കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി കാന്റീനില്‍ പ്രതികരണ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാന്റീനിലും, ആലപ്പുഴ മെഡിക്കല്‍ കോളേജ് കാന്റീനിലും അടുത്തിടെ പഴകിയ ഭക്ഷണവും, ആഹാരത്തില്‍ പഴുതാരയെയും കണ്ടെത്തിയെന്ന വാര്‍ത്തകളെ തുടര്‍ന്നുള്ള പശ്ചാത്തലത്തിലാണ് ജനറല്‍ ആശുപത്രി കാന്റീനില്‍ ഇത്തരത്തിലുള്ള പരിശോധന നടത്തുവാന്‍ സമിതി തയ്യാറായതെന്ന് ചെയര്മാന് എന്‍.ജി.ശിവദാസ് പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ആശുപത്രി കാന്റീനുകളും മറ്റു ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും, ശുചിത്വത്തോടുകൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണോ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് സമിതി പരിശോധന നടത്തും. പഴകിയ ഭക്ഷണങ്ങളോ, വൃത്തിഹീനമായ അന്തരീക്ഷത്തിലോ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ സംബന്ധിച്ച് സമിതി പ്രവര്‍ത്തകര്‍ക്ക് ബോദ്ധ്യപ്പെട്ടാല്‍ ഫുഡ് സേഫ്സ്റ്റി കമ്മീഷണറുടേയും, ആരോഗ്യവകുപ്പിന്റേയും ശ്രദ്ധയില്‍പ്പെടുത്തി മേല്‍നടപടികള്‍ക്കായി പ്രേരിപ്പിക്കുക എന്നതാണ് ജനകീയ പരിശോധനകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശിവദാസ് പറഞ്ഞു.
സമിതി ഭാരവാഹികളായ ഭാസ്ക്കരന്‍ മാലിപ്പുറംകെ.എ.ലാസര്‍, മാത്യു കോന്നോത്ത്, ടി.പി.സമ്മേള്, അഡ്വ.സുഭാഷ് നായരമ്പലം, ലീല അനില്‍കുമാര്‍, സീനത്ത് ഉമ്മര്‍, മുഹമ്മദ് പള്ളുരുത്തി, കെ.വി.പ്രമോദ്, തെരുവോര പ്രവര്ത്തകന് മുരുകന് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: