സമാനതകളില്ലാത്തതും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചതുമായ കൂട്ടക്കൊലയാണ് മാറാട് സംഭവം. ഒരു സംഘര്‍ഷവും സംഘട്ടനവുമില്ലാതെ ഏകപക്ഷീയമായി നടത്തിയ ആസൂത്രിത കൂട്ടക്കൊല. ആ കേസില്‍ വിചാരണ കോടതിയും ഹൈക്കോടതിയും നല്കിയ വിധി പൊതുജനസമൂഹത്തിന്റെ ഉല്‍ക്കണ്ഠയും അമര്‍ഷവും കണക്കിലെടുക്കാനും ഉന്നത നീതിപീഠത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും ഉതകുമെന്നതില്‍ സംശയമില്ല.
2003 മെയ് 2ന് സന്ധ്യക്കാണ് മാറാട് കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കു നേരെ സായുധാക്രമണം നടന്നത്. അക്രമികളുടെ വെട്ടേറ്റ് എട്ടു പേര് തത്ക്ഷണം മരിച്ചു. അക്രമികളുടെ വെട്ടേറ്റ് അക്രമികളിലൊരാളും കൊല്ലപ്പെട്ടിരുന്നു. അക്രമികളോട് അനുഭാവം പ്രകടിപ്പിക്കുന്ന സമീപനമായിരുന്നു തുടക്കത്തില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഉണ്ടായിരുന്നത്. തിരിച്ചടിക്കാന്‍ കഴിവുള്ളവരായിരുന്നില്ല മാറാട്ടെ മത്സ്യത്തൊഴിലാളികള്‍. ഹിന്ദു സംഘടനകളുടെ നിര്‍ദേശവും നിയന്ത്രണവും കൊണ്ട് വേദന കടിച്ചമര്‍ത്തി അവര്‍ സഹനസമരത്തിനാണ് തയ്യാറായത്. അഞ്ചുമാസത്തെ നിരന്തരമായ സമരം സര്‍ക്കാരിന് നില്ക്കകളമില്ലാതാക്കി. തുടര്‍ന്നാണ് ഒരു ചര്‍ച്ചയ്ക്കു തന്നെ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
ഇത്രയേറെ വിപുലവും വിസ്തൃതവുമായ ഒരു കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത് കേരളത്തിലാദ്യമാണ്. 9 പേര് കൊല്ലപ്പെട്ട ഈ കേസില്‍ 139 പ്രതികള്‍. 266 സാക്ഷികള്‍. പ്രോസിക്യൂഷന്റെയും പ്രതികളുടെയും ഭാഗത്തുനിന്നും മൊത്തം കോടതി മുമ്പാകെ പരിശോധിച്ച രേഖകള്‍ 855. തൊണ്ടിസാധനങ്ങള്‍ മാത്രം 365. വൈപുല്യം കൊണ്ടും ജനകീയ ശ്രദ്ധ പിടിച്ചുപറ്റുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത സംഭവം എന്ന നിലയിലും ഈ കേസിന് പ്രത്യേകതകള്‍ ഏറെ. ഒരേ കേസില്‍ 63 പേരെ ജീവപര്യന്തം ശിക്ഷിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയുടെയോ 24 പേരെ ഒറ്റയടിക്ക് ജീവപര്യന്തം ശിക്ഷിച്ച കേസ് ഹൈക്കോടതിയുടെയോ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
ഒടുവില്‍ ശിക്ഷ ലഭിച്ച 24 പ്രതികളും കോടതിയില്‍ കീഴടങ്ങി ജയിലിലെത്തി. ഒന്‍പത് വര്‍ഷം സിബിഐ അന്വേഷണത്തിന് വേണ്ടി ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നു. എന്നിട്ടും അത് നടക്കാതെ പോകുന്നത് മാറാട് കൂട്ടക്കൊലക്കേസില്‍ മാത്രമാണ്. ചെറിയ കേസുകള്‍ പോലും സിബിഐ അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്ന ഇക്കാലത്ത് മാറാട് കൂട്ടക്കൊലക്കേസില്‍ മാത്രം സിബിഐ അനേഷണം നടക്കുന്നില്ലെന്നത് ആരിലും അദ്ഭുതമുളവാക്കുന്നതാണ്. ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്, കേരള നിയമസഭ, കേരള സര്‍ക്കാര്‍ തുടങ്ങിയ അധികൃതരെല്ലാം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടും നടക്കാത്ത ഒരു കേസ് ഈ ഭാരതത്തിലുണ്ടെങ്കില്‍ അതും മാറാട് കൂട്ടക്കൊലക്കേസായിരിക്കും.
2003 ഒക്ടോബര്‍ 5നാണ് മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സാന്നിധ്യത്തില്‍ ഹിന്ദു-മുസ്ലീം നേതാക്കള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഒപ്പുവെച്ച് മാറാട് പ്രശ്നം പരിഹരിച്ചത്. നഷ്ടപരിഹാരം, ആശ്രിതര്‍ക്ക് തൊഴില്‍ തുടങ്ങി 10 ആവശ്യങ്ങളില്‍ 9 എണ്ണം പൂര്‍ണമായും അംഗീകരിച്ചു. ഗൂഢാലോചന, ധനസ്രോതസ്സ്, തീവ്രവാദിബന്ധം, അന്തര്‍ സംസ്ഥാന ബന്ധം തുടങ്ങിയ വിഷയങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ഹിന്ദുക്കളുടെ ആവശ്യം തത്ത്വത്തില്‍ അംഗീകരിച്ചതാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയശേഷം മേല്‍ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന നിയമജ്ഞര്‍ പലരും സിബിഐ അന്വേഷണം നടത്താം എന്ന് അഭിപ്രായപ്പെട്ടിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം സിബിഐ അന്വേഷണം പാടില്ലെന്നായിരുന്നു. ഒരുപക്ഷേ അന്വേഷണം നടത്താതിരിക്കാനുള്ള ഉപദേശമായിരിക്കാം തേടിയത്. എന്നാല്‍ ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന് എജിയുടെ വാദഗതികള്‍ തള്ളിക്കൊണ്ട് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ഗൂഢാലോചന നടന്നുവെന്നതിന് എല്ലാവിധ തെളിവുകളും ഉണ്ടായിരിക്കെ ആ വക വിഷയങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കാതിരിക്കുന്നത് കുറ്റകരമായ വീഴ്ചയാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടിയതുമാണ്.
മാറാട് കൂട്ടക്കൊലക്കേസ് തേച്ചുമാച്ചുകളയുവാനും അട്ടിമറിക്കുവാനും പിന്‍വാതിലില്‍ ശക്തമായ ശ്രമങ്ങള്‍ അന്നും ഇന്നും നടക്കുന്നു. ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന് മുമ്പാകെ സിപിഎമ്മും മുസ്ലീംലീഗും സിബിഐ അന്വേഷണത്തെ അനുകൂലിച്ചിരുന്നില്ല. രണ്ടുകൂട്ടരും നിലപാടുകള്‍ പിന്നീട് തിരുത്തി. പുറത്ത് എല്ലാവരും ഒരുപോലെ സിബിഐ അന്വേഷണമാകാമെന്ന് പറയുന്നു. ഇടതുസര്‍ക്കാരും വലതു സര്‍ക്കാരും പരസ്യമായി പറയുന്നതല്ല രഹസ്യമായി ചെയ്യുന്നത്. കൊല്ലപ്പെട്ട പുഷ്പരാജന്റെ അമ്മ ശ്യാമള കൊടുത്ത റിവിഷന്‍ പെറ്റീഷന് ഹൈക്കോടതി സ്വീകരിച്ചുകൊണ്ട് നടത്തിയിട്ടുള്ള നിരീക്ഷണം പ്രത്യേകം ശ്രദ്ധേയമാണ്. “മാറാട് കൂട്ടക്കൊലക്കു വേണ്ടി നടന്ന ഗൂഢാലോചനയ്ക്ക് വളരെ ആഴത്തിലുള്ള വേരോട്ടമുണ്ട്. യാതൊരു പ്രാധാന്യവുമില്ലാത്ത പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു.
അന്വേഷണ ഉദ്യോഗസ്ഥന് യഥാര്‍ത്ഥ ഗൂഢാലോചനക്കാരെ മറികടന്ന് അന്വേഷണം നടത്തിയത് ദുരൂഹമായ കാരണങ്ങളാലാണ്. വളരെ ശക്തവും ഗൗരവവുമേറിയ അന്വേഷണം വേണമെന്ന് പറയുവാന്‍ ഞങ്ങള്‍ക്ക് യാതൊരു സന്ദേഹവുമില്ല. യഥാര്‍ത്ഥ പ്രതികളെ പിടികൂടുവാന്‍ ഈ അന്വേഷണം അനിവാര്യമാണ്. എന്തായിരുന്നു ഗൂഢാലോചന, ആരായിരുന്നു യഥാര്‍ത്ഥ ഗൂഢാലോചകര്‍ എന്നിവ വെളിച്ചത്തു കൊണ്ടുവരണം” ഹൈക്കോടതിയുടെ ഈ വിലയിരുത്തല്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്കും അനിവാര്യതയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.
കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടിക്കും എന്ന് വീമ്പടിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കൊന്നവരെ കോടതി ശിക്ഷിച്ച് ജയിലിലാക്കി. മാറാട് കേസില്‍ കൊല്ലിച്ചവരെ കുറിച്ചു ചിന്തിക്കുമ്പോള്‍ പോയ സര്‍ക്കാരിന്റെയും വന്ന സര്‍ക്കാരിന്റെയും മുട്ടു വിറയ്ക്കുന്നു. എന്നാല്‍ പ്രതികള്‍ക്കു വേണ്ടി ഒത്താശ ചെയ്യുന്നതില്‍ ഇരു സര്‍ക്കാരിനും നല്ല സമാനത. അതു കൊണ്ടാണല്ലോ കോടിയേരി ബാലകൃഷ്ണന് കണ്ണൂര്‍ ജില്ലയിലെ ചീമേനി തുറന്ന ജയിലില്‍ സുഖവാസത്തിനയച്ച 32 മാറാട് കുറ്റവാളികളെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പച്ചപ്പരവതാനി വിരിച്ച് തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ അതിഥികളാക്കിയത്.
ഇന്ത്യയില്‍ തന്നെ അംഗീകൃത സ്വഭാവമുള്ള ആദ്യത്തെ തുറന്ന ജയില്‍ ആണ് നെട്ടുകാല്ത്തേരിയിലേത്. 1962 ആഗസ്റ്റ് 20നാണ് തുറന്ന ജയില്‍ ആരംഭിച്ചത്. മതില്‍ക്കെട്ടുകളില്ലാത്ത ജയില്‍ എന്നതു തന്നെയാണ് തുറന്ന ജയില്‍ അര്‍ത്ഥമാക്കുന്നത്. തടവുകാരുടെ മനഃപരിവര്‍ത്തനവും അതിലൂടെ സദ്ഗുണ സ്വഭാവ രൂപീകരണവും ജയില്‍ ജീവിതം കഴിഞ്ഞ് അര്‍ത്ഥവത്തായ സാമൂഹ്യജീവിതം നയിക്കുന്നതിനുള്ള കരുത്തുമാണ് ഇവിടെ നിന്നും പകര്‍ന്നുകൊടുക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. 1958 ലെ ജയില്‍ ചട്ടം 3 എ യില്‍ ആണ് തുറന്ന ജയില്‍ പ്രവേശനത്തെ സംബന്ധിച്ച് വ്യവസ്ഥയുള്ളത്. മോഷണം, കൊള്ള, വാടകക്കൊലയാളികള്‍, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത ഒരാള്‍ക്കുപോലും തുറന്ന ജയിലിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കരുതെന്നാണ് വ്യവസ്ഥ. തുറന്ന ജയില്‍ പ്രവേശനം ലഭിക്കാന്‍ ജയില്‍ ഡിഐജി അധ്യക്ഷനായുള്ള പ്രത്യേകം നിയോഗിക്കപ്പെട്ട കമ്മറ്റിയുടെ ശുപാര്‍ശ വേണം. അങ്ങനെ വരുമ്പോള്‍ മാറാട് കേസിലെ പ്രതികളെ ഒരു കാരണവശാലും തുറന്ന ജയിലുകളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. ശിക്ഷിക്കപ്പെട്ട ഈ കേസിലെ 32 പ്രതികളെ തുറന്ന ജയിലിലേക്ക് ആനയിച്ചത് ആദ്യം ഇടതു സര്‍ക്കാരാണ്. അത് ചീമേനിയിലെ തുറന്ന ജയിലിലേക്കായിരുന്നു. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കുറച്ചുകൂടി സൗകര്യപ്രദമായ നെട്ടുകാല്‍ത്തേരിയിലേക്ക് പറിച്ചു നട്ടിരിക്കുകയാണ്.
പച്ചക്കറികൃഷിയിലും ആടുമാട് തുടങ്ങിയ നാല്ക്കാലി വളര്‍ത്തലിലുമൊക്കെ പേരെടുത്ത ജയിലാണ് നെട്ടുകാല്‍ത്തേരി. അന്തേവാസികള്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള സാഹചര്യങ്ങളൊക്കെ ഇവിടെയുണ്ട്. 10,000 പുസ്തകങ്ങളുള്ള ലൈബ്രറി. ടെലിവിഷനും അതുകാണാനുള്ള സംവിധാനങ്ങളും. പാട്ടുകേള്‍ക്കാന്‍ എഫ്എം റേഡിയോ. വോളിബാള്‍, ഫുട്ബോള്‍, ഷട്ടില്‍, ക്രിക്കറ്റ്, ചെസ്സ്, കാരംസ് എന്നിവയ്ക്കും സംവിധാനമുണ്ട്. ബാസ്കറ്റ്ബോള്‍ കോര്‍ട്ടും ഇപ്പോള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്ലിന്റെ കോയിന്‍ബോക്സ് ഫോണ്‍ സൗകര്യം തടവുകാര്‍ക്ക് ലഭ്യമാണ്. പ്രതിമാസം 75 രൂപയ്ക്ക് ഫോണ്‍ ചെയ്യാന്‍ സാധിക്കും. ജോലി ചെയ്യുന്ന തടവുകാര്‍ക്ക് 117 രൂപ ദിവസക്കൂലി ലഭിക്കും. സോഷ്യല്‍വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട് മെന്റില്‍ നിന്ന് ഓരോ വര്‍ഷവും തടവുകാരുടെ മക്കള്‍ക്ക് 10-ാം ക്ലാസുവരെ 6000 രൂപയും പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് 12,000 രൂപയും നല്‍കാം. ആ വകുപ്പ് ലീഗിന്റെ കൈവശമായതിനാല്‍ ആനുകൂല്യം ലഭിക്കാന്‍ എളുപ്പമായി. കൊടും കുറ്റമൊന്നും ചെയ്യാത്ത, അബദ്ധവശാല്‍ കുറ്റവാളിയാകേണ്ടിവന്ന തടവുകാര്‍ക്കൊന്നും ലഭിക്കാത്ത സൗകര്യം അതിനിഷ്ഠൂരമായ അരുംകൊല നടത്തിയ തടവുകാര്‍ക്ക് ലഭ്യമാക്കിയതിന്റെപിന്നില് രാഷ്ട്രീയം മാത്രമാണ്. ഇടതുവലത് മുന്നണികള്‍ തുടര്‍ന്നുവരുന്ന വര്‍ഗ്ഗീയ രാഷ്ട്രീയ പ്രീണനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം മര്യാദയ്ക്കാരായ പട്ടിണി പാവങ്ങള്‍ക്ക് കിട്ടുന്നത് ജയില്‍ വേതനത്തിന്റെ അടുത്തുപോലും എത്തുന്നതായിരുന്നില്ല. ഉയര്‍ന്ന വേതനവും മറ്റ് സൗകര്യങ്ങളും മാറാട് കേസിലെ പ്രതികള്‍ക്ക് ലഭ്യമാക്കാന്‍ ചട്ടങ്ങളും കീഴ്വഴക്കങ്ങളും നോക്കാതെ പ്രവര്‍ത്തിച്ചവര്‍ ഭരണത്തിലിരിക്കുമ്പോള്‍ ഇരകള്‍ക്ക് രക്ഷകന് കിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കുകയാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: