ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്റ്റിലായ സക്കീര്‍ റഹ്മാന് ലഖ്വി ഉള്‍പ്പെടെ ഏഴ് പേരുടെ വിചാരണ ഈ മാസം 25 ലേക്ക് മാറ്റിവെച്ചു. പ്രതിഭാഗം അഭിഭാഷകന് ഹാജരാകാന്‍ സാധിക്കാത്തതിനാലാണ് വിചാരണ 25ലേക്ക് മാറ്റിവെച്ചത്. വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്നാണ് അഭിഭാഷകന് കോടതിയില്‍ എത്താന്‍ സാധിക്കാതെ പോയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധകോടതിയിലാണ് ഇപ്പോള്‍ കേസിന്റെ വിചാരണ നടക്കുന്നത്. ജഡ്ജി ചൗധരി ഹബീബ് ഉര് റഹ്മാനാണ് കേസ് 25 ലേക്ക് മാറ്റിവെച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഈദുള്‍ ഫിത്തര്‍ വരാനിരിക്കുന്നതിനാലാണ് കേസിന്റെ വിചാരണ ഇത്രയും നീട്ടിവെച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞമാസം 28 ന് നടന്ന വിചാരണയില്‍ രണ്ട് പാക് ഉദ്യോഗസ്ഥരുടെ മൊഴികള്‍ കോടതി രേഖപ്പെടുത്തിയിരുന്നില്ല. പ്രതിഭാഷം അഭിഭാഷകന്റെ വാദത്തെത്തുടര്‍ന്നാണ് കോടതി ഈനടപടിസ്വീകരിച്ചത്.പാക് അന്വേഷണക്കമ്മീഷന് ഇന്ത്യയില്‍ എത്തിയപ്പോള്‍ സാക്ഷി വിസ്താരം നടത്താന്‍ അനുവദിച്ചില്ലെന്നും അതുകൊണ്ട് ഇന്ത്യ തന്ന തെളിവുകള്‍ അസ്വീകാര്യമാണെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാക് ഉദ്യോഗസ്ഥരുടെ മൊഴികള്‍ കോടതി ശേഖരിക്കാതിരുന്നത്. പ്രതിഭാഗം അഭിഭാഷകന്റെ വാദംകേട്ട കോടതിയാണ് ഇന്ത്യന്‍ അധികൃതര്‍ നല്കിയ തെളിവുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച്ച പാക് സര്‍ക്കാര്‍ ഇന്ത്യക്ക് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തിരുന്നു.
2008ലെ മുംബൈ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഗൂഢാലോചന, സാമ്പത്തിക ആസൂത്രണം, എന്നീകുറ്റകൃത്യങ്ങളാണ് ഏഴ് പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: