പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കുന്നക്കാട്ടുമല പഞ്ചായത്ത് കിണറിന് സമീപത്തായി സ്വകാര്യ വ്യക്തിക്ക് അനധികൃതമായി പ്ലാസ്റ്റിക് കമ്പനി നടത്തുന്നതിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ മൂന്ന് നിലകളിലായി പണിതീര്‍ത്തിരിക്കുന്ന കമ്പനി കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതെല്ലാം മറികടന്ന് പഞ്ചായത്ത് സെക്രട്ടറിയാണ് അനുമതി നല്കിയിരിക്കുന്നതെന്നുംമറ്റുള്ള ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. വല്ലം ചൂണ്ടി പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പഞ്ചായത്ത് അധികൃതരെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാര്‍ ഉപരോധിക്കുകയായിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പൗരത്വമാണ് പഞ്ചായത്തുകള്‍ ഭരിക്കുന്നതെന്നും അധികൃതര്‍ക്ക് സാമ്പത്തിക ശക്തികളോട് മാത്രമാണ് കൂറുള്ളതെന്നും നിയമങ്ങള്‍ ഇത്തരക്കാര്‍ക്ക് വേണ്ടി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി തുടങ്ങുന്ന കമ്പനിക്ക് സമീപത്തായി ഇതേ ഉടമയുടെ മറ്റൊരു പ്ലാസ്റ്റിക് കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ ചിലരെ അന്യായമായി കള്ളക്കേസില്‍ കുടുക്കിയതായും നാട്ടുകാര്‍ പറയുന്നു. യോഗത്തില്‍ വല്ലം പൗരസമിതി പ്രസിഡന്റ് കെ.എം.മൊയ്തീന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: