ന്യൂയോര്‍ക്ക്: 2001 സെപ്തംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ആറ് ബില്ല്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്കാന് യുഎസ് കോടതി ഉത്തരവിട്ടു. ഇറാന്, അല്‍ഖ്വയ്ദ, താലിബാന് എന്നിവരോടാണ് നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ടത്.
ഇവര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. യുഎസ് മജിസ്ട്രേറ്റ് ജഡ്ജ് ഫ്രാങ്ക്മാസാണ് പതിനാറ് പേജുള്ള വിധി പ്രഖ്യാപിച്ചത്. പരിക്കേറ്റ പത്ത് പേരും ദുരന്തത്തില്‍ മരിച്ച 47 പേരുടെ ബന്ധുക്കളുമാണ് പരാതി നല്‍കിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അല്‍ഖ്വയ്ദക്ക് സഹായങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് ഇറാനാണെന്നും അല്‍ഖ്വയ്ദയുടെ ഉന്നത നേതാക്കള്‍ക്ക് സുരക്ഷാ താവളങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് ഇറാനാണെന്നും കോടതികണ്ടെത്തി.
അതേസമയം, സെപ്തംബര്‍ 11 ലെ കോടതി വാദം ഇറാന് പ്രസിഡന്റ് മഹമ്മൂദ് അഹമ്മദി നെജാദ് തള്ളിക്കളഞ്ഞു. അല്‍ഖ്വയ്ദയും ഇറാനും നേരത്തെ മുതല്‍ക്കെ ശത്രുക്കളാണെങ്കിലും സെപ്തംബറിലെ ആക്രമണത്തെക്കുറിച്ച് ഇറാന് അറിയാമായിരുന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: