ആലുവ: വനാന്തര്‍ഭാഗത്ത് സന്ദര്‍ശകര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ വനയാത്ര സംഘങ്ങളുടെ നേതൃത്വത്തില്‍ യജ്ഞം തുടങ്ങി. വനയാത്രയില്‍ താല്പര്യമുള്ളവര് ചേര്‍ന്ന് രൂപം നല്കിയ കൊച്ചിന് സാഹസികഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് യജ്ഞം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിമൂന്ന് സ്ത്രീകളുള്‍പ്പെടെ 67 അംഗ സംഘം തൃശൂര്‍ മരോട്ടിച്ചാല്‍ വനത്തിലെത്തിയ യജ്ഞത്തിന് തുടക്കം കുറിച്ചു. ഈ വനത്തിനകത്ത് ഇലഞ്ഞിക്കുത്തുള്പ്പെടെഏതാനും വെള്ളച്ചാട്ടങ്ങളുണ്ട്. ഇവിടെവരുന്ന സന്ദര്‍ശനകര്‍ പലരും പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും വനത്തിലുപേക്ഷിക്കുകയാണ് ചെയ്യുന്നത്. ആനയും പുലിയും കാട്ടുപന്നിയും മറ്റുമുള്ള ഈവനത്തില്‍ പ്ലാസ്റ്റിക്കിന്റെ ആധിക്യം ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് എഞ്ചിനീയര്‍മാര്‍, എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥികള്‍, ബാങ്ക് ജീവനക്കാര്‍, ടൂറിസം ഓപ്പറേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നാനാതുറകളിലുള്ള പ്രകൃതിസ്നേഹികളാണ് ഈ യജ്ഞത്തില്‍ അണിചേര്‍ന്നത്. കനത്ത മഴയിലാണ് ആദിവാസികളെയും വനം വകുപ്പ് ഉദ്യോഗസ്ഥരേയും സഹായികളാക്കി 10 മണിക്കൂറോളം വനത്തിനകത്ത് ശൂചീകരണം നടത്തിയത്. നിരവധി പ്ലാസ്റ്റിക് ബോട്ടിലുകളും ക്യാരിബാഗുകളുമാണ് ശേഖരിച്ചത്. ഘട്ടം ഘട്ടമായി മറ്റുവനങ്ങളിലേക്കും ഇത്തരത്തില്‍ വനയാത്ര നടത്തി പ്ലാസ്റ്റിക് ശേഖരിക്കുമെന്ന് കൊച്ചിന് സാഹസിക ഫൗണ്ടേഷന് പ്രസിഡന്റ് രാജന് കുട്ടിയും സെക്രട്ടറി കെ.ജെ.ഫ്രാന്‍സിസും അറിയിച്ചു. മധു, തങ്കപ്പന് വിഷ്ണു, മനോഹരന്, ടോണി തോമസ്, അഭിലാഷ്, ബേബി കരുവേലി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: