കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോടതിയലക്ഷ്യക്കേസ്. കല്‍ക്കട്ട ഹൈക്കോടതിയാണ് മമതക്കെതിരെ കോടതിയലക്ഷ്യക്കേസ് ചുമത്തിയിരിക്കുന്നത്. നീതിന്യായവകുപ്പും അഴിമതിവിമുക്തമല്ലെന്ന് ആരോപിച്ച് മമത നടത്തിയ പ്രസംഗമാണ് കേസിനടിസ്ഥാനം. പ്രസംഗം പുറത്തുവിട്ട നാല് വാര്‍ത്താമാധ്യമങ്ങളോട് റിപ്പോര്‍ട്ടിന്റെ കോപ്പി മൂന്നാഴ്ചക്കകം സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
“നോട്ടുകെട്ടുകള്‍ നല്കിയാല് അനുകൂലവിധി സമ്പാദിക്കാന്‍ ഇന്നെളുപ്പമാണ്. ഇത്തരത്തിലുള്ള ഉത്തരവുകള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. നീതിന്യായവകുപ്പിലെ ഒരു വിഭാഗത്തിനിടയില്‍ അഴിമതി വ്യാപകമായിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ എനിക്കെതിരെ കേസെടുക്കാന്‍ സാധിക്കുമെന്നറിയാം. ജയിലില്‍ കിടക്കേണ്ടിവന്നാലും ഇക്കാര്യങ്ങള്‍ തുറന്നുപറയാതിരിക്കാന്‍ വയ്യ,” ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങിനിടെ മമത വ്യക്തമാക്കിയിരുന്നു.
അഡ്വക്കേറ്റ് ബികാഷ് ഭട്ടാചാര്യയാണ് മമതാ ബാനര്‍ജിയുടെ പ്രസംഗം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
സ്വാതന്ത്ര്യദിനാവധിക്കുശേഷം കോടതി കൂടിയ ഇന്നലെ ബികാഷ് പ്രസംഗം പുറത്തുവിട്ട മാധ്യമറിപ്പോര്‍ട്ടുകളുടെ കോപ്പിയും കോടതിയില്‍ ഹാജരാക്കി. ഇതേത്തുടര്‍ന്നാണ് കോടതി നടപടി. മാധ്യമങ്ങളോട് മൂന്നാഴ്ചക്കകം ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ കെ.ജെ. സെന്‍ഗുപ്ത, എ.കെ. മണ്ഡല് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.
മമതാ ബാനര്‍ജിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, യുപിഎ മുന്നണിയുടെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനക്ക് അനുകൂല നിലപാടാണ് കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് കൈക്കൊണ്ടത്. നീതിന്യായവകുപ്പ് സമൂഹത്തില്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടതിന്റെ ആവശ്യകതയാണ് മമതാ ബാനര്‍ജി പ്രസംഗത്തിലൂടെ ഉദ്ദേശിച്ചതെന്ന് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി മുന്‍ ജഡ്ജി അശോക് ഗാംഗുലിക്കെതിരെയും മമത കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. മമതയുടെ കാര്ട്ടൂണുകള് ഇ-മെയിലില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ അറസ്റ്റ് ചെയ്യപ്പെട്ട പ്രൊഫസര്‍ക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും അന്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്കാന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായ അശോക് ഗാംഗുലി ഉത്തരവിട്ടിരുന്നു. ഇത്തരം നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്നും വിധി പ്രസ്താവത്തിനിടെ കമ്മീഷന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: