കോണ്‍ഗ്രസ്സിന്റെ കല്‍ക്കരിപ്പാടത്തെ കളികള്‍ വീണ്ടും രാഷ്ട്രീയരംഗത്തെ കീഴ്മേല്‍മറിച്ചിരിക്കയാണ്. 2005 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 57 കല്‍ക്കരിപ്പാടങ്ങളില്‍ ഖാനന അനുമതി നല്കുകവഴി 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുന്നു എന്നതാണ് സി.എ.ജി. റിപ്പോര്‍ട്ട്. ടുജി സ്പെക്ട്രം ഇടപാടില്‍ 1.76 ലക്ഷം കോടി ഉറുപ്പികയുടെ നഷ്ടം ഖജനാവിലുണ്ടായിയെന്ന് മുന്‍പ് സി.എ.ജി. റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനേ തുടര്‍ന്നുണ്ടായ വിവാദത്തിലാണ് കേന്ദ്രമന്ത്രി രാജയുംമറ്റും ജയിലിലായത്. ടുജി സ്പെക്ട്രം ഇടപാട് സംബന്ധിച്ച് വിവാദമുയര്‍ന്നപ്പോള്‍ 17 മാസക്കാലം കുറ്റകരമായ മൗനം പാലിച്ചയാളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. പ്രസ്തുത കേസ് സുപ്രീം കോടതി മുമ്പാകെ എത്തിയപ്പോള്‍ കേന്ദ്ര�ഭരണകൂടം നല്കിയ ആദ്യ അഫിഡവിറ്റില്‍ സ്പെക്ട്രം ഒരു അഴിമതിയേയല്ലെന്ന് സത്യ പ്രസ്താവന നടത്തിയിരുന്നു. തന്മൂലം സി.എ.ജി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചു. പ്രസ്തുത ആരോപണത്തിലുള്‍പ്പെട്ട തുക സാങ്കല്പ്പികം മാത്രമാണെന്നും സര്‍ക്കാര്‍ നയമനുസരിച്ച് കേന്ദ്രമന്ത്രി രാജ പ്രവര്‍ത്തിച്ചത് അഴിമതിയല്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. ക്യാബിനറ്റ് തീരുമാനം നടപ്പാക്കുക മാത്രമാണ് മന്ത്രി രാജ ചെയ്തതെന്നും സര്‍ക്കാര്‍ മൊഴി നല്കി. കേന്ദ്രമന്ത്രി കബില്‍ സിബല്‍ ടു ജി സ്പെക്ട്രം ഇടപാട് രാജ്യത്തിന് നഷ്ടമേ ഉണ്ടാക്കിയിട്ടില്ലെന്ന് പരസ്യമായി വാദിക്കുകയാണുണ്ടായത്.
കേസ്സിന്റെ ഫയലുകള്‍ പരിശോധിക്കുകയും ഇരുഭാഗത്തേയും വാദങ്ങള്‍ കേള്‍ക്കുകയും ചെയ്ത പരമോന്നത നീതിപീഠം രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളയാണിതെന്ന് കണ്ടെത്തിയിരുന്നു. പ്രഥമദൃഷ്ട്യാ ഇക്കാര്യം ബോധ്യപ്പെട്ടതിനേ തുടര്‍ന്നാണ് സുപ്രീം കോടതി കേസ്സെടുക്കാന്‍ സി.ബി.ഐ.യോട് കല്‍പ്പിച്ചത്. ഇന്ത്യയിലെ പൊതുസമൂഹവും കോടതിയും പ്രതിപക്ഷവും പ്രസ്തുത രാഷ്ട്രീയ കൊള്ളക്കാര്ക്കെതിരേ സടകുടഞ്ഞെഴുന്നേറ്റപ്പോള്‍ കേന്ദ്രത്തിലെ യു.പി.എ. സംവിധാനം അവരുടെ �പ്ലേറ്റ്� മാറ്റുകയാണുണ്ടായത്. സ്പെക്ട്രം കൊള്ളയില്‍ കോണ്‍ഗ്രസ്സിന് പങ്കില്ലെന്നും രാജയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരുമാണ് ഉത്തരവാദികളെന്നും പരസ്യമായി കോണ്‍ഗ്രസ്സ് പറഞ്ഞിരുന്നു. അഴിമതിക്കെതിരേ തങ്ങള്‍ കര്‍ശന നടപടികളെടുക്കുന്നു എന്നു പറഞ്ഞ് വീമ്പിളക്കാനും മന്‍മോഹന്‍സിംഗും കൂട്ടരും മടിച്ചില്ല. യഥാര്‍ത്ഥത്തില്‍ ക്യാബനറ്റിന് കൂട്ടുത്തരവാദിത്വമാണ് ഉള്ളതെന്ന ഭരണഘടനയുടെ അടിസ്ഥാന കല്‍പ്പനപോലും കോണ്‍ഗ്രസ്സ് ഇവിടെ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും ജനങ്ങളെ വിഡ്ഢികളാക്കുകയുമാണുണ്ടായത്. എല്ലാം ഘടകകക്ഷിയുടെ തലയില്‍ കെട്ടിവെച്ച് ടുജി സ്പെക്ട്രം പ്രശ്നത്തില്‍ തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിച്ചത്. ഇപ്പോള്‍ ഖാനി വിവാദത്തിന്റെ കാണാക്കയങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ യു.പി.എ. എന്നാല്‍ കൊള്ളക്കാരുടെ കൂട്ടായ്മ എന്ന നിലയിലേക്കു കാര്യങ്ങള്‍ മുതലക്കൂപ്പു നടത്തിയിരിക്കയാണ്.
കല്‍ക്കരിപ്പാടത്തെ കളികള്‍വഴി രാജ്യത്തിനുണ്ടായ നഷ്ടം വളരെ വലുതാണ്. മത്സരാധിഷ്ഠിത ലേലം നടത്താതെ കല്‍ക്കരിപ്പാടങ്ങള്‍ ഖാനനം ചെയ്യാന്‍ ടാറ്റയ്ക്കും, റിലയന്‍സിനും, എസ്. ആറിനും, ജന്റാലിനുമൊക്കെ നല്കുകവഴി കൊടുംപാതകമാണ് മന്‍മോഹന്‍സിംഗ് �ഭരണകൂടം നാടിനോട് ചെയ്തത്. വന്‍കിട താപനിലയങ്ങള്‍ ആരംഭിക്കുന്നതിന് അനുമതി നേടിയവരാണ് ഈ കമ്പനികള്‍. കല്‍ക്കരി താപനിലയങ്ങളുപയോഗിക്കുന്നതിനും ഇവര്‍ക്ക് സര്ക്കാന് അനുമതി ലഭിച്ചിരുന്നു. 1.86 ലക്ഷം കോടി ഉറുപ്പിക സര്‍ക്കാരിന് നഷ്ടപ്പെടുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ ഈ വന്‍കിട കമ്പനികളാണ്. പ്രസ്തുത വന്‍കിടക്കാര്‍ സൗജന്യ ഇന്ധനമുപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള് ആയത് കൂടിയ വിലയ്ക്ക് സര്‍ക്കാരുകള്‍ തന്നെ വാങ്ങുകയും ചെയ്യേണ്ടതുണ്ട്. ഈ വിചിത്രമായ ജനവിരുദ്ധ കൊള്ളയടിക്കല്‍ സമീപനത്തിന് പ്രതിക്കൂട്ടിലടക്കപ്പെടേണ്ട ഇന്ത്യന്‍ �ഭരണകൂടവും യു.പി.എ. സംവിധാനവും ഈ കാലഘട്ടത്തിലെ ഏറ്റവും മോശപ്പെട്ട ജനദ്രോഹികളായി ചരിത്രനാള്‍വഴിയില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു.
ടുജി സ്പെക്ട്രം വിവാദത്തിന്റെ ആദ്യഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സ് മുന്നോട്ടുവെച്ച അതേ പ്രതിരോധവാദങ്ങളാണ് ഇപ്പോള്‍ കല്‍ക്കരിപ്പാടത്തെ കള്ളക്കളികള്‍ സംബന്ധിച്ചും ഉയര്‍ത്തുന്നത്. ഒരിക്കല്‍ സുപ്രീം കോടതി കാര്യകാരണസഹിതം തള്ളിക്കളഞ്ഞ ��കല്‍പ്പിത നഷ്ടം പൊതുനഷ്ടമല്ലെന്ന�� ബാലിശമായ വാദം ഇപ്പോഴും കോണ്‍ഗ്രസ്സിന് തുറുപ്പ് ശീട്ടാണ്. സ്പെക്ട്രത്തിന്റെ കാര്യത്തിലായാലും കല്‍ക്കരിയുടെ കാര്യത്തിലായാലും ഉദാരമായ നയം ബിജെപി ഭരണകാലത്ത് സ്വീകരിച്ചിരുന്നു. മൊബെയില്‍ ഫോണിന്റെയുംമറ്റും ലഭ്യതയും ചിലവും സാധാരണക്കാര്‍ക്ക് ഗുണകരമാകാന്‍വേണ്ടിയാണ് അത്തരത്തിലുള്ള നിലപാട് സ്വീകരിച്ചത്. ഒരു കാലത്ത് ഫോണ്‍ അത്യപൂര്‍വ്വം ആഡംബരവസ്തുവായിരുന്നെങ്കില്‍ ഇന്നത് കുറഞ്ഞ നിരക്കില്‍ എവിടെയും യഥേഷ്ടം ലഭ്യമായിട്ടുള്ളത് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച ഉദാരനയത്തിന്റെ ഫലമായിട്ടാണ്. നയം തെറ്റായതുകൊണ്ടല്ല കോണ്‍ഗ്രസ് ഇപ്പോള്‍ പ്രതികൂട്ടിലായിട്ടുള്ളത്. നയം തെറ്റാണെങ്കില്‍ അതു മാറ്റുകയല്ലേ വേണ്ടിയിരുന്നത്. ഇവിടെ പ്രശ്നം നയം ദുരുപയോഗം ചെയ്യുകയും അതുവഴി കൊള്ളനടത്തുകയും ചെയ്തു എന്നതാണ്. അധാര്‍മ്മികവും നിയമവിരുദ്ധവുമാണിത്.
കല്‍ക്കരിപ്പാടം മല്‍സരാധിഷ്ഠിതലേലം നടത്താതെ രാജ്യം കണ്ട ഏറ്റവും വലിയ പൊതു നഷ്ടം ഉണ്ടാക്കിയതിന്റെ പേരിലാണ് സിഎജി ഇന്ദ്രപ്രസ്ഥത്തിലെ �ഭരണകൂടത്തെ പഴിച്ചിട്ടുള്ളത്. 1998-2005 (വാജ്പേയ് �ഭരണകൂടഘട്ടം) വരെയുള്ള കല്‍ക്കരി ഇടപാടുകാര്യത്തിലോ ടുജി സ്പെക്ട്രം കാര്യത്തിലോ സര്‍ക്കാരിനെതിരെ യാതൊരുവിധ ആക്ഷേപവും ആരും ഉയര്‍ത്തിയിട്ടില്ല. സിഎജി റിപ്പോര്‍ട്ടിലും ദോഷകരമായി അക്കാലത്തേക്കുറിച്ച് പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ കല്‍ക്കരി ഇടപാട് നഷ്ട റിപ്പോര്‍ട്ടില്‍ 2005 മുതലുള്ള ഇടപാടുകള്‍ (യുപിഎ �ഭരണം) സുതാര്യമായില്ല എന്നാണ് സിഎജി സ്പഷ്ടമായി പറഞ്ഞിട്ടുള്ളത്. ഇതില്‍ മൂന്നു കൊല്ലക്കാലം പ്രധാനമന്ത്രി നേരിട്ട് ഈ വകുപ്പ് കൈകാര്യം ചെയ്യുകയായിരുന്നു. അതുകൊണ്ട് സുതാര്യത ഇല്ലായ്മയുടെ പേരിലാണ് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. ഇത് ഉന്നയിക്കാനും ജനകീയ കോടതിവിധിക്കുവിധേയമാക്കാനും പ്രധാന പ്രതിപക്ഷം പാര്‍ലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നതില്‍ എന്തു തെറ്റാണുള്ളത് ? ഖജനാവ് കൊള്ളയടിക്കുകവഴി യുപിഎയുടെ നാണംകെട്ടമുഖം ഒരിക്കല്‍കൂടി വെളിച്ചത്തായിരിക്കുന്നു. കല്‍ക്കരി ബ്ലോക്കുകളുടെ കളി നടക്കുമ്പോള്‍ പ്രധാനമന്ത്രിയായിരുന്നു ഖാനനവകുപ്പിന്റെ ചുമതലക്കാരന്. 2ജി സ്പെക്ട്രത്തിലേതുപോലെ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ കാര്യാലയത്തിനോ സൗകര്യപൂര്‍വ്വം ഒഴിഞ്ഞുമാറാവുന്ന ഒന്നല്ല ഇപ്പോഴത്തെ വിവാദം. കല്‍ക്കരി അഴിമതിക്ക് പുറമെ മെഗാ ഊര്‍ജ്ജപദ്ധതികള്‍ക്കും ദല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും അനുമതി നല്‍കിയതിലുണ്ടായ അഴിമതികളും സിഎജി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഈ മൂന്ന് അഴിമതികളിലായി 3 ലക്ഷം കോടിയില്‍പ്പരം കയുടെ പൊതുധനമാണ് കൊള്ളയടിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ രാജ്യത്തിന് താങ്ങാവുന്നതിനപ്പുറമുള്ള സംഖ്യയാണ് ഈ നാണക്കേടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഓഡിറ്റര്‍മാര്‍ പൊതു മുതല്‍ സൂക്ഷിപ്പുകാരായ കാവല്‍നായ്ക്കളാണെന്നും മറിച്ച് സര്‍ക്കാരിന്റെ സംരക്ഷകരല്ലെന്നുമുള്ള സത്യമാണ് വിനോദ് റായുടെ കീഴിലുള്ള സിഎജി തെളിയിച്ചുകൊണ്ടിരിക്കുന്നത്.
അഴിമതിയുടെ കൂരിരുട്ടില്‍ എല്ലാം വ്യര്‍ത്ഥമാകുമ്പോള്‍ പ്രത്യാശയുടെ പ്രകാശഗോപുരമായി സിഎജി ഇവിടെ മാറുന്നു എന്നത് ഗുണകരമാണ്. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്ത് നല്‍കണമെന്ന ശുപാര്‍ശ ബിജെപി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മുന്നോട്ടുവെയ്ക്കപ്പെട്ടിരുന്നതാണ്. ഷിബു സോറന് കേന്ദ്ര ഖാനനവകുപ്പുമന്ത്രിയായിരുന്ന അവസരത്തില്‍ ലേലം ചെയ്ത് നല്‍കാനുള്ള നിര്‍ദ്ദേശം പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളുടെ വേലിയേറ്റത്തില്‍ ഷിബു സോറന് ഒലിച്ചുപോകുകയായിരുന്നു. അദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ കീഴിലായിരുന്ന കല്‍ക്കരി ഖാനനവകുപ്പ് 2006 മുതല്‍ 2009 വരെ പ്രധാനമന്ത്രി കൈകാര്യം ചെയ്തതാണ്. പ്രസ്തുത വകുപ്പിലാണ് സുതാര്യമല്ലാതെ ഖാനനം അനുവദിക്കുകവഴി രാജ്യത്തിന് കനത്ത നഷ്ടവും വന്‍കിടക്കാര്‍ക്ക് വന്‍ നേട്ടവുമുണ്ടായത്.
ടെലികോം അഴിമതിയുടെപേരില്‍ വകുപ്പുമന്ത്രി ഉത്തരവാദിയാകുകയും ജയിലില്‍ കിടക്കേണ്ടിവരികയും ചെയ്തുവെങ്കില്‍ അതേ മാനദണ്ഡപ്രകാരം കല്‍ക്കരിഖനന വിവാദത്തില്‍ പ്രധാനമന്ത്രിയും കുറ്റക്കാരനല്ലേ ? ടെലികോം അഴിമതിയുടെ പശ്ചാത്തലത്തില്‍ 2010 ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഐസിസിഐ പ്ലീനറി സമ്മേളനമാണ് പ്രകൃതിവിഭവങ്ങളുടെ വിതരണം ലേലത്തിലൂടെ മാത്രം നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചത്. സര്‍ക്കാര്‍ വകുപ്പിന്റെ അലംഭാവംകൊണ്ടും വീഴ്ചകൊണ്ടും തെറ്റായ നിലപാടുകൊണ്ടും നാടിന് നഷ്ടമുണ്ടായാല്‍ ബന്ധപ്പെട്ട മന്ത്രി കുറ്റാരോപണത്തിന്റെ വേലിക്കെട്ടിലാവുക സ്വാഭാവികമാണ്. എസ്എന്‍സി ലാവ്ലിന് കേസ്സിന്റെപേരില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്തത് സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. സിഎജി റിപ്പോര്‍ട്ട് കേസ്സിന് അടിസ്ഥാനമാക്കരുതെന്ന വാദം ശരിയെങ്കില്‍ പിണറായിയോട് മാപ്പു പറയാനും കുറ്റവിമുക്തനാക്കാനും കോണ്‍ഗ്രസ്സ് തയ്യാറാവുമോ ?
ഗുരുതരമായ അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എത്തിപ്പെട്ടാല്‍ കുറ്റവിമുക്തിനേടുംവരെ വഹിക്കുന്ന ചുമതലയില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുകയെന്നത് ധാര്‍മ്മികവും മാതൃകാപരവുമായ മര്യാദയാണ്. സ്വന്തം മകന് അഴിമതിക്കാരനാകുന്നു എന്ന് കണ്ടപ്പോള്‍ മാലോകരോട് എനിക്കിന്നു മുതല്‍ അങ്ങനൊരു മകനില്ലെന്ന് പ്രസ്താവിച്ച ഗാന്ധിജിയുടെ നാടാണിത്. സ്വന്തം വകുപ്പിന്റെ വീഴ്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസ്ഥാനം പരിത്യജിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയും കോണ്‍ഗ്രസ്സുകാരനായിരുന്നു. ഏതോ ഡയറിയില്‍ എങ്ങനെയോ തന്റെ പേരിന്റെ ആദ്യ അക്ഷരം കണ്ടു എന്ന ആരോപണം വന്നപ്പോള്‍ തന്റെ ചുമതല സ്വയം ഒഴിയുകയും താന്‍ നിരപരാധിത്വം തെളിയിച്ച് അഗ്നിശുദ്ധിവരുത്തിയശേഷമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കൂ എന്നു പ്രഖ്യാപിക്കുകയും ചെയ്ത എല്‍.കെ. അദ്വാനിയേയും മന്‍മോഹന്‍സിംഗ് മാതൃകകളാക്കാന്‍ തയ്യാറുണ്ടോ ?
കല്‍ക്കരിപ്പാടത്തെ കളി വെളിപ്പെട്ടതോടെ നമുക്കിടയില്‍ കോണ്‍ഗ്രസ്സും അഴിമതിയും ഇരട്ടപെറ്റമക്കളെപോലെ വേര്‍തിരിച്ചറിയാനാവാത്തവിധം ഒന്നായിതീര്ന്നിരിക്കുന്നു. അധികാരത്തിന്റെ ആരവത്തില്‍ അധികാര സമവാക്യങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞേക്കാമെങ്കിലും ജനമനസ്സുകളില്‍ കോണ്‍ഗ്രസ്സ് പടിയിറക്കത്തിലാണുള്ളത്. ബിജെപി ജനകീയ കോടതി മുമ്പാകെയാണ് ഇപ്പോഴത്തെ കൊള്ള ആക്ഷേപമാക്കിയിട്ടുള്ളത്. കല്‍ക്കരി കുംഭകോണം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെക്കുകയുമാണ് വേണ്ടത്.
അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: