കൊച്ചി: നാഷണല്‍ ന്യൂറോട്രോമ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 21-ാമത് വാര്‍ഷിക സമ്മേളനം 17 മുതല്‍ 19വരെ എറണാകുളം പനമ്പിള്ളി നഗര്‍ അവന്യു സെന്ററില്‍ നടക്കും. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അതിഥ്യമരുളുന്ന സമ്മേളനം 17നു വൈകുന്നേരം 5.30ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉദ്ഘാടനം ചെയ്യും.
മെല്‍ബണ്‍(ഓസ്ട്രേലിയ) ആല്‍ഫ്രഡ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന് പ്രഫസറും എമര്‍ജന്‍സി ആന്റ് ട്രോമ സെന്റര്‍ അക്കാദമിക് ഡയറക്ടറുമായ പ്രഫ. പീറ്റര്‍ കാമറോണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ന്യൂറോട്രോമ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. വസന്ത് കെ ദക്വാലെ അധ്യക്ഷത വഹിക്കും. സൊസൈറ്റി സെക്രട്ടറി ഡോ. വി.ഡി. സിന്‍ഹ പ്രസംഗിക്കും. സമ്മേളനത്തിന്റെ സംഘാടകസമിതി ചെയര്മാന് ഡോ. പി. ശ്രീകുമാര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറിയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ചീഫ് കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജനുമായ ഡോ. ആര്. ആര്. രവി നന്ദിയും പറയും. രാജ്യത്തിനകത്തും പുറത്തുംനിന്നുമായി 250ഓളം പ്രതിനിധികള്‍ പങ്കെടുക്കും.
കേന്ദ്ര നാഡീവ്യൂഹത്തിന്റെ ഭാഗമായ നാഡികള്‍ക്കുണ്ടാകുന്ന പരിക്കാണ് ന്യൂറോട്രോമ. ഗുരതരമായ ന്യൂറോട്രോമ തളര്‍ച്ചയ്ക്കും തലച്ചോറിലെ ക്ഷതത്തിനും മരണത്തിനും വരെ കാരണമായേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അപകടങ്ങളുടെ എണ്ണം ദിനംപ്രതിയെന്നോണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ന്യൂറോട്രോമ ചികിത്സയുടെ പ്രാധാന്യം ഏറിവരികയാണെന്ന് ഡോ. വി.ഡി. സിന്‍ഹയും ഡോ. ആര്.ആര്. രവിയും പറഞ്ഞു. നിലവില്‍ ന്യൂറോട്രോമ ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ വിരളമാണ്.
ഈ മേഖലയിലെ ചികിത്സാനുഭവങ്ങള്‍ വ്യക്തമാക്കുന്ന പ്രബന്ധാവതരണങ്ങള്‍, വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പരിചയസമ്പന്നരായ ന്യൂറോ സര്ജന്മാരുടെ പ്രഭാഷണങ്ങള്‍, ശസ്ത്രക്രിയകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ സെഷനുകള്‍, ഗവേഷണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ട്രെയിനികള്‍ക്ക് അറിവും വൈദഗ്ധ്യവും പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം അവരുടെ മികവിനെക്കുറിച്ച് വിദഗ്ധരുടെ വിലയിരുത്തലും നടക്കും. മികച്ച പ്രബന്ധങ്ങള്‍ക്കും അവതരണങ്ങള്‍ക്കും പുരസ്കാരം നല്‍കും.
പ്രഫ. പീറ്റര്‍ കാമറോണ്‍സ്(ഓസ്ട്രേലിയ), പ്രഫ. വായ് പൂണ്(ഹോങ്കോംഗ്), കെവിന് കെ. ഡബ്ല്യു വാംഗ്(അമേരിക്ക), ഡോ. സന്തോഷ് ഡി. ലാഡ്(മസ്കറ്റ്), മാത്യു കെ. ജോസഫ്(ഓസ്ട്രേലിയ), പ്രഫ. യംഗ് ഹസിയോ ചിയാംഗ്(തായ്വാന്) തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദേശ പ്രതിനിധികള്‍.
ഗുരതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്നതില്‍ ഡോക്ടര്‍മാരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ ഇത്തരം സമ്മേളനങ്ങള്‍ ഉപകരിക്കുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. സൊസൈറ്റിയുടെ സമ്മേളനം ഇത് രണ്ടാം തവണയാണ് കേരളത്തില്‍ നടക്കുന്നത്.
ന്യൂറോട്രോമ ചികിത്സയുടെ എല്ലാ മേഖലകളിലും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുക, ഈ രംഗത്ത് യോഗ്യതയുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും വിദഗ്ധ പരിശീലനം ലഭ്യമാക്കുക, ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, അറിവുകള്‍ കാലികമായി നിലനിര്‍ത്തുന്നതിന് ശില്‍പ്പശാലകളും സമ്മേളനങ്ങളും നടത്തുകയും പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുകയും ചെയ്യുക തുടങ്ങിയവയാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: