കൊച്ചി: എറണാകുളം ജില്ലയിലെ മണല്‍ കടവുകളില്‍ നിന്നുള്ള മണല്‍ വിതരണത്തിന് ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ മുഖേന കേന്ദ്രീകൃത പാസ് സമ്പ്രദായം നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ഒരുക്കുന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് പാസ് അനുവദിക്കുക. പാസ് വിതരണത്തിന്റെ കണ്ട്രോള് റൂം ജില്ലാ കളക്ടറേറ്റിലാണ് പ്രവര്‍ത്തിക്കുകയെന്നും കളക്ടര്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ പാസ് സമ്പ്രദായത്തിന് അന്തിമരൂപം നല്‍കുന്നതിനുള്ള യോഗം ഏഴിന് കളക്ടറുടെ ചേംബറില്‍ ചേരും. ജലസേചനം, മൈനിങ് ആന്റ് ജിയോളജി, റവന്യൂ വകുപ്പുകളിലെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജില്ലയിലെ മണല്‍വിതരണം ഓണ്‍ലൈനിലാക്കുന്നതിനുള്ള തീരുമാനത്തിന് കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം പിന്തുണ പ്രഖ്യാപിച്ചിരുന്നു. മണല്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്കും ക്രമക്കേടുകള്‍ക്കും അറുതി വരുത്താന്‍ ഈ പരിഷ്കാരത്തിന് കഴിയുമെന്ന് വികസന സമിതി യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി.
ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിച്ച ശേഷം മണലിന്റെ ലഭ്യതയ്ക്കനുസരിച്ച് ബാര്‍കോഡ് പതിപ്പിച്ച പാസുകള്‍ അനുവദിക്കുന്നതാണ് പുതിയ രീതി. കളക്ടറേറ്റിലാണ് അപേക്ഷ സ്വീകരിക്കുക. ബാങ്ക് അക്കൗണ്ടില്‍ പണം അടക്കണം. അനുവദിക്കുന്ന മണല്‍ സംബന്ധിച്ച വിവരം അതത് പഞ്ചായത്തുകള്‍ക്കും അപേക്ഷകനും കൈമാറും. മൊബെയില്‍ ഫോണില്‍ എസ്.എം.എസിലൂടെ വിവരം ലഭ്യമാക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും. തുടര്‍ന്ന് ബാര്‍കോഡ് പതിപ്പിച്ച പാസ് അപേക്ഷകന് കളക്ടറേറ്റില്‍ നിന്നും ലഭിക്കും. ഈ പാസുമായി കടവിലെത്തി മണല്‍ കൈപ്പറ്റാം. മണല്‍ കൈപ്പറ്റിയ വിവരവും കടവുകളില്‍ ഏര്‍പ്പെടുത്തുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ കളക്ടറേറ്റിലെത്തും. മണല്‍ കൊണ്ടുപോകുന്നതിനുള്ള വാഹനം അപേക്ഷകന് തന്നെ ഏര്‍പ്പെടുത്താം. ഈ വാഹനത്തിന്റെ നമ്പറും മുന്‍കൂട്ടി അറിയിക്കണം. ഇതും പാസില്‍ രേഖപ്പെടുത്തും.
ഓരോ സീസണിലും മണലിന്റെ വില മുന്‍കൂട്ടി നിശ്ചയിക്കും. അപേക്ഷകരില്‍ നിന്നും ലോഡ് ഒന്നിന് പത്ത് രൂപ നിരക്കില്‍ രജിസ്ട്രേഷന് ഫീ ഈടാക്കും. പുതുതായി വീടുകള്‍ പണിയുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനം നല്കുന്ന അനുമതിപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാവുന്ന പരമാവധി ലോഡ് മണല്‍ സംബന്ധിച്ചും ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അനുമതി പത്രത്തിന് പുറമെ തിരിച്ചറിയല്‍ കാര്‍ഡും പാസ് അനുവദിക്കുന്നതിനായി ഹാജരാക്കണം. വീട് അറ്റകുറ്റപ്പണിക്കായി മണല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏറ്റവുമൊടുവില്‍ വീട്ടുനികുതി അടച്ചതിന്റെ പകര്‍പ്പും ആവശ്യപ്പെടും. അറ്റകുറ്റപ്പണിയുടെ ആവശ്യകത സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ആകെ ഖാനനം ചെയ്യുന്ന മണലിന്റെ 25 ശതമാനത്തില്‍ പത്ത് ശതമാനം കടവുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്തുകളുടെ ആവശ്യങ്ങള്‍ക്കായും ബാക്കി 15 ശതമാനം ജില്ലയിലെ സര്‍ക്കാര്‍ പണികള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും അനുവദിക്കും. രാവിലെ ആറിനും വൈകിട്ട് മൂന്നിനുമിടയില്‍ മാത്രമായി മണല്‍ ഖാനനം പരിമിതപ്പെടുത്തും. അനുവദിച്ചു കിട്ടിയ മണല്‍ ഉച്ചയ്ക്ക് 12ന് മുമ്പായി കടവുകളില്‍ നിന്നും ലോറിയില്‍ കയറ്റണം. പാസില്‍ പറയുന്ന ദിവസം മണല്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ന്യായമായ കാരണം ബോധിപ്പിക്കുന്ന പക്ഷം മൂന്നു ദിവസം വരെ കാലാവധി നീട്ടിനല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: