പറവൂര്‍: പറവൂരിന്റെ ലാന്റ്മാര്‍ക്കായി നൂറ്റാണ്ടുകളായി അറിയപ്പെടുന്ന നമ്പൂരിയച്ചന്‍ ആല്‍മരം കാലപ്പഴക്കത്തിന്റെ മറവില്‍ മുറിച്ചനീക്കാന് രഹസ്യ നീക്കം. പൊതുജന സംരക്ഷകരെന്ന ലേബലില്‍ ചിലരുടെ പരാതിയുടെ മറവിലാണ് പറവൂര്‍ പിഡബ്ല്യുഡി റോഡ് സെക്ഷന്‍ അന്വേഷണത്തിനായി വില്ലേജാഫീസിലേക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് വില്ലേജാഫീസര്‍ പറവൂര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താലൂക്കാഫീസില്നിന്നും തുടര്‍ റിപ്പോര്‍ട്ട് പിഡബ്ല്യുഡി റോഡ് സെക്ഷനിലെത്തുകയും അവിടെനിന്നും സോഷ്യല്‍ ഫോറസ്റ്റ് ഡിപ്പാര്ട്ടുമെന്റിലെത്തുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാര് അന്വേഷണത്തിനായി പറവൂരിലെത്തുകയും ചെയ്തു. ഹൈന്ദവ വിശ്വാസത്തിനപ്പുറം പറവൂരിന്റെ സംസ്ക്കാരിക പൈതൃകം പേറുന്ന ഈ ആല്‍മരം മുറിച്ചുനീക്കാന്‍ തുനിഞ്ഞാല്‍ വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കി തല്ക്കാലം ശ്രമം മാറ്റുകയായിരുന്നു. കാലപ്പഴക്കത്തിന്റെ മറവില്‍ നമ്പൂരിയച്ചന്‍ ആല്‍മരം മുറിച്ചുനീക്കാന്‍ ശ്രമിക്കുന്ന ഗൂഢ സംഘത്തെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പറവൂരിലെ വിശ്വാസികളും നമ്പൂരിയച്ചന്‍ ട്രസ്റ്റ് അംഗങ്ങളും.
ജീവിതത്തിലൊരിക്കലെങ്കിലും പറവൂരിലെത്തുന്ന ആരും തന്നെ നമ്പൂരിയച്ചന്‍ ആല്‍മരത്തെ ശ്രദ്ധിച്ചുകാണും. പറവൂരിന്റെ നാളിതുവരെയുള്ള ചരിത്രം നെഞ്ചിലേറ്റി അഭിമാനത്തോടെ തേജസ്സോടെ തല ഉയര്‍ത്തി നില്‍ക്കുകയാണീ വൃക്ഷ മുത്തച്ഛന്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരവും നമ്പൂരിയച്ചന്റെ ചരിത്രവും ഐതിഹ്യമാല മുതല്‍ പുതിയതലമുറയിലെ എഴുത്തുകാരനായ സേതുവിന്റെ മറുപിറവിയില്വരെ രേഖപ്പെടുത്തിയിട്ടുണ്ട്. നിരൂപകശ്രേഷ്ഠനായ എം.കൃഷ്ണന് നായര്‍ മുതല്‍ മലയാറ്റൂര്‍ രാമകൃഷ്ണന് വരെ പലപ്പോഴും തന്റെ എഴുത്തുകളില്‍ പറവൂര്‍ നമ്പൂരിയച്ചന്‍ ആലിനെ പരാമര്‍ശിച്ചിട്ടുണ്ട്. പറവൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ആലിനെക്കുറിച്ച് വിശ്വ വിജ്ഞാനകോശത്തില്‍ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ശക്തി പൂജകനും മഹാമാന്ത്രികനുമായിരുന്ന പുളിയാമ്പിള്ളി നമ്പൂതിരിയുടെ ആത്മാവ് തന്റെ ഇഷ്ടദൈവമായിരുന്നു ദേവീചൈതന്യത്തോടെ ഈ ആലില്‍ കുടികൊള്ളുന്നതായാണ് ഐതിഹ്യം.
പറവൂരിലെ മുഴുവന്‍ ജനവിഭാഗവും ഈ വൃക്ഷ മുത്തച്ഛനെ ദര്‍ശിക്കാതെ വീടുകളിലേക്ക് മടങ്ങാറില്ല. ആല്‍മരത്തിലെ ചൈതന്യ പ്രതിഷ്ഠയില്‍ നിത്യവും വിളക്കു കൊളുത്തി ആരാധനയും നടക്കുന്നുണ്ട്. മണ്ഡല വ്രതക്കാലത്ത് 41 നും മകരചൊവ്വയ്ക്കും മുഴുവന്‍ ദിവസ പൂജകള്‍ നടക്കാറുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലെ ഉന്നതന്മാരില് ഭൂരിഭാഗവും ഒട്ടനവധി സമ്മേളനങ്ങളില്‍ ഈ ആലിന്‍ചുവട്ടിലെ വേദിയില്‍ പ്രസംഗിച്ചിട്ടുണ്ട്. തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ടി.കെ.നാരായണപിള്ള മുതല്‍ ജനാധിപത്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ്, ആര്.ശങ്കര്‍, സി.അച്യുത മേനോന്, കെ.കരുണാകരന്, വി.കെ.വാസുദേവന്‍ നായര്‍, സി.എച്ച്. മുഹമ്മദ് കോയ എന്നിവരുള്‍പ്പടെയുള്ളവരുടെ പട്ടിക വളരെ നീണ്ടതാണ്.
മഹാമാന്ത്രികനും തികച്ചും സാത്വികനുമായിരുന്ന പുളിയാമ്പിള്ളി നമ്പൂതിരി തന്റെ ഇഷ്ടദൈവമായിരുന്ന ദേവീ ചൈതന്യത്തോടൊപ്പം കുടികൊള്ളുന്ന ഈ ആല്‍മരം മുറിച്ചുനീക്കാനുള്ള ഏതൊരു നീക്കത്തേയും ശക്തമായി നേരിടുമെന്നും പറവൂരിലെ ജനങ്ങളൊന്നടങ്കം ഈ ശ്രമത്തിന് പിന്നിലുണ്ടാകുമെന്നും വിവിധ സംഘടനാ നേതാക്കള്‍ ഉറപ്പിച്ച് പറഞ്ഞു.
സോമന് ആലപ്പാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: