കൊച്ചി: പരമ്പരാഗതമായി കൈമാറിക്കിട്ടിയ അറിവുകളും ആയുര്വേദചര്യകളും ഉള്‍ക്കൊള്ളുന്നതിലൂടെ രോഗപ്രതിരോധം സാധ്യമാകുമെന്ന സന്ദേശവുമായി എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച കര്‍ക്കിടകക്കഞ്ഞി വിതരണം ശ്രദ്ധേയമായി. ഔഷധിയുമായി സഹകരിച്ച് സംഘടിപ്പിച്ച കര്‍ക്കിടകക്കഞ്ഞി വിതരണത്തില്‍ ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം നിരവധി പേര് പങ്കാളികളായി. ആയിരം പേര്‍ക്ക് കഞ്ഞി തയാറാക്കുന്നതിനുള്ള ഔഷധക്കിറ്റാണ് ജില്ല പഞ്ചായത്തിന് ഔഷധി നല്‍കിയത്.
ഔഷധി ചെയര്മാന് ജോണി നെല്ലൂരിന് കര്‍ക്കിടകക്കഞ്ഞി പകര്‍ന്നു നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ചികിത്സയുടെ ശീലങ്ങളില്‍ നിന്നും പ്രതിരോധമെന്ന കരുതലിലേക്ക് ചുവടു മാറ്റാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയാണ് കര്‍ക്കിടകക്കഞ്ഞി വിതരണത്തിലൂടെ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ആയുര്‍വേദത്തിലും പാരമ്പര്യവൈദ്യത്തിലും വിശ്വാസമര്‍പ്പിച്ച് ജീവിതശൈലി തെരഞ്ഞെടുക്കുന്നവര്‍ക്ക് കാലാവസ്ഥഭേദങ്ങള്‍ മൂലമുള്ള അസുഖങ്ങള്‍ താരതമ്യേന കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും രോഗങ്ങളുടെ പിടിയില്‍ നിന്ന് ശരീരത്തിന് പ്രത്യേക സംരക്ഷണം നല്‍കുന്നതിനും കര്‍ക്കിടകക്കഞ്ഞി ഉത്തമമാണെന്ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. അംബിക പറഞ്ഞു. വാതരോഗങ്ങള്‍ക്കും ഇത് ശമനം നല്‍കും. മഴക്കാലത്തെ ഭക്ഷണക്രമത്തിനായി ആയുര്‍വേദം നിര്‍ദേശിക്കുന്ന രീതികളില്‍ പ്രധാനപ്പെട്ടതാണ് കര്‍ക്കിടകക്കഞ്ഞി എന്ന ഔഷധക്കഞ്ഞി. ആറു തരം അരി, ജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, കുറുന്തോട്ടി, നിലപ്പന കിഴങ്ങ്, പുത്തരിച്ചുണ്ട വേര്, തഴുതാമ, ചങ്ങല പരണ്ട, പാറോത്തന്‍, തക്കോലം, ചുക്ക്, ശതകുപ്പ, ഏലത്തരി, കരയാമ്പൂ, നറുനീണ്ടിക്കിഴങ്ങ്, മഞ്ഞള്‍, ഇടിഞ്ഞില്‍, തേങ്ങാപ്പാല്‍ എന്നിവയാണ് മരുന്നുകഞ്ഞിയിലെ പ്രധാന ചേരുവകളെന്നും ഡിഎംഒ പറഞ്ഞു. രാവിലെയും വൈകുന്നേരവും മുടങ്ങാതെ മൂന്നു ദിവസമെങ്കിലും കഞ്ഞി സേവിക്കണം. കഞ്ഞി സേവിക്കുന്ന ദിവസങ്ങളില്‍ കഠിനാധ്വാനവും മത്സ്യമാംസാദികളും ഒഴിവാക്കണമെന്നാണ് ആയൂര്‍വേദ നിര്‍ദ്ദേശം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ. സോമന്, അഡ്വ. സാജിത സിദ്ദിഖ്, അംഗങ്ങളായ പി.എ. ഷാജഹാന്, ചിന്നമ്മ വര്‍ഗീസ്, നിഷ, ജെസി സാജു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഷാജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ കലാം ആസാദ്, സാക്ഷരത മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ കെ.വി. രതീഷ്, ഡോ. നിസാം, ആര്. അജിത് കുമാര്‍, കെ.എം. സുബൈദ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: