കേരള നിയമസഭ അതിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷ വേളയിലാണ്. സംസ്ഥാന നിയമസഭ ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടുവെന്ന് പറയുന്നത് സാങ്കേതികമായി ശരിയല്ല. എങ്കിലും ആയിരത്തി എണ്ണൂറ്റി എണ്‍പത്തിയെട്ടില്‍ നിലവില്‍ വന്ന, രാജഭരണകാലത്തെ തിരുവിതാംകൂര്‍ കൗണ്‍സിലിന്റെ തുടര്‍ച്ച തന്നെയാണ് ഇന്നത്തെ കേരള നിയമസഭ എന്ന നിലയ്ക്ക് അത് ശരിയുമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കോ വിദേശ രാജ്യങ്ങള്ക്കുപോലുമോ ഇത്ര നീണ്ട ഒരു പാരമ്പര്യം നിയമനിര്‍മാണ പ്രക്രിയയില്‍ അവകാശപ്പെടാനാവില്ലെന്നത് പഴയ തിരുവിതാംകൂറിന്റെ തിളക്കം കൂട്ടുന്നു. ഒപ്പം കേരളത്തിന്റെയും.
“നിയമനിര്‍മാണ സഭയ്ക്ക് നൂറ്റി ഇരുപത്തിയഞ്ച് വയസാവുന്നു എന്നതുകൊണ്ട് അതിന്റെ ചെറുപ്പം ഒരിക്കലും കുറയുന്നില്ലെ”ന്നാണ് സഭാദ്ധ്യക്ഷന് ജി.കാര്ത്തികേയന് അവകാശപ്പെടുന്നത്. ഓരോ ഇടവേളകളിലും പുതിയ സഭ വരികയാണെന്നതുകൊണ്ടാണ് ഇങ്ങനെ ചെറുപ്പം സൂക്ഷിക്കാന്‍ സാധിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കാര്‍ത്തികേയനുമായി അധികം അടുപ്പമില്ലെങ്കിലും അദ്ദേഹത്തോട് എനിക്ക് ആദരവാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ രൂപീകരണ വേളയില്‍ നിഷേധിച്ച മന്ത്രിസ്ഥാനം, പിന്നീട് ഇടക്കാലത്ത് വെച്ച് നീട്ടിയത് വേണ്ടെന്ന് പറയാനുള്ള അന്തസ്സും ആര്‍ജ്ജവവും കാര്ത്തികേയന് കാട്ടിയപ്പോള്‍ എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണുണ്ടായത്. അതിനൊക്കെ മുമ്പ് തന്നെ അദ്ദേഹത്തിന്റെ വായനാശീലം എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പനമ്പിള്ളി ഗോവിന്ദ മേനോന്റെ പരന്ന വായനയെ കുറിച്ചും പാണ്ഡിത്യത്തെ കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്. വായിക്കണമെന്ന് വാശിയുള്ള പനമ്പിള്ളിയുടേയും ഇഎംഎസിന്റെയും അച്യുതമേനോന്റെയും മറ്റും വംശം രാഷ്ട്രീയക്കാര്‍ക്കിടയില്‍ അതിവേഗം അന്യം നില്ക്കുന്നതിനിടയില് ഒരപവാദമാണ് കാര്ത്തികേയന്. കാര്‍ത്തികേയന്റെ വായന അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ പണ്ടും ഇന്നും പ്രതിഫലിക്കാറുണ്ട്. അതിനിടെ അടുത്തിടെ ഒരവാര്‍ഡ് ലഭിച്ചതറിഞ്ഞ് എനിക്ക് അഭിനന്ദന കത്തയച്ച അപൂര്‍വം രാഷ്ട്രീയക്കാരില്‍ കാര്‍ത്തികേയനും ഉണ്ടെന്നത് തികച്ചും വ്യക്തിപരം-അതിനുള്ള അടുപ്പമില്ലാഞ്ഞിട്ടും.
പക്ഷെ കേരള നിയമസഭയുടെ പരമ്പരാഗതമായ ആര്‍ജ്ജവവും അന്തസ്സും ചെറുപ്പം നിലനിര്‍ത്തുമ്പോഴും ചോര്ന്നുപോവുന്നില്ലേ എന്നാണ് എന്റെ ആശങ്ക. ദീര്‍ഘകാലം മാറി മാറി വന്ന സഭകളിലെ നടപടികള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ഭാഗ്യം ലഭിച്ച ഒരു മാധ്യമ പ്രവര്ത്തകന് എന്ന നിലയ്ക്കാണ് ആ ആശങ്ക. നമ്മുടെ നിയമസഭാ നടപടികള്‍ നിരീക്ഷിക്കുന്ന നിരവധി പേര് എന്റെ ആശങ്ക പങ്ക് വയ്ക്കുന്നുണ്ടാവും. ഒരുപക്ഷേ ഇന്ന് സഭ നിയന്ത്രിക്കാന്‍ നിയുക്തനായ കാര്‍ത്തികേയനും.
സഭാതലത്തില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന മുഷ്ടി ചുരുട്ടലും മുദ്രാവാക്യം മുഴക്കലും എടാപോടാ വിളികളും ഒറ്റപ്പെട്ട അപചയങ്ങളായി തള്ളിക്കളഞ്ഞാല്‍ തന്നെ, സഭാ നടപടികളുടേയും സഭാംഗങ്ങളുടെ പെരുമാറ്റത്തിന്റെയും നിലവാരം മൊത്തത്തില്‍ അറിഞ്ഞോ അറിയാതെയോ ചോര്ന്നുപോവുന്നില്ലേയെന്നതാണ് എന്റെ സംശയം. നിയമസഭാ പ്രസംഗങ്ങളുടെ നിലവാരം തന്നെ നല്ലൊരു ഉദാഹരണമാണ്. വിഷയത്തില്‍ ഒതുങ്ങിനിന്ന് സഭയില്‍ സംസാരിക്കുന്നവര്‍ വിരളമായിരിക്കുന്നു. ഗൃഹപാഠം അഭ്യസിച്ച് സഭയിലെത്തുക എന്നതും അപൂര്‍വം ചില അംഗങ്ങള്‍ മാത്രം പാലിക്കുന്ന പതിവായിരിക്കുന്നു ഇന്ന്. അതുകൊണ്ടു കൂടിയാവാം നിയമസഭാ പ്രസംഗങ്ങള്‍ ഇന്ന് അധികം ശ്രദ്ധിക്കപ്പെടാതെയും ചര്‍ച്ച ചെയ്യാതെയും പോവുന്നത്. സന്ധിയില്ലാത്ത രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും സഭാംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ആരോഗ്യകരവും അനുകരണീയവുമായ സൗഹൃദം അന്യംനിന്നുവെന്ന് വേണം പറയാന്‍. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പരമപ്രധാനമായ പ്രതിപക്ഷ ബഹുമാനംപോലും ഇന്നൊരു പഴങ്കഥയായി മാറുന്നു.
മാധ്യമങ്ങള്‍ വളരുകയും മാധ്യമ പ്രവര്‍ത്തനം തളരുകയും ചെയ്യുന്ന ഇന്നത്തെ കമ്പോളീകൃത കാലാവസ്ഥയില്‍ നിയമസഭാ റിപ്പോര്‍ട്ടിംഗിനും അര്‍ഹിക്കുന്ന പ്രാധാന്യവും പരിഗണനയും നിഷേധിക്കപ്പെടുന്നുവെന്നതും വസ്തുതയാണ്. നിയമസഭാ പ്രസംഗങ്ങള്‍, അവ ആരുടേതായാലും. എത്ര ആശയ ഗംഭീരമായാലും ഇന്ന്, മാധ്യമങ്ങളില്‍ ഇടം നേടാറില്ല. നിയമനിര്‍മാണ പ്രക്രിയയ്ക്കും വലിയ വാര്‍ത്താപ്രാധാന്യമില്ല. കോടതി നടപടികളിലും കുറ്റാന്വേഷണത്തിലുമാണ് ഇന്ന് കൂടുതല്‍ ശ്രദ്ധ. ഒരു ദിവസത്തെ നിയമസഭാ നടപടികള്‍ ഒരവലോകനത്തില്‍ ഒതുക്കുക എന്നതായി പത്രങ്ങളുടെ പതിവ്. പിന്നെ സംഘര്‍ഷമുണ്ടായാല്‍ മാത്രം ഒരു വാര്‍ത്ത. നിയമസഭാ പ്രസംഗങ്ങള്‍ മുഴുവന്‍ പ്രസിദ്ധീകരിക്കുന്ന ഒരു പതിവ് ‘കേരളകൗമുദി’ക്ക് പണ്ട് ഉണ്ടായിരുന്നു. നിയമസഭാവലോകനം തുടങ്ങിയത് ‘മലയാളമനോരമ’യാണെന്നാണ് എന്റെ ഓര്‍മ്മ. മറ്റു പത്രങ്ങളും മേറ്റ്ല്ലാ കാര്യത്തിലും എന്നപോലെ ‘മനോരമ’യെ അനുകരിച്ച് നിയമസഭാ നടപടികളുടെ അവലോകനം പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. പിന്നെ അവലോകനം മാത്രമായി ചുരുങ്ങി നിയമസഭാ റിപ്പോര്‍ട്ടിംഗ്. ഇവിടെ ഓര്‍മ്മ വരുന്നത,് നിയമസഭാ നടപടികളുടേയും, പ്രത്യേകിച്ച് പ്രസംഗങ്ങളുടേയും ‘കേരള കൗമുദി’യിലെ കെ. വിജയരാഘവന്റെ അതിവിദഗ്ദ്ധമായ റിപ്പോര്‍ട്ടിംഗ് ആണ്. അതുപോലെ മികച്ചതായിരുന്നു ‘മാതൃഭൂമി’യില്‍ എന്‍.വി.എസ്.വാരിയരുടെ നിയമസഭാ റിപ്പോര്‍ട്ടിംഗ് ശൈലി. നിയമസഭാവലോകനത്തില്‍ മികച്ചുനിന്നത് ‘മലയാളമനോരമ’യിലെ കെ.ആര്.ചുമ്മാര്‍ ആയിരുന്നു. ‘കേരള ഭൂഷണ’ത്തിലെ കെ.ആര്.രവിയും ‘ദീപിക’യിലെ കെ.സി.സെബാസ്റ്റ്യനും മികവ് തെളിയിച്ചിരുന്നവരാണ്. നിയമസഭ പിരിഞ്ഞാലുടനെ സെക്രട്ടറിയേറ്റിലെ പ്രസ് റൂമില്‍നിന്ന് പത്രത്തിന്റെ ഡെസ്ക്കിലേക്ക് ഫോണിലൂടെ നേരിട്ട് അവലോകനം ‘ഡിക്ടേറ്റ്’ ചെയ്തുകൊടുക്കുന്നതായിരുന്നത്രെ കെ.ആര്.രവിയുടെ രീതി. പില്ക്കാലത്ത് നിയമസഭാവലോകനം പൈങ്കിളീകരിക്കാനുള്ള പ്രവണത വളര്‍ന്നു.
അതോടെ അപ്രസക്തവും അനഭിലഷണീയവുമായവയിലായി അവലോകനമെഴുത്തുകാരുടെ ഊന്നല്‍. എന്തിനേറെ ബജറ്റവതരണദിനത്തില് അവലോകനം എഴുതുന്ന ചിലര്‍ ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടയില്‍ എത്രപ്രാവശ്യം വെള്ളം കുടിച്ചു, എത്ര തവണ ചുമച്ചു എന്നത് വരെ എണ്ണം തെറ്റിക്കാതെ എഴുതിവിടാന്‍ തുടങ്ങി. കേരളത്തില്‍ നിരവധി എഡിഷനുകള്‍ ഉള്ള ഇംഗ്ലീഷ് പത്രങ്ങള്‍, പണ്ടൊരു വാരികയുടെ പത്രാധിപക്കുറിപ്പില്‍ കളിയാക്കിയതുപോലെ “ഇംഗ്ലീഷ് ലിപികളില്‍ മലയാള പത്രപ്രവര്‍ത്തന”മാണ് നടത്തിവരുന്നതെങ്കിലും, നിയമസഭാവലോകനത്തിന് തുനിഞ്ഞില്ല. എന്നാല്‍ ഇംഗ്ലീഷ് പത്രങ്ങളിലൂടെ നിയമസഭാ റിപ്പോര്‍ട്ടിംഗിന്റെ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’ലെ എസ്.കെ.അനന്തരാമന്, പി.അരവിന്ദാക്ഷന്, കെ.ഗോവിന്ദന് കുട്ടി എന്നിവരും ‘ഹിന്ദു’വിലെ ആര്.സമ്പത്തും കെ.പി.നായരും മലയാള മാധ്യമങ്ങളോട് മത്സരിച്ചിരുന്നു. മലയാള പത്രങ്ങളില്‍ മറക്കാനാവാത്ത നിയമസഭാ റിപ്പോര്‍ട്ടിംഗായിരുന്നു വി.പി.മാധവന് നായര്‍ (കേരളഭൂഷണം) ടി.ഒ.ചെറുവത്തൂര്‍ (എക്സ്പ്രസ്) പി.സി.സുകുമാരന്‍ നായര്‍(മാതൃഭൂമി) എന്നിവരുടേത്.
പത്രക്കാരും നിയമസഭാ സാമാജികരും തമ്മില്‍ ആരോഗ്യകരമായ ബന്ധമായിരുന്നു അക്കാലത്ത്. ആ അടുപ്പം ഉറപ്പിക്കുന്ന തരത്തിലായിരുന്നു പഴയ നിയമസഭാ ഹാളിലെ ഇരിപ്പിട സംവിധാനവും. പ്രസ് ഗ്യാലറിയില്‍ നിന്ന് കൈയെത്താ ദൂരത്തായിരുന്നു അംഗങ്ങള്‍ ഇരുന്നിരുന്നത്. അവര്‍ പലപ്പോഴും കടന്നുപോവുന്നത് പത്രക്കാര്‍ക്ക് അരികിലൂടെയും. അതിനിടയില്‍ അവര്‍ തമ്മില്‍ ആശയവിനിമയവും നടന്നിരുന്നു. ഒരര്‍ത്ഥത്തില്‍ നിയമസഭാ നടപടികളില്‍ പത്രക്കാര്‍ക്ക് ഒരു പങ്കാളിത്തം തന്നെ ഉണ്ടായിരുന്നെന്ന് പറയാം. പുതിയ നിയമസഭാ മന്ദിരത്തിലാവട്ടെ ഗ്യാലറിയിലിരുന്ന് പന്ത് കളിയോ സര്‍ക്കസോ വീക്ഷിക്കുന്നതുപോലെയാണ് പ്രസ് ഗ്യാലറിയില്‍നിന്ന് സഭയിലേക്ക് നോക്കുമ്പോള്‍ തോന്നുക. അത്രയേറെ അകലത്തിലാണ് അംഗങ്ങളും പത്രക്കാരും. പരസ്പ്പര ബന്ധം അനാരോഗ്യകരമായി ഇക്കാലത്ത് അനുഭവപ്പെടുമ്പോള്‍ ആ അകലം നന്നായി എന്നും തോന്നാറുണ്ട്.
കേരള നിയമസഭയില്‍ എന്റെ ഓര്‍മ്മയില്‍ പത്രക്കാര്‍ക്ക് അസുഖകരമായ രണ്ട് അനുഭവങ്ങള്‍ മാത്രമാണ്. അവയില്‍ ആദ്യത്തേത് ‘തനിനിറം’ പത്രാധിപര്‍ കലാനിലയം കൃഷ്ണന് നായരെ അവകാശ ലംഘനത്തിന്റെ പേരില്‍ സഭയില്‍ വിളിച്ചുവരുത്തി ശാസിച്ചതാണ്. ‘ദേശാഭിമാനി’യിലെ ആര്.എസ്.ബാബുവിന് വളരെക്കാലം പ്രസ് ഗ്യാലറിയില്‍ പ്രവേശനം വിലക്കിയ സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ നടപടി ആയിരുന്നു രണ്ടാമത്തേത്. സഭാ നടപടികളില്‍നിന്ന് സ്പീക്കര്‍ നീക്കം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ട പരാമര്‍ശമോ പ്രസംഗശകലങ്ങളോ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നതിനും സഭാദ്ധ്യക്ഷന്റേയോ സഭാംഗങ്ങളുടെയോ നടപടികളെ വിമര്‍ശിക്കാനോ പാടില്ലെന്നതിനും ‘സ്ടിംഗ് ഓപ്പറേഷന്റേ’യും മറ്റും ഇക്കാലത്ത് ഭേദഗതി ആവശ്യമല്ലേ എന്നത് ബന്ധപ്പെട്ടവര്‍ ചിന്തിക്കേണ്ടതാണ്.
ഒപ്പം മറ്റൊരു നിര്‍ദ്ദേശം കൂടി മുന്നോട്ട് വയ്ക്കട്ടെ. സഭാ നടപടികള്‍ നിരീക്ഷിക്കാന്‍ പത്രാധിപര്മാര്ക്ക് ഇന്ന് പ്രത്യേകം അപേക്ഷ നല്കി അനുവാദം വാങ്ങണമെന്നതാണ് നിയമം. നൂറു കണക്കിന് ലേഖകന്മാര്ക്ക് സ്ഥിരം പ്രസ് പാസ് നല്‍കുന്നതിനൊപ്പം പത്രാധിപന്മാരെ കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എതാനും മാസം മുമ്പ് വിളിച്ചുകൂട്ടിയ പത്രാധിപര്‍മാരുടെ യോഗത്തില്‍ ഞാന്‍ ഈ നിര്‍ദ്ദേശം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി അതിനെ അനുകൂലിക്കുകയും ചെയ്തു. പക്ഷെ തീരുമാനം കൈക്കൊള്ളേണ്ടത് സഭാ നേതാവായ മുഖ്യമന്ത്രിയല്ല സഭാനാഥനായ സ്പീക്കറാണ്. അസൂയ തോന്നിക്കുന്ന അതിസമ്പന്നമായ ഒരു ഗ്രന്ഥശാല സംസ്ഥാന നിയമസഭയ്ക്ക് സ്വന്തമായുണ്ട്. അതിന്റെ ഉപയോഗവും വിപുലീകരിക്കേണ്ടതും ഉദാരവല്ക്കരിക്കേണ്ടതുമാണെന്ന് തോന്നാറുണ്ട്. ഈ നിര്‍ദ്ദേശങ്ങളില്‍ അല്‍പ്പം വ്യക്തിപരമായ സ്വാര്‍ത്ഥത ഇല്ലാതില്ല.
കാര്ത്തികേയന് ചൂണ്ടിക്കാട്ടുന്നതുപോലെ, അഭിമാനജനകമായ അനേകം നിയമനിര്‍മാണങ്ങള്‍ ഈ സഭയില്‍ നടന്നിട്ടുണ്ട്. ഭൂപരിഷ്ക്കരണം മുതല്‍ പഞ്ചായത്ത് രാജ് വരെ നീണ്ടു കിടക്കുന്നു അവയുടെ പട്ടിക. ഒപ്പം ചില കറുത്ത പാടുകളും ഓര്‍മ്മയില്‍ മായാതെ തങ്ങിനില്ക്കുന്നു. സിപിഎം ഭരണകാലത്ത് പാര്‍ട്ടിവിട്ട് പ്രതിപക്ഷത്തിരുന്ന എം.വി.രാഘവനെ സഭയുടെ നടുത്തളത്തിലിട്ട് തൊഴിച്ചത് മറക്കാനാവില്ല. സഭയില്‍ സംസാരിച്ചുകൊണ്ടിരുന്ന സഹകരണമന്ത്രി ടി.കെ.രാമകൃഷ്ണനെ ആക്രമിക്കാനെന്ന വണ്ണം ആഞ്ഞടുത്ത് രാഘവന് പ്രകോപനം സൃഷ്ടിച്ചതും. നിയമസഭയില്‍ സംസാരിച്ചു നില്ക്കവേ അത്യാസന്ന നിലയിലായി അന്ത്യശ്വാസം വലിച്ച ധനമന്ത്രി കെ.ടി.ജോര്‍ജ്ജിനെ അധികമാര്‍ക്കും ഇന്ന് ഓര്‍മ്മയുണ്ടാവില്ല. ഡോക്ടര്‍ ജോണ്സന്റേതുപോലെയുള്ള പാര്‍ലമെന്ററി ഫലിതങ്ങളുമായി ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന ജോസഫ് ചാഴിക്കാടനേയും സീതി ഹാജിയേയും ലോനപ്പന് നമ്പാടനേയും അവരുടെ നര്‍മ്മരസം തുളുമ്പുന്ന പരാമര്‍ശങ്ങളും ഓര്‍ക്കുമ്പോള്‍ ഇന്നും ചുണ്ടില്‍ ചിരിയൂറുന്നു.
അടിയന്തരാവസ്ഥയെന്ന ഇരുണ്ട കാലഘട്ടം കേരള നിയമസഭയേയും ബാധിച്ചിരുന്നു. നാട്ടില്‍ നടന്ന പൗരാവകാശ ധ്വംസനങ്ങളും കൊടുംക്രൂരതകളും സഭാ തലത്തില്‍ അന്ന് ചര്‍ച്ചയായില്ല. ചില സഭാംഗങ്ങള്‍ തന്നെ കാരാഗൃഹത്തില്‍ കഴിയേണ്ടതായി വന്നിട്ടും ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിന്റെ നിയമസഭയില്‍ യാതൊരു പ്രതികരണവും ഉളവാക്കിയില്ല. അതേയവസരത്തില്‍ പില്ക്കാലത്ത് നിരവധി നിരപരാധികളുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായി തടങ്കലില്‍ കഴിഞ്ഞ ഒരു ഭീകരവാദി നേതാവിനെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ഐകകണ്ഠേന പ്രമേയം പാസ്സാക്കി ആവശ്യപ്പെട്ടതും ഈ സഭ തന്നെ.
(റോബര്‍ട്ട് റോജേഴ്സിന്റെ ഓര്‍ഡര്‍ ! ഓര്‍ഡര്‍ ! ഒരു പാര്‍ലമെന്ററി മിസിംനി എന്ന ഗ്രന്ഥത്തോട് തലക്കെട്ടിന് കടപ്പാട്)
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: