കൊച്ചി: കൊച്ചിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍ക്ക് തുടക്കമിടാന്‍ വിശാലകൊച്ചി വികസന അതോറിറ്റി. കൊച്ചി മറൈന്‍ഡ്രൈവ്, ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം വികസനം, സ്മാര്‍ട്ട്സിറ്റി കൊച്ചി പോര്‍ട്ട്, എല്‍എജി ടെര്‍മിനല്‍, കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങിയ കൊച്ചിയുടെ വികസനക്കുതിപ്പിലേക്ക് ജിസിഡിഎ നടപ്പിലാക്കുന്ന പുത്തന്‍ പദ്ധതികളിലൂടെ കൊച്ചിയെ ഗ്ലോബല്‍ സിറ്റി എന്ന പദവിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിന്റെ രണ്ടാംഘട്ട വികസനവും നഗര ഗതാഗതം സുഗമമാക്കുന്നതിനായി 64 കി.മീറ്റര്‍ റിംഗ് റോഡുമാണ് വിഭാവനം ചെയ്തിട്ടുളളത്. 250 ഹെക്ടറില്‍ ട്രേഡ് സെന്റര്‍, ലോജിസ്റ്റിക് സെന്റര്‍, കണ്വെന്ഷന് സെന്റര്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ട്രാന്‍സ്പോര്‍ട്ട് ഹബ്ബ് തുടങ്ങി ഒട്ടനവധി പദ്ധതികളോടെയാണ് മറൈന്‍ഡ്രൈവിന്റെ രണ്ടാംഘട്ട വികസനം ലക്ഷ്യമിടുന്നത്. മറൈന്‍ഡ്രൈവിന്റെ രണ്ടാംഘട്ടം കടന്ന് പോകുന്ന ചാത്യാത്ത് മുതല്‍ മാടവനവരെയാണ് റിംഗ് റോഡിന്റെ രൂപകല്പന. അരൂര്‍ എന്‍.എച്ച് 47, മറൈന്‍ഡ്രൈവ് മുതല്‍ എന്‍എച്ച് 17, 47 സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, നെടുമ്പാശേരി എയര്‍പോര്‍ട്ട് തുടങ്ങി പ്രധാന റോഡുകളിലും സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലായിരിക്കും റിംഗ് റോഡ് നിര്‍മാണം. റോഡിന്റെ ജനറല്‍ അലൈന്മെന്റ് സംബന്ധിച്ച ആദ്യപഠനം പൂര്‍ത്തിയായിട്ടുണ്ട്.
തൃപ്പൂണിത്തുറ കണിയാവാലി തോടിനോട് ചേര്‍ന്ന് 250 ഏക്കറില്‍ വിഭാവനം ചെയ്യുന്ന ആരോഗ്യ നഗരം പദ്ധതിയായ കൊച്ചി ഹൈജിയ വാലീ പദ്ധതിയാണ് ജിസിഡിഎയുടെ മറ്റൊരു പദ്ധതി. 1200 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ നഗരത്തെ സംയോജിപ്പിച്ച് മെഡിക്കല്‍ ടൂറിസത്തിന് കൂടി പ്രാമുഖ്യം നല്‍കും. പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, ബോട്ട് ജെട്ടി, ഹെലിപാഡ്, വാക്-വേകള്‍ പ്രകൃതിയോടിണങ്ങുന്ന തരത്തിലുളള മറ്റു പദ്ധതികള്‍ എന്നിവയാണ് ഹൈജീയവാലിയില് ഉള്‍പ്പെടുത്തുക. പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്നവരെ ഉടന്‍ മാറ്റിപാര്‍പ്പിക്കും.
ചെല്ലാനം പ്രദേശത്തെ ടൂറിസം ആന്റ് ഫിഷറീസ് മേഖലയാക്കി ഉയര്‍ത്തുന്നതിനും ചെല്ലാനം പ്രത്യേക ടൗണ്‍ഷിപ്പ് മേഖലയാക്കുന്നതിനുമായി 250 ഏക്കറില്‍ പദ്ധതി ആവിഷ്കരിക്കും. നഗരത്തിലെ പാര്‍ക്കിംഗ് സൗകര്യക്കുറവ് കണക്കിലെടുത്ത് മറൈന്‍ഡ്രൈവ് വികസന പദ്ധതിയിലുള്‍പ്പെടുത്തി മറൈന്‍ഡ്രൈവില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കും. കൊമേഴ്സ്യല്‍ കോംപ്ലക്സിനൊപ്പം 1000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് അണ്ടര്‍ ഗ്രൗണ്ട് സംവിധാനമാണ് ഒരുക്കാനുദ്ദേശിക്കുന്നത്. 70 കോടിയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.
27 കോടി രൂപ ചെലവില്‍ ഫുട്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയും സ്പോര്‍ട്സ് കൗണ്‍സിലും ജിസിഡിഎയും ചേര്‍ന്ന് അംബേദ്കര്‍ സ്റ്റേഡിയം നവീകരിക്കും. സ്റ്റേഡിയത്തിന്റെ പ്രാഥമിക രൂപരേഖ തയാറാക്കിയിട്ടുണ്ട്. 15500 പേര്‍ക്കിരിക്കാവുന്ന തരത്തിലാണ് സ്റ്റേഡിയത്തിന്റെ രൂപരേഖ. ഫ്ലഡ്ലൈറ്റ്, കളിക്കാര്‍ക്കുളള വിശ്രമമുറി, ഗ്രൗണ്ട് ടര്ഫിങ്ങ് തുടങ്ങിയവയും പദ്ധതിയിലുള്‍പ്പെടും
ജിസിഡിഎയുടെ ഉടമസ്ഥതയിലുളള കലൂര്‍ മാര്‍ക്കറ്റ് കോംപ്ലക്സിന്റെ നവീകരണമാണ് മറ്റൊരു പദ്ധതി. കൂടുതല്‍ മുറികളും അടഞ്ഞ് കിടക്കുന്നതിനാല്‍ സാമൂഹ്യ വിരുദ്ധര്‍ സ്ഥലം കൈയ്യടക്കുന്ന ഘട്ടത്തിലാണ് ജിസിഡിഎ മാര്‍ക്കറ്റ് കോംപ്ലക്സ് നവീകരണത്തിന് ലക്ഷ്യമിടുന്നത്. നവീകരണത്തിന്റെ ടെക്നിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 1.76 കോടി ചെലവില്‍ കാക്കനാട് വ്യാപാര സമുച്ചയം, 150 കോടി ചെലവില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കോമ്പൗണ്ട്, മറൈന്‍ഡ്രൈവ് എന്നിവിടങ്ങളില്‍ സ്ഥിരം എക്സിബിഷന് സെന്റര്‍, എന്നിവയും നിര്‍മിക്കാന്‍ ജിസിഡിഎ ലക്ഷ്യമിടുന്നു.
നഗര ടൂറിസം വികസനത്തിനായി മറൈന്‍ഡ്രൈവിനോട് ചേര്‍ന്ന് എന്റര്ടെയ്ന്മെന്റ് സോണും ലേസര്‍ ഷോയുമാണ് മറ്റൊരു വികസന പ്രവര്‍ത്തനം. ലേസര്‍ ഷോ, റോപേ്വേ, ഓഷ്യനേറിയം, വാട്ടര്‍ സ്ക്രീന്‍ സിനിമ പ്രദര്‍ശനം തുടങ്ങിയവയാണ് ആരംഭിക്കാന്‍ ലക്ഷ്യമിടുന്നവ. കൊച്ചിയുടെ വികസന സ്വപ്നങ്ങള്‍ക്ക് പൂര്‍ത്തീകരണമേകാന്‍ ഇത്തരത്തില്‍ ദീര്‍ഘ വീക്ഷണത്തോടെയുളള 20-ഓളം പദ്ധതികളാണ് വിഷന്‍ 2030-മായി ബന്ധപ്പെട്ട് വിശാല കൊച്ചി വികസന അതോറിറ്റി രൂപപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: