ദമാസ്കസ്: സിറിയയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. വിമതസേനയില്‍ അംഗങ്ങളായ ഒരു ഗോത്രകുടുംബത്തിലെ 16 പേരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. തലസ്ഥാനമായ ദമാസ്കസിനെ ജോര്‍ദ്ദാനുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമേഖലയായ ഹൗറാന്‍ പ്ലെയിനിലാണ് ആക്രമണം നടന്നത്.
സൈന്യം വീടുവീടാന്തരം കയറിയിറങ്ങി ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിച്ചുനോക്കി തിരഞ്ഞുപിടിച്ചാണ് കൊലകള്‍ നടത്തിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഒട്ടേറെ ‘ഭീകരരെ’ സൈനിക നടപടിയില്‍ വധിച്ചുവെന്നാണ് സിറിയന്‍ ഔദ്യോഗിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിറിയന്‍ സൈന്യവും വിമതരും തമ്മില്‍ ഇവിടെ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ബുസ്റ അല്‍ ഹാരീര് നഗരത്തിന് സമീപത്ത് സൈനികര്‍ റോഡ് ബ്ലോക്ക് ചെയ്തിരുന്നത് വ്യാഴാഴ്ച വിമതര്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് സൈന്യം പ്രദേശത്തേക്ക് ഷെല്ലാക്രമണവും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: