ന്യൂദല്‍ഹി: ഒളിമ്പിക്സ് ബാഡ്മിന്റണില്‍ വെങ്കലമെഡല്‍ നേടി ചരിത്രം കുറിച്ച സൈന നെഹ്വാള് നാട്ടില്‍ തിരിച്ചെത്തി. ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രാവിലെ ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്നിറങ്ങിയ സൈനയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്.
ഒളിമ്പിക് ബാഡ്മിന്റണില്‍ ആദ്യമായി മെഡല്‍ നേടിയ ഇന്ത്യന്‍ താരമാണ് സൈന നെഹ്വാള്. ലോകരണ്ടാം നമ്പര്‍ താരം സിന് വാംഗ് പരുക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് സൈനയെ ലൂസേഴ്സ് ഫൈനലില്‍ വിജയിയായി പ്രഖ്യാപിച്ചത്. എങ്കിലും തികഞ്ഞ പ്രൊഫഷണലിസവും വീറുറ്റ പോരാട്ടവീര്യവുമാണ് ലണ്ടനില്‍ സൈന പുറത്തെടുത്തത്.
ആരാധകരുടെ സ്നേഹോഷ്മള സ്വീകരണത്തിന് ചെറുപുഞ്ചിരിയോടെയും കൈവീശി അഭിവാദ്യം ചെയ്തുമാണ് സൈന പ്രതികരിച്ചത്. സൈനയെ സ്വീകരിക്കാന്‍ അച്ഛന് ഹര്‍വീര്‍ സിംഗും എത്തിയിരുന്നു. വെയ്റ്റ്ലിഫ്റ്റിംഗില്‍ വെങ്കല മെഡല്‍ നേടിയ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് സൈന.
സൈനയ്ക്കൊപ്പം മറ്റ് ബാഡ്മിന്റണ്‍ താരങ്ങളായ പി കശ്യപ്, അശ്വനി പൊന്നപ്പ, ജ്വാല ഗുട്ട എന്നിവരും തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: