെ തൊയ്ബ ഭീകരന് സഖീര്‍ റഹ്മാന് ലക്ഷ്മി ഉള്‍പ്പെടെ ഏഴുപേരുടെ വിചാരണ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. ഇന്ത്യയില്‍നിന്നും ലഭിച്ച തെളിവുകള്‍ വെച്ചുകൊണ്ട് ഇവരെ ശിക്ഷിക്കാനാവില്ലെന്ന് എഫ്ഐഎ പ്രത്യേക അഭിഭാഷകന് ചൗദരി സുള്‍ഫിക്കര്‍ അലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: