കൊച്ചി: ചോറ്റാനിക്കരയുടെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിന് ചെയ്യാനാകുന്നതൊക്കെയും ചെയ്യുമെന്ന് പ്രഖ്യാപിച്ച ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ ചോറ്റാനിക്കരയുടെ വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി തിരുവനന്തപുരത്ത് പ്രത്യേകയോഗം വിളിക്കുമെന്ന് അറിയിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിനോടനുബന്ധിച്ച് ടൂറിസം വകുപ്പ് നടപ്പാക്കുന്ന തീര്‍ഥാടന ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ഥാടന ടൂറിസത്തിന് ധാരാളം സാധ്യതയുള്ള കേരളത്തില്‍ നാനാജാതി മതസ്ഥരെ ഉള്‍പ്പെടുത്തി വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പ്രത്യേക തീര്‍ഥാടന ടൂറിസം പാക്കേജ് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതസ്ഥര്‍ക്കും ഒരുമിച്ചു പോകാന്‍ കഴിയുന്ന സാഹചര്യം നിലവില്‍ കേരളത്തിലേ ഉണ്ടാകൂ. ഈ സാഹചര്യം ലോകത്തെ അറിയിക്കുകയും അതു വഴി അക്ഷരാര്‍ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായി മാറുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേത്രവുമായി ബന്ധപ്പെട്ട് റിങ് റോഡ്, മറ്റടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി കൊച്ചി ദേവസ്വം ബോര്‍ഡും മുന്നോട്ടുവരണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത എക്സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. ഇതിനായി പ്രാദേശിക തലത്തില്‍ യോഗം ചേര്‍ന്ന് കര്‍മപദ്ധതിക്ക് രൂപം നല്കി ടൂറിസം വകുപ്പിനും ബോര്‍ഡിനും നല്‍കണം. പ്രതിവര്‍ഷം 10 കോടി രൂപ ഈ ക്ഷേത്രത്തില്‍ നിന്ന് വരുമാനമുള്ള ബോര്‍ഡ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം മേഖല വിവിധ ഘട്ടങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും തീര്‍ഥാടന ടൂറിസത്തിന് അനന്തസാധ്യതയാണുള്ളതെന്നും അധ്യക്ഷത വഹിച്ച ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അഭിപ്രായപ്പെട്ടു. ചോറ്റാനിക്കരയുടെ വികസനത്തിനായി കൂടുതല്‍ ഫലപ്രദമായ പദ്ധതി വിനിയോഗം സാധ്യമാക്കണമെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജോസ് കെ. മാണി എം.പി. മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീസ് പുത്തന്‍വീട്ടില്‍, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോണ്‍, വൈസ് പ്രസിഡന്റ് രമണി ജനകന് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് സ്വാഗതവും ദേവസ്വം കമ്മിഷണര്‍ എന്‍. സുകുമാരന്‍ നന്ദിയും പറഞ്ഞു.
മൂന്നു നിലകളിലായി 4500 ചതുശ്രയടി വിസ്തീര്‍ണമുള്ളതാണ് നിര്‍ദിഷ്ട തീര്‍ഥാടന സൗകര്യകേന്ദ്രം. 72.16 ലക്ഷം രൂപയാണ് ടൂറിസം വകുപ്പ് ഇതിനായി അനുവദിച്ചത്. ഇന്നത്തെ നിലയില്‍ 25 ലക്ഷം രൂപ കൂടി പണി പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആ തുകയും അനുവദിക്കുമെന്ന് ടൂറിസം മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആറു മാസത്തിനകം പണി പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ നിര്‍മാണം നിര്‍മിതി കേന്ദ്രയാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: