മൂവാറ്റുപുഴ: പാര്‍ക്കിംങ്ങ് ഏരിയ നിര്‍മ്മിക്കുവാന്‍ പൊതുമരാമത്ത് വക സ്ഥലം സ്വകാര്യവ്യക്തി കൈയ്യേറി. മൂവാറ്റുപുഴ പി ഒ ജംഗ്ഷനിലെ കോയാസ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറി സ്ഥാപനമാണ് മുമ്പിലുള്ള സ്ഥലം കൈയ്യേറി പാര്‍ക്കിംങ്ങ് ഏരിയ നിര്‍മ്മിക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്. അഞ്ച് നിലകളുള്ള ടവറില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ചോളം സ്ഥാപനങ്ങളുടെ ബോര്‍ഡും പതിനൊന്ന് കെ വി ലൈന്‍ പോകുന്ന പോസ്റ്റും സ്ഥാപിച്ചിട്ടുള്ള സ്ഥലം അടക്കം ഫുട്പാത്തും ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം നടത്തുന്നത്. ഇവിടെ ടെയില്‍ ഇട്ട് ഭംഗിയാക്കുവാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ രാത്രി ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റുകയും ചെയ്തു. , നഗരസൗന്ദര്യവത്കരണത്തിനായി സ്ഥാപിച്ച സര്വ്വെകല്ലും പൊളിച്ചു നീക്കപ്പെട്ടു. കൂടാതെ വാട്ടര്സപ്ലൈയുടെ പൈപ്പ് പൊട്ടിയതോടെ ജലവിതരണവും ഈ ഭാഗങ്ങളില്‍ നിലച്ചിരിക്കുകയാണ്.
എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നഗരസഭയുടെയൊ പൊതുമരാമത്തിന്റെയൊ അനുമതി വാങ്ങിയിട്ടില്ല. മണ്ണ് മാറ്റിയതോടെ കൂറ്റന്‍ ബോര്‍ഡും ഇതിന് സമീപത്ത് സ്ഥിതിചെയ്യുന്ന പതിനൊന്ന് കെ വി ലൈന്‍ പോസ്റ്റും എപ്പോള്‍ വേണമെങ്കിലും വഴിയാത്രക്കാരുടെ മേല്‍ തകര്‍ന്ന് വീഴാമെന്ന അവസ്ഥയിലുമാണ്. ടവര്‍ ഉടമ നിര്‍മ്മിച്ച് സ്ഥാപിച്ച ബോര്‍ഡ് പൊളിച്ച് നീക്കുന്ന വിവരം സ്ഥാപന ഉടമകളെ അറിയിച്ചിട്ടുമില്ലെന്ന് പറയുന്നു. ബോര്‍ഡ് നീക്കം ചെയ്താല്‍ തങ്ങളുടെ സ്ഥാപനങ്ങളിലേക്കുള്ള പൊതുജന ശ്രദ്ധ കുറയുമെന്നും ഇത് കച്ചവടത്തെ ബാധിക്കുമെന്നുമാണ് ഇവരുടെ ഭയം. സ്ഥാപന ഉടമകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാത്രി 2മണിയോടെ പൊലീസ് എത്തി ജെ സി ബിയും പണി സാധനങ്ങളും കസ്റ്റഡിയിലെടുത്തു.
നഗരമധ്യത്തിലെ അനധികൃത നിര്‍മ്മാണം നഗരസഭ അറിഞ്ഞിട്ടില്ലെന്നാണ് അധികാരികളുടെ മറുപടി. നഗരത്തില്‍ വ്യാപകമായി സ്വകാര്യവ്യക്തികള്‍ നടപ്പാതകള്‍ പൊളക്കുന്നതിനെതിരെ താലൂക്ക് വികസന സമിതിയില്‍ പരാതി ഉയരുകയും ഇത്തരത്തിലുള്ള അനധികൃത നിര്‍മ്മാണം തടയണമെന്ന് എം എല്‍ എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണെങ്കിലും അനധികൃത നിര്‍മ്മാണവും പൊതുസ്ഥലം കൈയ്യേറലും വ്യാപകമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: