ന്യൂദല്‍ഹി: ആസാം കലാപത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നടത്തിയ അക്രമത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുകളുണ്ടെന്ന് പോലീസ്. കലാപത്തിന് പിന്നില്‍ ഭീകരവാദികള്‍ക്കും ആസാമില്നിന്നുള്ളവര്ക്കും പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ആസാദ് മൈതാനിയില്‍ നടന്ന കലാപത്തിന് തുടക്കം കുറിച്ചത് പ്രതിഷേധക്കാരല്ല. ആയുധങ്ങളുമായി പുറമെനിന്നെത്തിയവരാണ് കലാപത്തിന് പുറകിലെന്ന് പോലീസ് അറിയിച്ചു. മുംബൈ കലാപം മുന്‍കൂട്ടി നിശ്ചയിച്ചതാണ്. ആസാമിലെ കലാപങ്ങളില്‍ പ്രതിഷേധിച്ച് റാസ അക്കാദമി എന്ന മുസ്ലീം സംഘടന സംഘടിപ്പിച്ച പ്രകടനമാണ് അക്രമാസക്തമായത്. അക്രമത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അറസ്റ്റിലായവര്‍ക്ക് ആസാം കലാപവുമായി ബന്ധമുണ്ടോയെന്ന് അറിയാന്‍ ഇവരെ ചോദ്യം ചെയ്താല്‍ ആസാമിലുള്ള ചിലരെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
മുംബൈയിലെ കലാപത്തിന് പിന്നില്‍ ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐഡിയുഎഫ്) എന്ന പാര്‍ട്ടിക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു. എന്നാല്‍ മുംബൈ കലാപത്തില്‍ എഐഡിയുഎഫിന് പങ്കുണ്ടെന്ന ആരോപണം പാര്‍ട്ടി തലവന്‍ ബദറുദ്ദീന്‍ അജ്മല്‍ നിഷേധിച്ചു. ദുബ്രിയില്നിന്നുള്ള ലോകസഭാംഗമായ അജ്മല്‍ ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സല്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൗണ്‍സില്‍ ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങള്‍ക്കെതിരാണെന്നും അജ്മല്‍ വാദിച്ചിരുന്നു. മുംബൈയില്‍ അജ്മലിന് പ്രത്യേക വ്യാപാര താല്പര്യമുള്ളതായും പറയപ്പെടുന്നു.
പ്രതിഷേധപ്രകടനത്തിന് പുറമെനിന്ന് ആയിരത്തോളം പേര് പങ്കെടുത്തതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പ്രതിഷേധസ്ഥലത്ത് ആയുധധാരികള്‍ സംഘമായി എത്തിയിരുന്നു. സിഎസ്ടി സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ അക്രമാസക്തരായ ഇവരുടെ പക്കല്‍ പെട്രോള്‍, ഇരുമ്പ് ദണ്ഡ്, ഹോക്കി സ്റ്റിക്ക്, കഠാര, വടി തുടങ്ങിയ ആയുധങ്ങളുണ്ടായിരുന്നു. ആസാം കലാപത്തിന്റെയും മ്യാന്മര് കൂട്ടക്കൊലയുടെയും വ്യാജ ചിത്രങ്ങള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ആരെന്നോ എവിടെനിന്ന് വന്നെന്നോ വ്യക്തമാക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അക്രമികള്‍ക്ക് റാസാ അക്കാദമിയുമായി ബന്മാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി അന്വേഷിക്കുക. ഭീകരസ്വഭാവമുള്ള ന്യൂനപക്ഷ സംഘടനകളെയും നിരീക്ഷിക്കുന്നുണ്ട്. അധോലോകം, ലഷ്കറെ തൊയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നിവര്‍ക്ക് കലാപത്തില്‍ ബന്ധമുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: