കൊച്ചി: വാഹനങ്ങളിലെ സണ്‍ കണ്ട്രോള് ഫിലിമുകള്‍ നീക്കം ചെയ്യാത്തവര്‍ക്കെതിരെ ഇന്ന് മുതല്‍ ജില്ലയില്‍ നടപടി കര്‍ശനമാക്കുമെന്ന് ആര്.ടി.ഒ ടി.ജെ. തോമസ് അറിയിച്ചു. സണ്‍ കണ്ട്രോള് ഫിലിം ഒട്ടിച്ചിട്ടുള്ള വാഹനങ്ങളുടെ ഉടമകളുടെ പേരില്‍ കേസെടുത്ത് കോടതിയിലേക്ക് അയക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ജോയിന്റ് ആര്.ടി.ഒമാര്‍ക്കും നല്‍കിയിട്ടുണ്ട്.
ഇതുവരെ സണ്‍ കണ്ട്രോള് ഫിലിമുകള്‍ നീക്കം ചെയ്യിപ്പിച്ച് 100 രൂപ പിഴ അടപ്പിക്കുകയാണ് ചെയ്തിരുന്നതെന്ന് ആര്.ടി.ഒ പറഞ്ഞു. ഇനി മുതല്‍ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കി കേസെടുക്കും. നിയമപരമായ ഉത്തരവുകളുടെ ലംഘനമാണ് വാഹന ഉടമയുടെ പേരില്‍ ചുമത്തുകയെന്നും ആര്.ടി.ഒ വ്യക്തമാക്കി.
വാഹനങ്ങളിലെ സണ്‍ കണ്ട്രോള് ഫിലിം നീക്കം ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നത്. ഉത്തരവ് പാലിക്കാത്ത സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ക്കും പോലീസ് കമ്മീഷണര്‍മാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: