ഭൗതികസമ്പാദ്യങ്ങള്‍ വാരിക്കൂട്ടാനും കയ്യടിക്കവെക്കാനുമുള്ള അമിതമായ ആകാംക്ഷ വെടിഞ്ഞ് പകരം ഹൃദയം ഈശ്വരചിന്ത കൊണ്ട് നിറക്കാന്‍ ആചാര്യസ്വാമികള്‍ ശിഷ്യരെ ആഹ്വാനം ചെയ്യുന്നു ഈ ശ്ലോകത്തില്‍.
എല്ലാ ഭൗതികജ്ഞാനങ്ങളുടെയും സമ്പാദ്യങ്ങളുടെയും പ്രതീകം എന്ന നിലക്കാണ് ‘ഡുകൃഞ്ഞ്കരണേ’ എന്ന പദം ഇവിടെ പ്രയോഗിച്ചരിക്കുന്നത്.
അനിയതസ്വഭാവത്തോടുകൂടിയ ഇഹലോകവാസം , എന്നാണെങ്കിലും വെടിയേണ്ടിവരും. മരണം വന്ന് പിടികൂടുമ്പോള്‍ ജീവനെ രക്ഷിക്കാന്‍ വ്യാകരണജ്ഞാനമോ മറ്റ് ഭൗതികപരിജ്ഞാനമോ ഒന്നുംതന്നെ പര്യാപ്തമാവില്ല.
വ്യാകരണപരിജ്ഞാനം ആവശ്യംതന്നെയെന്നതില് തര്‍ക്കമില്ല. പക്ഷേ, അത് ലക്ഷ്യമല്ല, മാര്ഗമാണെന്നോര്ക്കണം. ശാസ്ത്ര ം പഠിക്കാനും തത്ത്വം ഗ്രഹിക്കാനും വ്യാകരണജ്ഞാനം സഹായകംതന്നെ. എന്നാല്‍ ഈ വക നിസ്സാരകാര്യങ്ങളില്‍ മാത്രം മുഴുകി, മൃത്യുവക്ത്രത്തില്‍നിന്ന് ജീവനെ രക്ഷിക്കാനുള്ള ഒരേ ഒരുപായവും പരമപ്രധാനവുമായ ബ്രഹ്മവിദ്യ നേടാന്‍ പ്രയത്നിക്കാതെ വിലയേറിയ ജീവിതം വ്യര്‍ത്ഥമാക്കുന്ന ബുദ്ധിശൂന്യതയെയാണ് ശ്രീശങ്കരന് ഇവിടെ അപഹസിക്കുന്നത്.
മരണം വന്നു വിഴുങ്ങുമ്പോള്‍ ഈ ലോകത്തുനിന്ന് നിങ്ങളെ ബലാത്കാരേണ പിടിച്ചുകൊണ്ട് പോകുമ്പോള്‍ ഭൗതികശാസ്ത്രപരിജ്ഞാനംകൊണ്ട് പ്രയോജമനില്ല. മരണസമയത്ത് ,അഭ്യസിച്ച കലകളോ വ്യാകരണമോ നിങ്ങളെ സഹായിക്കില്ല; മറിച്ച് ജീവിതരഹസ്യമെന്തന്നറിയാന് ശ്രമിക്കുക; ജീവന്റെ സത്തയും ജഗത്തിന്റെ സത്തയും രണ്ടല്ല ഒന്നുതന്നെയെന്ന സമ്യക് ജ്ഞാനഭാവത്തില് ജീവപരയോരൈക്യഭാവം സ്വയം അനുഭവിക്കുക- ഇതാണ് മനുഷ്യജീവിതത്തിലെ പരമപ്രധാനമായ കര്‍ത്തവ്യം. പരമപ്രശാന്തവും ദിവ്യദിവ്യവുമായ സച്ചിദാനന്ദപദത്തിലേക്കുള്ള കവാടമാണെന്ന ആശ്വാസത്തോടെ മൃത്യുവക്ത്രത്തില്‍ പ്രവേശിക്കുക.
‘ഭജ’ ശബ്ദത്തിന് ‘സേവ’ എന്നര്‍ത്ഥം. മതപരമായ വെറുമൊരു ദിനചര്യയോ യാന്ത്രികമായി നടത്തുന്ന മന്ത്രോച്ചാരണമോ കീര്‍ത്തനാലാപമോ അല്ല. ഈശ്വരനുമായി ജീവന്റെ തന്മയീഭാവം -ഏകീഭാവത്തില്‍ വര്‍ത്തിക്കല്‍. അതിനുള്ള പ്രയത്നമാണ് ‘ഭജനം’ – ശരിയായ സേവ. പ്രേമഭക്തിയോടെ ഭഗവദ്പാദങ്ങളില്‍ ഭക്തന് സര്‍വാത്മനാ സ്വയം അര്‍പ്പിക്കുക- ആത്മസമര്‍പ്പണം- അതാണ് ശരിയായ ഭജനം, ഭഗവദാരാധനം. ഭഗവത്ഭക്തി എന്നത് സാധന ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം,സഖ്യം, ആത്മനിവേദനം -ഇതാണ് നവവിധഭക്തി.
ഹാ, മനുഷ്യാ നിന്നിലെ സത്ത പരമേശ്വരചൈതന്യം തന്നെയെന്നറിയൂ: ‘പരമാത്മാവില്‍ തന്മയത്വം പ്രാപിക്കാന്‍ യത്നിക്കൂ’ . അതിന് മുതിരാതെ വ്യാകരണത്തില്‍ പ്രാവീണ്യം നേടുക,നിസ്സാര ഭൗതികജ്ഞാനം ആര്‍ജ്ജിക്കുക, നശ്വരവസ്തുക്കള്‍ സമ്പാദിക്കുന്നതിനും അസ്ഥിരങ്ങളായ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനും തുച്ഛങ്ങളായ വിഷയസുഖങ്ങള്‍ അനുഭവിക്കുന്നതിനും മാത്രമായി കാലം കളയരുത്. അങ്ങനെ ജീവിതം വ്യര്‍ത്ഥമാക്കരുത് എന്ന് ആചാര്യസ്വാമികള്‍ അനുശാസിക്കുന്നു.
വ്യാഖ്യാനം- സ്വാമി ചിന്മയാനന്ദ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: