ഇസ്ലാമാബാദ്: സുപ്രീം കോടതിയുടെ ഭരണഘടനാ വിരുദ്ധമായ നടപടിക്കെതിരെ മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി. ഇത്തരം നടപടികള്‍ ഇനി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതി ആരോപണത്തെച്ചൊല്ലി പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫ് കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗിലാനിയുടെ പ്രഖ്യാപനം. ഭരണകക്ഷിയായ പിപിപിയുടെ വൈസ് ചെയര്മാന് കൂടിയാണ് യൂസഫ് റാസാ ഗിലാനി.
കോടതിയലക്ഷ്യ നടപടിയെത്തുടര്‍ന്നാണ് ഗിലാനിക്കും സ്ഥാനമൊഴിയേണ്ടിവന്നത്. എല്ലാ ദിവസവും ഞായറാഴ്ചയല്ലെന്നും രാജാപര്വേശിനെ അയോഗ്യനാക്കിയാല്‍ വന്‍ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ഗിലാനി കോടതിക്ക് മുന്നറിയിപ്പ് നല്കി. എന്ത് വില കൊടുത്തും സുപ്രീം കോടതി നടപടി തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് രാജാപര്വേശിന് മേല്‍ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 27 ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പര്‍വേശ് അയോഗ്യനാക്കപ്പെടുമെന്നാണ് നിയമജ്ഞര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കോടതി നിര്‍ദ്ദേശപ്രകാരം 27 ന് പര്‍വേശ് ഹാജരാകുമോ എന്ന ചോദ്യത്തിന് അതുകൊണ്ട് കാര്യമില്ലെന്നായിരുന്നു ഗിലാനിയുടെ മറുപടി. ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാനാണ് തനിക്കെതിരായ നടപടി അംഗീകരിച്ചത്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ അങ്ങനെയാവില്ലെന്നും ഗിലാനി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കില്ല. എന്തുവില കൊടുത്തും ഇത്തരം നടപടിയെ പ്രതിരോധിക്കുമെന്നും ഗിലാനി വ്യക്തമാക്കി. തെരഞ്ഞെടുപ്പിലൂടെ നിയമിക്കുന്ന ഒരാളെ ഇത്തരത്തില്‍ പുറത്താക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പുകൊണ്ട് ഒരു ഫലവുമില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് എന്ന സമ്പ്രദായത്തെ അവസാനിപ്പിക്കേണ്ടതായിവരുമെന്നും ഗിലാനി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: