ജീവന് പലതായിക്കാണുന്ന ജഡദൃശ്യങ്ങളില്‍ ആ ജീവന് എന്റേതെന്നു കരുതി ഒട്ടിപ്പിടിച്ചാല്‍ അതുതന്നെയാണ് സംസാരബന്ധം. ജഡവുമായി ബന്ധപ്പെട്ടതായാല്‍ ജീവന് ഇല്ലാതാകും. അതായത് ജീവന് പരമാത്മരൂപം കൈക്കൊള്ളും. ജീവന് പരമാത്മരൂപം കൈക്കൊള്ളുന്നതോടെ അഖണ്ഡബോധരൂപനായ പരമാത്മാവല്ലാതെ മറ്റൊന്നും നിലവിലില്ലെന്നു തെളിയുകയും ചെയ്യും.
ജഡത്തെ സങ്കല്‍പ്പിച്ചുണ്ടാക്കിയിട്ട് ഇതെന്റേതാണ് എന്നിങ്ങനെ ജീവന് അതിമമതാബദ്ധനാകുമ്പോഴാണ് ബന്ധം വന്നുചേരുന്നത്. സങ്കല്‍പ്പങ്ങള്‍ ബോധരൂപനായ ജീവന് സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാവുന്നവയാണ്. അപ്പോള്‍ സങ്കല്പ്പിച്ചുണ്ടാക്കുന്ന ജഡബന്ധമാണ് ബന്ധം. സങ്കല്‍പ്പം വെടിഞ്ഞാലോ? ജഡബന്ധമെല്ലാം ഇല്ലാതാകും. അതോടെ ചെറിയ ജീവബോധം അഖണ്ഡബോധമായി വികസിക്കും. അഖണ്ഡബോധം തന്നെയാണ് ബ്രഹ്മം അഥവാ പരമാത്മാവ്. അഖണ്ഡബോധത്തില്‍ സങ്കല്പ്പങ്ങളില്ലാത്തതുകൊണ്ട് ജഡബന്ധമില്ല. അവിടെ ബോധം കേവലമായി നിലനില്ക്കും. അതുതന്നെയാണ് കൈവല്യം അഥവാ പൂര്‍ണാനുഭൂതി.
അന്വേഷിച്ചറിയാനുള്ള വസ്തു ഉണ്ടെന്നുവന്നാല്‍ ആ വസ്തുവിനെ അന്വേഷിക്കുന്നയാള്‍ തന്നില്‍ ആരോപിച്ചതാണെന്നു തീര്‍ച്ച. അന്വേഷിക്കപ്പെടുന്ന വസ്തുക്കളില്ലാതായാല് അന്വേഷിച്ചയാള്‍ ഏകനായി ശേഷിക്കുമെന്നു തീര്‍ച്ച.
അന്വേഷിച്ചറിയേണ്ട എന്തും അന്വേഷിക്കുന്നയാള്‍ സ്വയം തന്നിലാരോപിക്കുന്ന വസ്തുവാണ്. എന്തുകൊണ്ട്? താനില്ലെന്നു വന്നാല്‍ ആ വസ്തു ഇല്ലാതാകും. അതുകൊണ്ട് ആ വസ്തു മറ്റുള്ളവര്ക്കുള്ളതായിക്കൂടെ എന്നു ചിലര്‍ സംശയിച്ചേക്കാം. ആ മറ്റുള്ളവര്‍ അന്വേഷിക്കുന്നവരാണെന്ന് ഈ സംശയാലുക്കള്‍ അറിയേണ്ടതാണ്. അന്വേഷിക്കുന്നവരുണ്ടെങ്കില്‍ ആരോപിതവസ്തുവുമുണ്ടാകും. അപ്പോള്‍ അന്വേഷിക്കപ്പെടുന്ന വസ്തുക്കള്‍ ഇല്ലാതായാല്‍ അന്വേഷിക്കുന്നയാളും ഇല്ലാതാകുമോ? ഇല്ലാതാവുകയില്ലെന്നു മാത്രമല്ല, അന്വേഷിക്കുന്നയാള്‍ പൂര്‍ണരൂപത്തില്‍ തെളിഞ്ഞവശേഷിക്കും. എവിടെയും അന്വേഷിക്കുന്നയാള്‍ ബോധവും അന്വേഷിക്കപ്പെടുന്നത് ജഡവുമാണ്. ബോധം സങ്കല്പ്പിച്ചാരോപിക്കുന്നവയാണല്ലോ ജഡദൃശ്യങ്ങളും. സങ്കല്‍പ്പങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതോടെ ആരോപിതജഡങ്ങളെല്ലാം ഇല്ലാതാകും. ശുദ്ധബോധം മാത്രം അവശേഷിക്കും. ഇതുതന്നെയാണ് പൂര്‍ണാനുഭൂതി.
സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: