മൂവാറ്റുപുഴ: ഇലക്ട്രിസിറ്റി ഇന്ന് ഓക്സിജന്‍ തുല്യമാണെന്ന് കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി കെ. സി. വേണുഗോപാല്‍. പവര്‍ഗ്രിഡ് സ്തംഭനം ഇലക്ട്രിസിറ്റിയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സഹായകമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലങ്കര കത്തോലിക്ക രൂപത നിര്‍മ്മിച്ച സോളാര്‍ പവര്‍ മോഡല്‍ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ പുതിയ പദ്ധതികള്‍ സ്ഥാപിക്കുവാനോ, പുറത്തുനിന്നും കൊണ്ടുവരുന്നതിന് ലൈനുകള്‍ സ്ഥാപിക്കുവാനൊ സമ്മതിക്കാത്ത മനശാസ്ത്രമാണ് നമ്മുടേത്. പ്രതിദിനം രണ്ട് ലക്ഷത്തി അയ്യായിരം മെഗാവാട്ട് വൈദ്യുതി വേണ്ട നമ്മുക്ക് ഇരുപത്തി ഏഴായിരം മെഗാവാട്ട് മാത്രമാണ് റിന്യൂവബിള്‍ എനര്‍ജിയില്‍ നിന്നും ലഭിക്കുന്നുള്ളൂ.
2030ഓടെ ജര്‍മ്മനിയില്‍ പൂര്‍ണ്ണമായും നൂക്ലിയര്‍ ഊര്‍ജ്ജം വേണ്ടന്ന് വയക്കുകയും പരമ്പര്യേതര ഊര്‍ജ്ജം മാത്രമാവുകയും ചെയ്യും. മറ്റ് പദ്ധതികള്‍ സാധ്യമാവാത്ത കേരളത്തില്‍ പാരമ്പര്യതര ഊര്‍ജ്ജ സാധ്യതകള്‍ ഉപയോഗിക്കുകയും അതില്‍ തന്നെ റൂഫ് ടോപ്പ് വഴിയുള്ളത് ഏറ്റവും നന്നായി ഉപയോഗിക്കുകയും വേണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ സൗരോര്‍ജ്ജത്തിന് ഇന്ത്യാ ഗവണ്മെന്റ് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാക്കിയുള്ളത് വാങ്ങുവാനും അതിന് വില നല്കുവാനും വേണ്ട നിയമം സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത് പോലെ തന്നെ അതിന്റെ സംരക്ഷണത്തിനും പ്രാധാന്യമുണ്ടെന്നും ഇതിലൂടെ പ്രതിദിനം പതിനെണ്ണായിരം മെഗാവാട്ട് വൈദ്യുതി ലാഭിക്കാനാവുന്നുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ഭാവി ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പാരമ്പര്യേതര ഊര്‍ജ്ജങ്ങള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും കൂടുതല്‍ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ധൂര്‍ത്താണെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മ്മനി റോട്ടന്‍ബര്‍ഗ് രൂപതാമെത്രാന് ഗെബ്ബാര്ട്ട് ഫ്യൂസ്റ്റ് സോളാര്‍ പവര്‍ പ്ലാന്റിന്റെ ആശീര്‍വാദം നടത്തി. സോളാര്‍ പവര്‍ ടെക്നോളജിയുടെ കൈമാറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഊട്ടി ഉറപ്പിക്കല്‍ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ജോസഫ് വാഴയ്ക്കന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, നഗരസഭ ചെയര്മാന് യു. ആര്. ബാബു, മലങ്കര കത്തോലിക്ക മൂവാറ്റുപുഴ രൂപതാ ബിഷപ്പ് ഡോ. എബ്രഹാം മാര്‍ ജൂലിയോസ്, സെന്റ് ജോസഫ് കത്തീഡ്രല്‍ രൂപതാ വികാരി ഫാ. ജോണ്‍ വര്‍ഗീസ് ഈശ്വരന് കുടിയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: