കൊച്ചി: ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷന്‍ 2030 എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16,17 തീയതികളിലായി ഹോട്ടല്‍ ഗേറ്റ്വേയില് നടക്കുന്ന സെമിനാര്‍ 16ന് രാവിലെ 9.30ന് സ്പീക്കര്‍ ജി. കാര്ത്തികേയന് ഉദ്ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ബാബു, മേയര്‍ ടോണി ചമ്മണി, പി.രാജീവ് എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്, വി.ഡി. സതീശന്, എസ്. ശര്‍മ്മ, ഹൈബി ഈഡന്, ഡൊമിനിക് പ്രസന്റേഷന്, അന്‍വര്‍സാദത്ത്, ജോസ് തെറ്റയില്‍, വി.പി. സജീന്ദ്രന്, മുന്‍ കളക്ടര്‍ എസ്.കൃഷ്ണകുമാര്‍, കെ.ബാലചന്ദ്രന് തുടങ്ങിയവരും പങ്കെടുക്കും.
നഗരവികസനവുമായി ബന്ധപ്പെട്ട സെമിനാറിന് മുന്നോടിയായി എസ്.കൃഷ്ണകുമാര്‍ ആമുഖപ്രഭാഷണം നടത്തും. വാഹന ഗതാഗത സംവിധാനങ്ങളെ ക്കുറിച്ച് ട്രാന്‍സ്പോര്‍ട്ട് പ്ലാനിങ്ങ് കണ്‍സള്‍ട്ടന്റ് ഡോ.എന്‍.എസ്. ശ്രീനിവാസനും നഗരത്തിലെ സബര്‍ബന്‍ റെയില്‍ ഗതാഗതത്തിന്റെ ആവശ്യതകയെക്കുറിച്ച് കോംഗ്കണ്‍ റെയില്‍വേയിലെ ചീഫ് എഞ്ചിനീയറായിരുന്ന സി.രാജു സംസാരിക്കും. സാമ്പത്തിക വളര്‍ച്ചയില്‍ ടൂറിസം വ്യവസായത്തിന്റെ പങ്ക് എന്നതിനെക്കുറിച്ച് മുന്‍ ടൂറിസം സെക്രട്ടറി ഡോ. വേണു ഐഎഎസ് സംസാരിക്കും. സാനിറ്റേഷന്‍, മാലിന്യനിര്‍മാര്‍ജ്ജനം, കുടിവെള്ള പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സെമിനാറിന്റെ ആദ്യ ദിനത്തില്‍ ചര്‍ച്ച ചെയ്യും. ആര്.കെ. സിങ്ങ് ഐഎഎസ്, കോക്കനട്ട് ബോര്‍ഡ് ചെയര്മാന് ടി.കെ. ജോസ്, വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ മെമ്പര്‍ സൂസന് ജേക്കബ് എന്നിവരും സെമിനാറില്‍ വിഷയങ്ങളവതരിപ്പിക്കും.
സെമിനാറിന്റെ രണ്ടാംദിനത്തില്‍ ചെറുകിട താമസ സൗകര്യങ്ങള്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, പരിസ്ഥിതി പ്രശ്നങ്ങള്‍, നഗരത്തിന്റെ വികസനങ്ങള്‍ക്കായുള്ള സാമ്പത്തികം കണ്ടെത്തുക തുടങ്ങിയവ സംബന്ധിച്ച് സി.വി.ആനന്ദബോസ്, പ്രൊഫ. ടി.എം. വിനോദ് കുമാര്‍, ടി.ബാലകൃഷ്ണന്, നന്ദകുമാര്‍, ആര്‍ക്കിടെക്ട് ജയ്ഗോപാല്‍ റാവു, കൊച്ചിന്‍പോര്‍ട്ട് ചെയര്മാന് പോള്‍ ആന്റണി, എം. രാമചന്ദ്രന് തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
നഗരത്തില്‍ സ്ഥിരം എക്സിബിഷന് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്ലാന്‍ ക്ഷണിച്ചുകഴിഞ്ഞുവെന്ന് ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ പറഞ്ഞു. കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് മുന്നില്‍ 12 ഏക്കര്‍ ഭൂമിയില്‍ ഒന്നരലക്ഷം സ്ക്വയര്‍ഫീറ്റിലാണ് അണ്ടര്‍ ഗ്രൗണ്ട് എക്സിബിഷന് സെന്റര്‍ നിര്‍മ്മിക്കുന്നത്. 70 കോടി രൂപ ചെലവിലാണ് എക്സിബിഷന് സെന്റര്‍ നിര്‍മാണം. ഭൂമിക്ക് യാതൊരുവിധ കേടുപാടുകളും വരുത്താത്തവിധത്തിലായിരിക്കും അണ്ടര്‍ഗ്രൗണ്ട് എക്സിബിഷന് സെന്റര്‍ നിര്‍മിക്കുക.
മറൈന്‍ഡ്രൈവിന്റെ സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ലൈറ്റിങ്ങ് പോലുള്ള ജോലികള്‍ മാത്രമേ ഇനി ബാക്കിയുള്ളു. ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ബര്‍ പാലത്തിന്റെ നവീകരണം സംബന്ധിച്ചുള്ള മിനിട്സ് പൊതുമാരമത്ത് വകുപ്പിന് അയച്ചിട്ടുണ്ട്.
അംബേദ്ക്കര്‍ സ്റ്റേഡിയം ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് സ്ഥിരം ഫുട്ബോള്‍ സ്റ്റേഡിയമാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കും. ഇവിടെ നിന്നുള്ള കച്ചവടക്കാരെ ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കും. കലൂര്‍ മാര്‍ക്കറ്റിലെ 32 കച്ചവടക്കാരെ ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കും. ഗോകുലം കണ്വെന്ഷന് സെന്ററിന് സമീപമുള്ള സ്ഥലത്ത് ഇവരെ പുനരധിവസിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: