ജന്മജന്മാന്തരങ്ങള്‍
പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാഹേ ബഹുദുസ്താരേ
കൃപയാളപാരേ പാഹി മുരാരേ.
കാലചക്രത്തിന്റെ ഭ്രണത്തില്പ്പെട്ട് ജീവന് ജനിച്ചും രിച്ചും സംസാരത്തില്‍ ഭ്രമിച്ചുകൊണ്ടിരിക്കെയാണ്, വിവേകശൂന്യമായ സങ്കല്പങ്ങള്മൂലം ഉള്ളില്‍ ആഗ്രഹങ്ങള്‍ ഉദിച്ചുകൊണ്ടിരിക്കും; അവ നിറവേറ്റാന്‍ പറ്റിയ ‘അനുഭവമണ്ഡല’ങ്ങളിലേക്ക് അവ ജീവനെ നയിച്ചുകൊണ്ടിരിക്കും. ഉള്ളിലെ ആഗ്രഹങ്ങള്‍ നിറവേങ്ങാന്, അതായത് വാസനകള്‍ തീര്‍ക്കാനാണ് ജീവന് പുതിയ ജന്മമെടുക്കുന്നതെങ്കിലും, അജ്ഞത കാരണം, ജീവിതോദ്ദേശ്യവും ശരിയായ ജീവിതക്രമവും എന്തെന്നറിയാതെ മൂഢന്മാരായി ജീവിക്കയാല്‍, ഉള്ളവ തീര്‍ക്കുന്നതിന് പകരം പുതിയവ ആര്‍ജിക്കുന്നു. വിഷയങ്ങളില്‍ കൊതിപൂണ്ട മനസ് അവയില്‍ ഇല്ലാത്ത സൗന്ദര്യം കണ്ട് ഭ്രമിക്കുകയും അവയാല്‍ ആകൃഷ്ടരായി ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. മായയുടെ മോഹനശക്തി വിചിത്രം തന്നെ.
സമഷ്ടി വാസനയുടെ വികസനമാണ് ജഗത്ത്. അതിലേക്ക് സ്വന്തം വാസനയുമായി ഓരോ ജീവനും കടന്നുവരുന്നു. വ്യഷ്ടിവാസനയും സമഷ്ടിവാസനയും തമ്മിലുള്ള കെട്ടിമറിച്ചില്തന്നെ സംസാരം. സഹ-വാസനയ്ക്കനുയോജ്യമായി ജീവിക്കുക; അഹന്താമമതകള്‍ വെടിഞ്ഞ് ആത്മാര്പ്പണഭാവത്തോടെ നിഷ്കാമകര്‍മം ചെയ്തുകൊണ്ട് പുതിയ വാസനകള്‍ ജനിക്കാന്‍ ഇടയാകാതെ, പഴയ വാസനകള്‍ നിശേഷം തീര്‍ക്കുക. ഇതത്രേ ശരിയായ ജീവിതക്രമം.
ഈ ജീവിതക്രമത്തിന്റെ ഫലമായി സഹജവാസനകള്‍ ക്ഷയിക്കുമ്പോള്‍, ചിത്തവൃത്തികള്‍ അടങ്ങുകയും, അങ്ങനെ സൂക്ഷ്മശരീരം (മനോബുദ്ധികള്‍) നശിക്കുകയും ചെയ്യും. സാധകന് മനോബുദ്ധികള്ക്കതീതനായിത്തീരുന്നുവെന്നര്ത്ഥം. അപ്പോള്‍ ആത്മാനുഭൂതിയുണ്ടാകുന്നു.
ഈ പരമാവസ്ഥയിലെത്തിയ യോഗിയില്‍ വാസനകള്‍ ഇനി ബാക്കിയുണ്ടാവില്ല. അതുകൊണ്ട് സങ്കല്പങ്ങളോ ആഗ്രഹങ്ങളോ ഉള്ളില്‍ ഉദിക്കുകയുമില്ല. ആ നിലയ്ക്ക് പുതിയൊരു അനുഭവമണ്ഡലത്തില്‍ ചെന്ന് ദേഹമെടുക്കാന്‍ സൂക്ഷ്മശരീരമെവിടെ? പുനര്ജന്മത്തിന് കാരണമൊന്നും അവശേഷിക്കുന്നില്ലെന്നര്ത്ഥം.
ജനനം വേദനാജനകമാണ്; മരണം അതിലേറെയും. ഗര്‍ഭാശയത്തിലെ വാസമാണെങ്കില്‍ അഹോ! നരകം തന്നെ. അമ്മയുടെ ശാരീരിക ചലനങ്ങളും മാനസിക വിഷമങ്ങളും മൂലമുണ്ടാകുന്ന പീഢയേറ്റുകൊണ്ടുള്ള ആ കിടപ്പുണ്ടല്ലോ, ദയനീയം തന്നെ. പക്ഷേ, ഇപ്പോള്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും? സ്വയം രക്ഷപ്പെടാനാവാത്ത നിലയിലാണ് നാമിന്ന്.
പരമോന്നതപദവിയില്‍ സംസാരത്തിലേക്കുള്ള വീഴ്ചയുടെ ശക്തികാരണം നമുക്ക് സ്വയം തടുക്കാന്‍ പറ്റാത്ത മട്ടാണ്. ആത്മാവായ എന്നില്‍നിന്ന് ജനിച്ച് അഹങ്കാരമാകുന്ന ഘോരരാക്ഷസന്‍ കരുത്തനായി എന്നെ നിര്‍ദ്ദയം കീഴടക്കി ഭരിക്കുകയാണ്. എന്റെ ഹൃദയം അവന് അന്യായമായി കൈയടക്കി അനുഭവിച്ചുകൊണ്ടിരിക്കുന്നു. അവന്റെ മുമ്പിലല് ഞാന്‍ വെറുമൊരടിമ. ഭയങ്കരനായ ഈ സേച്ഛാധികാരിയിയുടെ (അഹങ്കാരത്തിന്റെ) തടങ്ങലില്‍ നിന്നുള്ള മോചനമാണ് നാം കാംക്ഷിക്കുന്നത്. ഇതിന് ഭഗവത്പ്രാര്ത്ഥനമാത്രമേ പോംവഴിയുള്ളൂ. എന്നാല്‍ ഇന്നോളമുള്ള എന്റെ ചെയ്തികളെക്കുറിച്ചോര്ക്കുമ്പോള്, ഈശ്വരനെ മറന്ന് വിഷയലോലുപനായി ജീവിച്ചുപോന്ന എനിക്ക് ഇപ്പോള്‍ അവിടുത്തെ സഹായം തേടാനെന്തവകാശം?
ആത്മാര്‍ത്ഥമായി ഈശ്വരനെ ശരണം പ്രാപിച്ച് അവിടുത്തെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക – ഈശ്വരസാന്നിധ്യം അനുഭവിക്കുക – അതാണ് ദിവ്യവാസനകള് വളര്‍ത്താനും ഈശ്വരീയ ശക്തി ഉദ്ദീപിപ്പിക്കുവാനുമുള്ള ഉപായം. അപ്പോള്‍ ഈശ്വരാനുഗ്രഹരൂപത്തില് ഉല്പന്നമാകുന്ന ആത്മബലംകൊണ്ടുവേണം ഉള്ളില്‍ കളിക്കുന്ന അഹങ്കാരരാക്ഷസനെയും അവന്റെ അനുയായികളായി സദാ കലശല്കൂട്ടിക്കൊണ്ടിരിക്കുന്ന അനര്‍ത്ഥകാരികളായ സ്വാര്ത്ഥകാമനകളേയും നശിപ്പിക്കാന്‍. ഇവയടങ്ങിയാല്, അഹങ്കാരവിക്രിയകള് നിലച്ചാല്‍, മുരളീധരന്റെ മധുരമോഹനഗീതം കേള്‍ക്കാം. നീലമേഘശ്യാമള വര്‍ണം കാണാം; അവിടുത്തെ തിരുമാറിടത്തിലണിഞ്ഞിരിക്കുന്ന വനമാലയുടെ സുഗന്ധം ആസ്വദിക്കാം. ഉണ്ണികൃഷ്ണന്റെ ഉള്ളംകൈയിലെ വെണ്ണ നുകരാം; പരമാത്മാവിന്റെ ആലിംഗനത്തിലമര്ന്ന് അക്ഷയാനന്ദമനുഭവിക്കാം.
വ്യാഖ്യാനം : സ്വാമി ചിന്മയാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: