കാസര്‍കോട് : വാന്‍ മരം കൊള്ള സംഘം പിടിയിലായി. വനത്തില്‍ നിന്നും മരങ്ങള്‍ മോഷ്ടിച്ച് മില്ലില്‍ കൊണ്ടുപോയി ഉരുപ്പടികളാക്കി മാറ്റി വില്‍ക്കുന്ന ആറംഗ സംഘത്തെ സ്പെഷ്യല്‍ ഡ്യൂട്ടി പോലീസുകാരുടെ സഹായത്തോടെ കാസര്‍കോട് ഫോറസ്റ്റ് റെയ്ഞ്ച് സംഘം അറസ്റ്റ് ചെയ്തു. അഡൂറ്‍ പാണ്ടിക്കണ്ടത്തെ മുഹമ്മദ് സാദിഖ് (2൦), ശ്രീധരന് (36), ഇല്യാസ് (32), അബൂബക്കര്‍ സിദ്ധിഖ് (25), ജാബിര്‍ (21), ശുഹൈബ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മര ഉരുപ്പടികള്‍ കയറ്റിയ ലോറിയും പിടികൂടി. വനത്തില്‍ നിന്ന് വന്‍തോതില്‍ മരങ്ങള്‍ കട്ടെടുത്ത് മുറിച്ചു വില്‍ക്കുന്ന സംഘമാണ് പിടിയിലായതെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു. ഇരുമുള്ള് ഇനത്തില്‍പ്പെട്ട മര ഉരുപ്പടികളാണ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്ത വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ കടത്തിയ മരങ്ങളില്‍ ചിലത് പള്ളങ്കോട്ട് നിന്ന് കണ്ടെടുത്തു. മറ്റു ഉരുപ്പടികള്‍ കുമ്പള കൊടിയമ്മയില്‍ വില്‍പ്പന നടത്തിയതായി സംഘം വെളിപ്പെടുത്തി. കാസര്‍കോട് ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസര്‍ പ്രഭാകരന്, രാജഗോപാലന്‍, ഷാജി ജോസഫ്, രാജേഷ്, ഗാര്‍ഡുമാരായ പ്രവീണ്‍, ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: