കൊച്ചി നഗരവികസനത്തിന്റെ പേരില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ നോക്കുകുത്തിയാക്കി കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ പണമടച്ചാല്‍ നിയമപ്രകാരമായി കിട്ടും! ഫ്ലാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയ അടച്ചുപൂട്ടി മുറികളാക്കി വാടക പിരിക്കുന്നതിനും പണം പരിഹാരമാകും. ഫുട്പാത്ത് കൈയേറി കെട്ടിപൊക്കിയതിനും ചതുപ്പ് നികത്തിയതിനും കായല്‍ കയ്യേറിയതിനും ഇടതോടുകളും തോടുകളും സ്വകാര്യ പുരയിടങ്ങളുടെ ഭാഗമാക്കിയതിനും ടൗണ്‍ പ്ലാനിംഗില്‍ ഉണ്ടായിരുന്ന തുറസ്സായ സ്ഥലങ്ങള്‍ അടച്ചുകെട്ടി കെട്ടിടം വച്ചതിനും പൊക്കാളിപാടങ്ങള്‍ നികത്തി വില്‍പ്പന നടത്തിയതിനും തീരദേശ സംരക്ഷണനിയമം ലംഘിച്ചതിനും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കാറ്റില്‍ പറത്തി ഭൂമി റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് ഉപയോഗിച്ചതിനും നടപടികളില്ല. ലിഫ്റ്റ് ഫയര്‍ സേഫ്റ്റി, മഴവെള്ള സംഭരണി, മാലിന്യ സംസ്ക്കരണം, കുടിവെള്ള ലഭ്യത, നിയമപ്രകാരം ആവശ്യമുള്ള റോഡിന് വീതി തുടങ്ങിയ നിയമപ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റാതെ പണി തീര്‍ത്ത് ലക്ഷങ്ങളും കോടികളും സ്വന്തമാക്കിയവര്‍ക്കെതിരെയും നിയമ ലംഘനങ്ങള്‍ക്കെതിരെയും യാതൊരുനടപടിയും സ്വീകരിക്കാതെ ഇനിയും വിശാലകൊച്ചി വികസനവുമായി മുന്നോട്ടുപോകുന്നത് ജനദ്രോഹപരവും പൊതു സ്ഥലങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും വേണ്ടി തീറെഴുതുന്നതിന് തുല്യവുമായിരിക്കും. കൊച്ചി വികസനം ആഗ്രഹിക്കാത്ത ഒരൊറ്റ കൊച്ചിക്കാരനും ഉണ്ടാകില്ല. എന്നാല്‍ ഓരോ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിയുമ്പോഴും നഷ്ടമാകുന്ന കൈവിട്ടുപോകുന്ന പൊതുഭൂമിയുടെ അടയാളവും വികസനത്തിന്റെ പേരില്‍ നടക്കുന്ന പകല്‍ കൊള്ളയും കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. നിയമം ലംഘിച്ച് പണിതീര്‍ത്ത രമ്യഹര്‍മ്യങ്ങള്‍ ഇടിച്ചു തകര്‍ക്കുന്നത് പ്രായോഗികമല്ലെന്നാണ് പുതിയ കണ്ടെത്തല്‍.
പണമടച്ചാല്‍ എല്ലാ പ്രശ്നങ്ങളും തീര്ക്കാമെന്നുവന്നാല് നിയമലംഘനങ്ങളുടെ ആക്കം കൂടുമെന്ന് അറിയാത്തവരല്ല നമ്മുടെ ഭരണകര്‍ത്താക്കള്‍. ഒരു നഗരത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന നരകയാതനകള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാതെ വീണ്ടും വീണ്ടും കുത്തകകള്‍ക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍ തുറന്നുകൊടുക്കുന്ന രീതി ഒരു ഭരണ നേതൃത്വത്തിനും അഭിലഷണീയമല്ല. നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വികസനത്തിന്റെ പേരില്‍ അഭയാര്‍ത്ഥികളായി മാറുന്നവരെ ശരിയായി പുനരധിവസിപ്പിക്കണമെന്നും പൊതുമുതല്‍ സംരക്ഷിച്ച് മാത്രം വികസനം എന്നും പരിസ്ഥിതി സൗഹൃദമായ സുസ്ഥിരവികസനമാണ് നമുക്ക് ആവശ്യമെന്നും ആരെങ്കിലും പറഞ്ഞാല്‍ അവര്‍ വികസന വിരോധികളായി മുദ്ര കുത്തുന്ന കാലമാണിത്. കൊച്ചിയുടെ വികസനം വെള്ളക്കെട്ട് ഒഴിവാക്കിയും മലിനീകരണം നിയന്ത്രിച്ചും ഗതാഗതക്കുരുക്ക് ഇല്ലാതാക്കിയും ഖര-ദ്രവമാലിന്യ സംസ്ക്കരണം ഉറപ്പാക്കിയും കുടിവെള്ള ലഭ്യത കണ്ടെത്തിയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഉറപ്പാക്കിയും വേണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നാല്‍ വിശാല കൊച്ചി വികസനം ഭൂമി ലഭ്യതയാണ് വികസനത്തിന്റെ അടിസ്ഥാനമെന്ന അശാസ്ത്രീയ സമീപനത്തിലൂന്നി മുന്നോട്ടു പോകുന്നതില്‍ അപാകതയുണ്ട്. കേരളം ഒരൊറ്റ നഗരമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്നത് വിവരമുള്ളവര്‍ സമ്മതിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ഭൗതിക സൗകര്യങ്ങളെ കുറിച്ചും പ്രകൃതിവിഭവങ്ങളെ കുറിച്ചും കൃത്യമായ കണക്കും അതിന്റെ ഉപയോഗത്തെ സംബന്ധിച്ച ഒരു നയവും അത്യാവശ്യമാണ്. വെള്ളവും വായുവും നഷ്ടപ്പെടുത്തി ഒരു വികസനവും വേണ്ടെന്ന നിലപാടില്‍ സാധാരണക്കാര്‍ ഉറച്ചു നില്ക്കും. കാരണം എല്ലാ വികസനവും മനുഷ്യനുവേണ്ടിയാണല്ലോ.
മുംബൈ, ദല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നഗരങ്ങള്‍ എങ്ങനെ വളര്‍ന്നുവെന്നതും അതുപോലെ കൊച്ചി വളരണമെന്ന് ശാഠ്യം പിടിക്കുന്നതിലും പ്രസക്തിയില്ല. കൊച്ചിയ്ക്ക് അതിന്റെതായ പ്രത്യേകതകളും ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളും ഉണ്ട്. അതിനാല്‍ തന്നെ തനതായ വികസന കാഴ്ചപ്പാട് കൊച്ചിയ്ക്കുണ്ടാകണം. സംസ്ഥാനത്ത് എവിടെ വ്യവസായം വേണം, കൃഷി വേണം, പാര്‍പ്പിടം വേണം എന്ന നയം രൂപീകരിക്കേണ്ടതായിട്ടുണ്ട്. സംസ്ഥാനത്ത് ഏത് തരം വ്യവസായം വേണം ഏത് തരം വേണ്ട എന്ന് തീരുമാനിക്കേണ്ടതും ആവശ്യമാണ്. ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് ശാസ്ത്രീയ പരിഹാരം കാണേണ്ടതുണ്ട്. ഇതിന്റെയൊക്കെ ചുവടുപിടിച്ച് മാത്രമേ കൊച്ചി വികസനം സാധ്യമാകൂ. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസന നയം രൂപീകരിക്കേണ്ടത്. അതിനായി അവര്‍ക്ക് വിദഗ്ദ്ധരുടെ സേവനം ഉപയോഗപ്പെടുത്താം. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളത്ത് നടന്ന വിശാല കൊച്ചി വികസനം വിഭാവനം ചെയ്തതും നയം രൂപീകരിക്കുവാന്‍ നിര്‍ദ്ദേശം നല്കിയതും ബ്യൂറോക്രസിയായിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ കേള്‍വിക്കാരും കാഴ്ചക്കാരുമായി. വിശാല കൊച്ചി വികസന അതോറിറ്റി കൊച്ചിയില്‍ സംഘടിപ്പിച്ച വിഷന്‍ 2030 ല്‍ ഉയര്‍ന്നു കേട്ടത് പഴയകാല ബ്യൂറോക്രസിയുടെ ശബ്ദങ്ങളായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം പൊതുജനങ്ങള്‍ ആജ്ഞാനുവര്‍ത്തികളും പ്രകൃതിവിഭവങ്ങള്‍ പരമാവധി ചൂഷണം ചേയ്യേണ്ടുന്ന വസ്തുക്കളും നിയമങ്ങള്‍ ലംഘിക്കപ്പെടുവാനുള്ളതും രാഷ്ട്രീയക്കാര്‍ അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവരുമാണെന്ന സത്യം അറിയാത്തവര്‍ എത്ര പേരുണ്ട്.
ഒന്നു നശിച്ചാല്‍ അടുത്തത് എന്നതാണ് ബ്യൂറോക്രസിയുടെ രീതി. ഭൂമിയാണ് വികസനത്തിന്റെ അടിസ്ഥാനം, നിര്‍മാണ പ്രവൃത്തിയാണ് വികസനത്തിന്റെ സൂചിക. ജനങ്ങളെ അടിമകളായി കണ്ടിരുന്ന വിദേശമേല്‍ക്കോയ്മയുടെ തായ്വഴിക്കാരാണ് ബ്യൂറോക്രസി. വിസകനം ജനങ്ങള്‍ക്കുള്ളതാണെന്നും വികസനത്തില്‍ മനുഷ്യമുഖം വേണമെന്നുള്ളതും തിരിച്ചറിയേണ്ടത് നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. എന്നാല്‍ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് അകന്നു നില്‍ക്കലാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ഉദ്ഘാടനങ്ങളും ജനക്കൂട്ടത്തിന് മുന്നില്‍ ആളാകുന്നതുമാണ് ഭരണമെന്നും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. വോട്ടാണ് മുഖ്യം. അതിനാല്‍തന്നെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വിഷന്‍ 2030 ബ്യൂറോക്രാറ്റുകള്‍ക്ക് വഴിമാറിക്കൊടുത്ത് കൊച്ചിയുടെ വികസനം പഴയപോലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും നിലവില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങള്‍ അതേപടി നിലനിര്‍ത്തുന്നതിനും തീരുമാനിച്ചപോലെ തോന്നി. ഭരണഘടനയിലെ 74-ാം ഭേദഗതി പ്രകാരം ടൗണ്‍ പ്ലാനിംഗ് തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വമാണ്.ഇത്രയും നാള് വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥ പ്രമാണിമാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായിരുന്നുവെങ്കില് വികസനം ജന താല്‍പ്പര്യത്തിന് ഉതകുന്നതാകുകയെന്ന ലക്ഷ്യമാണ് എഴുപത്തിനാലാം ഭേദഗതി ജനപ്രതിനിധികള്‍ക്ക് നല്‍കിയിരിക്കുന്നത്. വിശാലകൊച്ചി വികസന മേഖല കൊച്ചി കോര്പ്പറേഷന്, 9 മുനിസിപ്പാലിറ്റികള്‍, 21 പഞ്ചായത്തുകള്‍ എന്നത്, കൊച്ചി മെട്രോപ്പോളീസ് റീജിയണല്‍ വികസന പ്രദേശം കൊച്ചി കോര്പ്പറേഷന്, 11 മുനിസിപ്പാലിറ്റികള്‍, 84 പഞ്ചായത്തുകള്‍ എന്ന നിലക്കാക്കി ഉപഗ്രഹ നഗരങ്ങള്‍ ഒരുക്കി വികസിപ്പിക്കുവാനാണ് ബ്യൂറോക്രാറ്റുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കൊച്ചി മെട്രോ പോളീസ് റീജിയണല്‍ വികസന പ്രദേശത്തിന്റെ ഭരണനിര്‍വഹണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കമ്മറ്റിയുടെ പ്രധാന സ്ഥാനങ്ങളൊക്കെ ഐഎസ്എസുകാരെ വയ്ക്കണമെന്ന് നിര്ദ്ദേശിക്കപ്പെട്ടിരിക്കയാണ്.അതായത് ഭരണഘടനാ ഭേദഗതിയനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നടത്തേണ്ട ടൗണ്‍ പ്ലാനിംഗ് പൂര്‍ണായും പഴയപോലെ ബ്യൂറോക്രസിയുടെ കൈകളിലെത്തുന്നതിനുള്ള പരിഷ്ക്കാരമാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതെല്ലാം ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ കേട്ടിരുന്നുവെന്നത് അസഹനീയമായിപ്പോയി. കൊച്ചി മെട്രോ പോളീസ് നടപ്പാകുമ്പോള്‍ ഉപഗ്രഹ നഗരത്തിനും റോഡിനും വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ വിലങ്ങു തടിയാകുക നെല്‍വയല്‍-തണ്ണീര്‍ത്തട നിയമങ്ങളും തീരദേശ സംരക്ഷണ നിയമങ്ങളുമാണെന്ന് എന്തോ അവതാരകന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത് എങ്ങനെ മറികടക്കാം എന്നതിനുള്ള വഴികളും പറഞ്ഞുതന്നു. നിയമമുണ്ടാക്കിയ നിയമനിര്‍മാണസഭകളെയും ജനപ്രതിനിധികളെയും വിഡ്ഢികളാക്കുന്നതുപോലെയായി ഇത്. ഓരോ നിയമവും നിലവില്‍വരുമ്പോള്‍ അതിന്റെ പോരായ്മകള്‍ തീര്‍ത്ത് അത് കാര്യക്ഷമമായി എങ്ങനെ നടപ്പാക്കാം എന്ന് ചിന്തിക്കുന്നതിനു പകരം നിയമം എങ്ങനെ മറികടക്കാനാകും എന്ന ചര്‍ച്ചയ്ക്ക് വിശാലകൊച്ചി വികസന അതോറിറ്റി നേതൃത്വം നല്‍കിയത് മോശമായിപ്പോയി. ബ്യൂറോക്രസിയ്ക്ക് നിയമങ്ങള്‍ അവരുടെ മാര്‍ഗ്ഗത്തിലെ മുള്ളുകളും സാധാരണക്കാര്‍ക്കും നാടിനും നിയമങ്ങള്‍ ദുസ്സഹമാകുന്ന ജീവിത സാഹചര്യങ്ങളില്‍നിന്നും ആശ്വാസവുമാണെന്ന് ജനപ്രതിനിധികള്‍ തിരിച്ചറിയണം.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുനരധിവാസ നിയമങ്ങളും സ്ഥലം ഏറ്റെടുക്കല്‍ നിയമങ്ങളുമാണ് ഇന്നും സ്ഥലമെടുപ്പിന് സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്. ഓരോ പദ്ധതി വരുമ്പോള്‍ അതില്‍ ചില ഭേദഗതികള്‍ വരുത്തി ഇരകള്‍ക്ക് സഹായകരമാക്കുന്നതൊഴിച്ചാല് സ്ഥലം ഏറ്റെടുക്കല്‍, കുടിയിറക്കല്‍, പുനരധിവാസ നിയമങ്ങളില്‍ കാര്യമായ ഭേദഗതികള്‍ക്ക് നാളിതുവരെ മാറ്റം വരുത്തി മനുഷ്യമുഖം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ കൊച്ചി വികസനത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന റിംഗ് റോഡുകള്‍ക്ക് വേണ്ടിയും ഉപഗ്രഹ നഗരങ്ങള്‍ക്ക് വേണ്ടിയും സബര്‍ബന്‍ റെയിലിന് വേണ്ടിയും ഖര-ദ്രവ മാലിന്യ സംസ്ക്കരണത്തിനുവേണ്ടിയും പദ്ധതികള്‍ വരുമ്പോള്‍ കുടിയൊഴുപ്പിക്കപ്പെടുന്നത് മൂലമ്പിള്ളികള്‍ ആവര്‍ത്തിക്കുന്ന പ്രക്രിയയായിരിക്കുമെന്നത് ഏതാണ്ട് ഉറപ്പായിരിക്കുന്നു. ജനങ്ങള്‍ക്ക് ശരിയായ വില നല്‍കാതെ പിടിച്ചെടുക്കുന്ന ഭൂമിയുടെ ചെലവ് കുറവാണെന്നതാണ് പദ്ധതിയുടെ സാധ്യത ഉറപ്പുവരുത്തുന്ന ഘടകം. വികസനം വരുമ്പോള്‍ കുറച്ച് ആളുകള്‍ അതിന്റെ ദുരിതം പേറണം എന്ന പഴയ പല്ലവി ഇനിയും കേള്‍ക്കേണ്ടിവരും എന്നതു തീര്‍ച്ചയാണ്. അതായത് വിശാലകൊച്ചി വികസനം പഴയ ബ്യൂറോക്രാറ്റിക് രീതിയിലാകുമ്പോള്‍ ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുമെന്നതാണ് വിഷന്‍ 2030 തരുന്ന സൂചനകള്‍.
കൊച്ചിയിലെ ജലം (കായല്‍)വേണ്ടവണ്ണം ഉപയോഗിക്കുന്നില്ലെന്ന പരാതിയാണ് ഒരു വികസന പദ്ധതി തീര്‍ക്കാന്‍ പോകുന്നത്. ജലജീവികളെയും കടലിനേയും ജൈവവൈവിധ്യത്തേയും സംരക്ഷിക്കേണ്ടതാണെന്ന് ആമുഖമായി പറയുന്ന പദ്ധതി കൊച്ചി കായലില്‍ നിന്ന് മണ്ണെടുത്ത് പുതിയ ദ്വീപുകള്‍ ഉണ്ടാക്കി അവയെ കണക്ട് ചെയ്ത് റോഡുണ്ടാക്കുന്നതിനും യാട്ടിംഗ്, ജല വിനോദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടിയാണത്രെ! കൊച്ചിയിലെ സാധാരണക്കാരന്റെ ജലവിനോദം നടക്കാത്തതിന്റെ അരിശം തീര്‍ക്കാന്‍ ഇത് ഉപകരിക്കുമത്രെ! ഇതിനുള്ള ഏക തടസ്സം തീരദേശ സംരക്ഷണ നിയമമാണ്.
ഇത് ഏകജാലകത്തിലൂടെ തീര്‍ത്തുകൊടുത്താല്‍ ഈ ബ്യൂറോ ക്രാറ്റിന് ആശ്വാസമാകും. കായല്‍ ഡ്രഡ്ജ് ചെയ്ത് പുതിയ ദ്വീപുകള്‍ ഉണ്ടാക്കുമ്പോള്‍ ജല ആവാസവ്യവസ്ഥയ്ക്കുണ്ടാകുവാന് പോകുന്ന ആഘാതം പുറത്ത് കാണില്ലല്ലോ. എന്നാലും പദ്ധതി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണെന്നാണ് വാദം. കൊച്ചിയുടെ ഭൗതിക സാഹചര്യത്തിന് രൂപാന്തരം വരുത്താതെ കുടിയൊഴിപ്പിക്കുന്നവനെ അഭയാര്ത്ഥിയാക്കാതെ വികസനത്തിന്റെ ഭാഗമാക്കുന്ന നിയമനിര്‍മാണം നടത്താതെ, നിലവിലുള്ള നിയമങ്ങള്‍ ഏകജാലകത്തിലൂടെ അട്ടിമറിച്ച് കൊച്ചി മെട്രോപോളീസ് ആക്കുന്നത് ജനവിരുദ്ധ നയമാണ്. ജനപ്രതിനിധികള്‍ ചിന്തിക്കണം ഇനിയും ബ്യൂറോക്രാറ്റിക് വികസനമാണോ നമുക്കാവശ്യം? എന്തായാലും? കൊച്ചിയുടെ വികസനത്തെക്കുറിച്ച് ജിഡയും ജിസിഡിഎയും കൊച്ചി കോര്‍പ്പറേഷനും കൊച്ചി പോര്‍ട്ടും ജില്ലാ ഭാരണകൂടവും വ്യത്യസ്തമായ രീതിയില്‍ ചിന്തിയ്ക്കുമ്പോള്‍ കൊച്ചി മെട്രോ പോളീസ് റീജ്യണല്‍ വികസന ഏരിയ (കെഎംആര്ഡിഎ) എന്ന സങ്കല്‍പ്പം സ്വാഗതാര്‍ഹമാണ്. ജനങ്ങള്‍ക്ക് ആവശ്യമുള്ള വികസനം ജനങ്ങള്‍ നിര്‍ദ്ദേശിക്കട്ടെ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: