ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്റ്റിലായ ലഷ്ക്കര്‍ ഭീകരര്‍ സാഖിര്‍ റഹ്മാന് ലാഖ്വി ഉള്‍പ്പടെയുള്ളവരുടെ വിചാരണ നടപടികള്‍ പാക് കോടതി ഈ മാസം 25 ലേക്ക് മാറ്റി. പ്രതിഭാഗം വക്കീലിന് ഹാജരാകാനുള്ള അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിയത്.
വിമാനം റദ്ദായതിനാലാണ് പ്രതിഭാഗം അഭിഭാഷകര്‍ക്ക് ലാഹോറില്‍ നിന്നും റാവല്‍പിണ്ടിയിലെത്താന്‍ കഴിയാതിരുന്നത്. ഇതേ തുടര്‍ന്നാണ് ജഡ്ജി ചൗധ്രി ഹബീബ് ഉര് റഹ്മാന് കേസ് നീട്ടി വച്ചത്. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ ഭാഗമായി തെളിവെടുപ്പിനായി അടുത്തിടെ ഇന്ത്യയിലെത്തിയ പാക് ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ കോടതി നേരത്തെ നിരസിച്ചിരുന്നു.
ഇന്ത്യയിലുള്ള സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കുമോയെന്ന കാര്യം അറിയിക്കാനും കോടതി പാക് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ജൂലൈ 28 ന് കേസ് പരിഗണിക്കവേ രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താന്‍ കോടതി തുനിഞ്ഞെങ്കിലും പ്രതിഭാഗം അഭിഭാഷകര്‍ എതിര്വാദമുന്നയിച്ചതിനെ തുടര്‍ന്ന് നടന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: