കൊച്ചി: നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി രൂപം കൊടുക്കുന്ന ഡാറ്റബാങ്കിലെ കൃത്രിമം തടയാന്‍ പരിസ്ഥിതി, സാമൂഹ്യ സംഘടനകളും വ്യക്തികളും മുന്നോട്ടു വരണമെന്ന് ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അഭ്യര്‍ഥിച്ചു. നേരത്തെ തയാറാക്കിയ ഡാറ്റബാങ്കിലെ തെറ്റുകള്‍ തിരുത്തുന്നതിനാണ് ഇപ്പോള്‍ പുനഃപരിശോധന നടത്തുന്നത്. ഈ പുനഃപരിശോധനയില്‍ വീണ്ടും തെറ്റുകള്‍ കടന്നു കൂടുന്നത് തടയുന്നതിനാണ് പരിസ്ഥിതി, സാമൂഹ്യ സംഘടനകളുടെ സഹകരണം തേടുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.
ഡാറ്റബാങ്ക് തയാറാക്കുന്നതിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഡപ്യൂട്ടി കളക്ടര്‍ (ഭൂപരിഷ്കരണം), ആര്.ഡി.ഒ എന്നിവരെ വിവരമറിയിക്കണം. ഈ പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കും. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.
നിലമായി രേഖകളിലുള്ള പല സ്ഥലങ്ങളും പുരയിടമായി ഡാറ്റബാങ്കില്‍ ഇടം പിടിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ആഗസ്റ്റ് 12 അടിസ്ഥാനമാക്കിയാണ് ഭൂമിയുടെ സ്വഭാവം രേഖപ്പെടുത്തേണ്ടത്. ഡാറ്റബാങ്കിലെ വിവരങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കുമെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവരശേഖരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
നെല്‍വയലുകള്‍ നിലമാണെന്ന് രേഖപ്പെടുത്തുന്നതിന് പുറമെ തണ്ണീര്‍ത്തടങ്ങളുടെ സ്ഥിതിയും അതേപടി ഡാറ്റബാങ്കിലുണ്ടാകണം. തണ്ണീര്‍ത്തടങ്ങള്‍ നിലമായി രേഖപ്പെടുത്തുന്നത് കുറ്റകരമാണ്. തരിശിട്ടിരിക്കുന്നതടക്കം എല്ലാത്തരം നെല്‍വയലുകളും അനുബന്ധമായുള്ള ചിറകള്‍, ചാലുകള്‍, കൈത്തോടുകള്‍ എന്നിവയും നെല്‍വയലിന്റെ നിര്‍വചനത്തില്‍ വരുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. കായലുകള്‍, അഴിമുഖങ്ങള്‍, ചെളിപ്രദേശങ്ങള്‍, കടലോരക്കായലുകള്‍, കണ്ടല്‍ക്കാടുകള്‍, ചതുപ്പുനിലങ്ങള്‍, ചതുപ്പിലെ കാടുകള്‍ തുടങ്ങിയവ തണ്ണീര്‍ത്തടമാണെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നെല്‍ക്കൃഷിക്ക് അനുയോജ്യമല്ലാത്തതും മണല്‍ ഖാനനം, മണ്ണെടുപ്പ് എന്നിവ നടന്നിട്ടുള്ള പ്രദേശങ്ങളും ചാലു കീറി ചിറകളുണ്ടാക്കി വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തിയ സ്ഥലങ്ങളും മറ്റ് വെള്ളക്കെട്ടുകളും തണ്ണീര്‍ത്തടങ്ങളായി രേഖപ്പെടുത്തണം.
അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍, തണ്ടപ്പേര് രജിസ്റ്റര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഡാറ്റബാങ്ക് തയാറാക്കേണ്ടത്. എന്നാല്‍ പരിശോധന നടക്കുമ്പോള്‍ രേഖകളില്‍ നിന്നും വ്യത്യസ്തമായി കാണപ്പെട്ടാല്‍ നിയമം നിലവില്‍ വന്ന ദിവസം ഭൂമിയുടെ സ്വഭാവം എന്തായിരുന്നെന്ന് കണ്ടെത്തി അത് ഡാറ്റബാങ്കില്‍ രേഖപ്പെടുത്തണം.നികത്തിയത് നിയമം വന്നതിന് ശേഷമാണെന്ന് ഉത്തമബോധ്യമുള്ള കേസുകള്‍ നെല്‍വയല്‍ അല്ലെങ്കില്‍ തണ്ണീര്‍ത്തടം എന്നു തന്നെ രേഖപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
ഡാറ്റബാങ്കില്‍ ഉള്‍പ്പെടുന്ന ഭൂമിക്ക് നെല്‍വയല്‍, തണ്ണീര്‍ത്തടം, നികത്തുഭൂമി എന്നീ തരംതിരിവുകള്‍ മാത്രമേ ഉപയോഗിക്കാവൂ. പുരയിടം എന്ന് രേഖപ്പെടുത്തരുത്. മത്സ്യക്കൃഷിക്കൊഴികെ മറ്റൊരു കൃഷിക്കും അനുയോജ്യമല്ലാത്ത നിലയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം അടിസ്ഥാന നികുതി രജിസ്റ്ററില്‍ നിലമാണെങ്കില്‍ പോലും ഡാറ്റബാങ്കില്‍ തണ്ണീര്‍ത്തടമായി രേഖപ്പെടുത്തണമെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: