അട്ടപ്പാടി: അട്ടപ്പാടി ഉള്‍വനത്തില്‍ യൂണിഫോമിട്ട സായുധരായ സംഘത്തെ കണ്ടെന്ന ആദിവാസികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസും വനംവകുപ്പും ഇന്നും തെരച്ചില്‍ നടത്തുകയാണ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഭവാനിപ്പുഴയ്ക്ക് അക്കരെ ഉള്‍വനത്തിലാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.
കേരളം നല്കിയ വിവരമനുസരിച്ച് തമിഴ്നാടിന്റെ വനമേഖലയില്‍ തമിഴ്നാട് പോലീസും ദ്രുതകര്‍മസേനയും തെരച്ചില്‍ നടത്തുന്നുണ്ട്. മുക്കാലി മല്ലീശ്വരം മലയുടെ താഴ്വാരത്താണ് സായുധസംഘത്തെ ആദിവാസികള്‍ കണ്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഏറെ ദൂരം യാത്ര ചെയ്ത് ക്ഷീണിതരായ സംഘത്തോട് സംസാരിച്ചതായും പോലീസിന് വിവരം കൈമാറിയ ആദിവാസി മണി പറഞ്ഞു.
സംഘത്തില്‍ 17 പേരുണ്ടെന്നാണ് മണി നല്കിയ വിവരം. ഇന്നലെ മുതല്‍ തന്നെ കേരളത്തിന്റെ വനമേഖലയില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: