കൊച്ചി: സമൂഹത്തിലെ ദുര്‍ബല, പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം മുന്നിലാണെന്ന് സാമൂഹ്യനീതിയും ശാക്തീകരണവും സംബന്ധിച്ച പാര്‍ലമെന്ററി സമിതി. അതേസമയം വിവിധ വിഭാഗങ്ങള്‍ക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന പദ്ധതികളും വിജയത്തിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നൂറു ശതമാനം അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും കമ്മറ്റി നിര്‍ദേശിച്ചു.
ഡോ. മണ്ട ജഗന്നാഥ് നേതൃത്വം നല്കുന്ന 15 അംഗ എംപി സംഘമാണ് വിവിധ തലത്തില്‍ ചര്‍ച്ച നടത്തി വിവരശേഖരണം നടത്തുന്നതിനായി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. ഇന്നലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ ജില്ലാ ഭരണകൂടവും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുമായും സമിതി ആശയവിനിമയം നടത്തി.
പട്ടികജാതിക്കാര്‍ക്കായുള്ള വിവിധ പദ്ധതികളുടെ എറണാകുളം ജില്ലയിലെ നടത്തിപ്പ് പാര്‍ലമെന്ററി സമിതി വിലയിരുത്തി. അയ്യങ്കാളി സ്കോളര്‍ഷിപ്പ്, വിവാഹ ധനസഹായം, ചികിത്സാ സഹായം, ഭവന പദ്ധതി, ഭൂമി വിതരണ പദ്ധതി, സ്വയം തൊഴില്‍, മിശ്ര വിവാഹ ധനസഹായം, പൗരാവകാശ സംരക്ഷണം തുടങ്ങിയവയാണ് സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചത്. പട്ടികജാതിക്കാര്‍ പീഡനത്തിനിരയാകുന്ന കേസുകളില്‍ പോലീസും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്ന നടപടികളും സമിതി അവലോകനം ചെയ്തു. പട്ടികവിഭാഗക്കാര്‍ക്കായുള്ള ഹോസ്റ്റലുകള്‍, ബോര്‍ഡിങ് ഗ്രാന്റ്, വസ്ത്ര വിതരണം, യാത്രാ ധനസഹായം, മിശ്ര വിവാഹ ധനസഹായം, ചികിത്സ, പുനരധിവാസം, ഭക്ഷണം, ഊരുകൂട്ടം സംഘടിപ്പിക്കല്‍, ഭവന നിര്‍മാണ സഹായം തുടങ്ങിയവ സംബന്ധിച്ച രേഖകളും സമിതിക്ക് മുന്നിലെത്തി.
സാക്ഷരതയില്‍ ദേശീയ ശരാശരിയായ 64.84 ശതമാനത്തെ അപേക്ഷിച്ച് കേരളത്തിലെ പട്ടിക, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ ബഹുദൂരം മുന്നിലാണെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ കമ്മറ്റിയെ ധരിപ്പിച്ചു. 93.6 ശതമാനം പട്ടികജാതിക്കാരും സാക്ഷരരാണ്. പട്ടികജാതി വനിതകളില്‍ 91.5 ശതമാനവും സാക്ഷരത കൈവരിച്ചവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പട്ടികവിഭാഗക്കാരില്‍ 80.2 ശതമാനവും അക്ഷരാഭ്യാസം നേടിയവരാണ്. 76.8 ശതമാനം വനിതകളും ഈ വിഭാഗത്തില്‍ സാക്ഷരരാണ്.
ജില്ലാ ഭരണകൂടവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസ്ഥാന പട്ടികജാതി, വര്‍ഗ വികസന കോര്‍പ്പറേഷന്റെ പ്രതിനിധിസംഘവുമായും പാര്‍ലമെന്ററി കമ്മറ്റി ആശയവിനിമയം നടത്തി. ഇന്നു രാവിലെ 11ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഉന്നതോദ്യോഗസ്ഥരുമായി വിവിധ വായ്പാ പദ്ധതികളെ കുറിച്ച് കമ്മറ്റി ചര്‍ച്ച നടത്തും. ധാരാസിങ് ചൗഹാന്, കാമേശ്വര് ബൈത്ത, സുസ്മിത ബൗരി, രമാദേവി, പ്രേംചന്ദ് ഗുഡ്ഡു, മോഹന്‍ ജെന, ജി.വി. ഹര്‍ഷ്കുമാര്‍, ആര്. ധ്രുവനാരായണ, രമാശങ്കര്‍ രാജ്ഭര്‍, ലളിത് മോഹന്‍ ശുക്ലവൈദ്യ, ജര്‍ണദാസ് വൈദ്യ, അവതാര്‍ സിങ് കരിംപുരി, വൈഷ്ണവ് പരീദ, സുശീല സരോജ് എന്നിവരാണ് സംഘത്തിലെ എം.പിമാര്‍.
ഉദ്യോഗസ്ഥതല സംഘത്തിന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് നേതൃത്വം നല്കി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ടോമി ചാക്കോ, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ മന്മഥന് നായര്‍, സംസ്ഥാന പിന്നാക്ക ക്ഷേമ വികസന കോര്പ്പറേഷന് ജില്ലാ മാനേജര്‍ പ്രീതി ജോസഫ്, അസി. പ്ലാനിങ് ഓഫീസര്‍ പി. ഷാജി, അസി. ഡവലപ്മെന്റ് കമ്മീഷണര്‍ കെ.ജെ. ടോമി, കൊച്ചി കോര്പ്പറേഷന് സെക്രട്ടറി അജിത് പാട്ടീല്‍, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. ശിവപ്രസാദ്, ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ വിനോദിനി, ജില്ല പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ കലാം ആസാദ്, ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ വി. ഉണ്ണി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി. നസീര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: