കൊച്ചി: സ്വയംപര്യാപ്തത നേടാനുളള സംസ്ഥാനത്തിന്റെ പരിശ്രമങ്ങള്‍ക്ക് പൂര്‍ണത കൈവരിക്കാന്‍ ഗ്രാമങ്ങളുടെ വളര്‍ച്ച അനിവാര്യമാണെന്ന് ഫിഷറീസ്-തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. സ്വയംപര്യാപ്തതയിലൂടെ കാര്യത്തില്‍ ഗ്രാമങ്ങള്‍ ഇന്നും പിന്നില്‍ നില്ക്കുന്നു. ഗ്രാമങ്ങളുടെ കൂടി വളര്‍ച്ചയിലൂടെ മാത്രമേ വികസനം കാര്യക്ഷമമാകൂവെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍ നടക്കുന്ന ഐആര്‍ഡിപി വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമതലങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണികള്‍ കണ്ടെത്തേണ്ടതുണ്ട്. ഗ്രാമങ്ങളിലെ സാധാരണ തൊഴിലാളികള്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ നഗരങ്ങളിലെത്തിക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. സ്ഥിരം കാഴ്ചകള്‍ കണ്ടുമടുക്കുന്ന നഗരവാസികള്‍ക്ക് ഇത്തരത്തിലൂളള ഗ്രാമീണ വിപണന മേളകള്‍ ഏറെ വ്യത്യസ്ത അനുഭവമാകും. എല്ലാ അര്‍ഥത്തിലും ഗ്രാമീണ പശ്ചാത്തലം ഉള്‍ക്കൊണ്ട് ഗുണനിലവാരം ഉറപ്പു വരുത്തിയ സാധനങ്ങള്‍ മാത്രമേ വില്പനയ്ക്കുളളൂവെന്നത് സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്കുന്ന ഒന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ പദ്ധതിയായ സ്വയംസംരംഭക മിഷന് പോലുളള പദ്ധതികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത് ഗ്രാമീണ തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും. ഓണത്തെ വരവേല്‍ക്കുന്ന നഗരവാസികള്‍ക്ക് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നതെന്നും കെ.ബാബു പറഞ്ഞു.
ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 27 വരെയാണ് മേള.
ജില്ലയിലെ 14 വികസന ബ്ലോക്കുകളും ഇടുക്കി ജില്ലയിലെ എട്ട് ബ്ലോക്കുകളും തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നും രണ്ട് ബ്ലോക്കുകളും പാലക്കാട് ജില്ലയില്‍ നിന്ന് ആറ് ബ്ലോക്കുകളും ഈ വര്‍ഷത്തെ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മൊത്തം 45 സ്റ്റാളുകളാണ് വിപണനത്തിനായി സജ്ജമാക്കിയിട്ടുളളത്.
ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എല്‍ദോസ് കുന്നപ്പിളളി ആമുഖ പ്രസംഗം നടത്തി. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലൂഡി ലൂയിസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ബാബു ജോസഫ്, അഡ്വ:സാജിത സിദ്ധിഖ്, കെ.ജെ.ലീനസ്, സെക്രട്ടറി എം.എസ്.അബ്ദുള്‍ കലാം ആസാദ്, ലീഡ് ബാങ്ക് മാനേജര്‍ ആര്.ജയപ്രകാശ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ എന്‍.വിനോദിനി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: