ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ 1.76 ലക്ഷം കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയ 2-ജി സ്പെക്ട്രം കേസിനെ നിഷ്പ്രഭമാക്കി കല്‍ക്കരി കുംഭകോണ കേസില്‍ സര്‍ക്കാരിന്റെ ഖജനാവിന് വന്ന നഷ്ടം 1.86 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. 2004-06 കാലഘട്ടത്തില്‍ സ്വകാര്യ കമ്പനികള്‍ക്കും കല്‍ക്കരിപ്പാടം അനുവദിച്ചതു വഴിയാണ് 1.86 ലക്ഷം കോടിയുടെ നഷ്ടം. പ്രധാനമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലാണ് അഴിമതി നടന്നിട്ടുള്ളത്. മന്മോഹന്റെ കോര്‍പ്പറേറ്റ് പക്ഷപാതം കുപ്രസിദ്ധവുമാണ്. കല്‍ക്കരിപ്പാടം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത് ഉല്പാദനം കൂട്ടാനെന്നാണ് പ്രധാനമന്ത്രിയുടെ വാദം. ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ മേശപ്പുറത്ത് വരുന്നതോടെ പ്രതിപക്ഷത്തിന് ഇത് നല്ലൊരു ആയുധമായി പ്രധാനമന്ത്രിയുടെ രാജിതന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്.
2 ജി സ്പെക്ട്രം അഴിമതിയും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും യുപിഎ ഭരണത്തിന്റെ പ്രതിഛായ തകര്‍ത്തിരുന്നു. ഇതില്‍ എ. രാജയും കനിമൊഴിയും മറ്റും അറസ്റ്റിലായപ്പോഴും പ്രധാനമന്ത്രി 2 ജി ലേലത്തെപ്പറ്റി അറിഞ്ഞിരുന്നുവെന്ന രാജയുടെ പ്രസ്താവന നിരാകരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ കല്‍ക്കരി കുംഭകോണത്തില്‍ ടാറ്റ, ബിര്‍ള, നവീന്‍ ജിന്‍ഡാല്‍, ലക്ഷ്മി മിത്തല്‍, വേദാന്ത ഗ്രൂപ്പുകള്‍ ആണ് പിന്നില്‍. രാജ്യത്തിന്റെ അമൂല്യസമ്പത്താണ് കോര്‍പ്പറേറ്റ് പ്രീണനത്തിനുവേണ്ടി പ്രധാനമന്ത്രി വീതിച്ച് നല്‍കിയത്. ലേലം വേണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും ലേല ചട്ടങ്ങള്‍ തയ്യാറായത് 2012 ലാണത്രെ. കാലതാമസം ഒഴിവാക്കാന്‍ ലേലം ഒഴിവാക്കി. മന്‍മോഹന്‍സിംഗ് പ്രതിഛായയില്ലാത്ത പ്രധാനമന്ത്രി എന്ന് രാജ്യാന്തര മാധ്യമങ്ങള്‍പോലും വിമര്‍ശിച്ചിട്ടുണ്ട്. അഴിമതിരഹിതന്‍ എന്ന പ്രതിഛായയും ഇതോടെ തകര്‍ന്നടിയുകയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഈ അഴിമതിക്കറ പുരണ്ട മുഖങ്ങളുമായി വേണം യുപിഎ സര്‍ക്കാര്‍ ജനങ്ങളെ അഭിമുഖീകരിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: