അങ്കമാലി: മഞ്ഞപ്ര, കാലടി, അങ്കമാലി തുടങ്ങിയ ബിവറേജുകളില്നിന്നും മാഹി, ഗോവ, എന്നിവിടങ്ങില്‍നിന്നും വിലകുറഞ്ഞ മദ്യം വാങ്ങി മലയാറ്റൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദേശമദ്യത്തിന്റെ ചില്ലറ വില്‍പ്പന സജ്ജീവമാകുന്നു. ബിവറജസ് കോര്‍പ്പറേഷനുകളില്‍നിന്നും വാങ്ങിയാണ് വില്‍പ്പന നടത്തുന്നുവെന്ന് പ്രചരിപ്പിച്ച് 30 മുതല്‍ 70 രൂപ വരെ ഓരോ കുപ്പിയ്ക്കും കൂടുതല്‍ വാങ്ങിയാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. രാത്രിയും പകലും ഇത്തരത്തിലുള്ള മദ്യവില്‍പ്പന നടക്കുന്നുണ്ട്. മദ്യശാലകള്‍ അവധിയായ ഒന്നാം തിയതിയും ഹര്‍ത്താല്‍ പോലുള്ള ദിവസങ്ങളിലും ഇത്തരം കച്ചവടക്കാര്‍ക്ക് ചാകരയാണ്. ബിവറജസ് കോര്‍പ്പറേഷന്റെ വിവിധ ഔട്ട്ലെറ്റുകളില്‍നിന്നും വാങ്ങുന്ന മദ്യത്തിനൊപ്പം ഗോവന്‍ നിര്‍മ്മിത വിദേശമദ്യമാണ് വ്യാപകമായി വിറ്റഴിക്കുന്നതത്രെ. കേരളത്തില്‍ വില്പ്പനയില്ലാത്ത ബ്രാന്റ് മദ്യവും വിറ്റഴിക്കുന്നു. ഇത്തരത്തിലുള്ള 48 കുപ്പി മദ്യവുമായി കഴിഞ്ഞ ദിവസം കാഞ്ഞൂര്‍ സ്വദേശി ആലൂര് വീട്ടില്‍ രാജന്റെ മകന് വിനു(27)വിനെ കാലടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.പി. ജീസനും സംഘവും പിടികൂടിയിരുന്നു. ഓട്ടോറിക്ഷയില്‍ മദ്യം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്കുന്നതിനിടെയാണ് കാലടി ടൗണില്‍നിന്ന് ഇയാള്‍ പിടിയിലായത്. ഗോവന്‍ നിര്‍മ്മിത വിദേശമദ്യമാണെന്ന് എക്സൈസ് സംഘം വ്യക്തമാക്കിയെങ്കിലും ലേബല്‍ മാത്രമാണ് ഗോവനെന്നും മദ്യം കേരളത്തില്‍തന്നെ രഹസ്യകേന്ദ്രത്തില്‍ സ്പിരിറ്റില്‍ കളര്‍ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണെന്നും പറയപ്പെടുന്നു. എന്നാല്‍ പിടികൂടിയ മദ്യത്തിന്റെ ഉറവിടം സംബന്ധിച്ചൊ എങ്ങോട്ടാണ് കൊണ്ടുപോയതെന്നൊ എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല. ഓണത്തോടനുബന്ധിച്ച് നടന്ന ഈ പരിശോധന പ്രഹസനമാണെന്നും ആക്ഷേപമുണ്ട്. മദ്യശാലകള്‍ ഇല്ലാത്ത മലയാറ്റൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളിലാണ് മദ്യത്തിന്റെ ചില്ലറ വില്‍പ്പന വ്യാപകമാകുന്നത്. കാലടി പഞ്ചായത്തിലെ മേക്കാലടി, റേഡിയോ കവല എന്നിവിടങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യംവച്ച് മദ്യത്തിന്റെയും നിരോധിക്കപ്പെട്ട പാന്‍മസാലയുടെയും വില്‍പ്പന വ്യപകമാണെന്നും പരാതിയുണ്ട്. മലയാറ്റൂര്‍ പഞ്ചായത്തിലെ നടുവട്ടം, നീലീശ്വരം, തോട്ടുവ, മധുരിമ ജംഗ്ഷന്, കാടപ്പാറ-ചമ്മനി, കൊറ്റമം, കമ്പനിപ്പടി എന്നിവടങ്ങളിലും മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന് നാട്ടുകാരുടെ പരാതിയുണ്ട്. മദ്യവില്‍പ്പന സംബന്ധിച്ച് പോലീസില്‍ രഹസ്യവിവരം നല്കിയാലും പരിശോധനയില്ലെന്നും വിളിക്കുന്നയാളുടെ പേരും വിലാസവും മനസിലാക്കാനാണ് പോലീസിന് വ്യഗ്രതയെന്നും പരാതിയുണ്ട്. എക്സൈസ് ഓഫീസില്‍ വിവരം അറിയിച്ചാല്‍ കഴിഞ്ഞ ദിവസം അവിടെ പരിശോധന നടത്തിയല്ലൊ എന്നാണത്രെ മറുപടി. നീലീശ്വരം, മുണ്ടങ്ങാമറ്റം, കാടപ്പാറ എന്നിവിടങ്ങലില്‍ ചില വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍വരെ വിദേശമദ്യത്തിന്റെ ചില്ലറ വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്. വിവാഹ സല്‍ക്കാരങ്ങള്‍ക്കും മറ്റും മുന്തിയ ഇനം മദ്യം ഹോള്‍സെയിലായി എത്തിക്കുന്ന സംഘങ്ങളും പ്രദേശത്ത് ഉണ്ടെന്നറിയുന്നു. ബിവറജസ് കോര്പ്പറേഷനുകളില്നന്നും വാങ്ങുന്നതിനേക്കാള്‍ 20 – 30 രൂപ കുറച്ചാണ് ഇത് വിതരണം നടത്തുന്നത്. മിലിട്ടറി എന്ന പേരിലാണ് ഇത് എത്തുന്നതത്രെ. എന്നാല്‍ ബാറുകളിലേയ്ക്ക് വേണ്ടി രഹസ്യ കേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്ന വ്യാജമദ്യമാണ് ഇതെന്നും ഇത്തരം ബോട്ടിലിങ് കേന്ദ്രങ്ങള്‍ ജില്ലയില്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: