മട്ടാഞ്ചേരി: വൈവിധ്യങ്ങളുടെ വര്‍ണവിസ്മയം തീര്‍ത്ത് രാഖി ഉത്സവിന് തുടക്കമായി. ശ്രാവണപൂര്‍ണിമ ദിനത്തിലെ രക്ഷാബന്ധന് ആഘോഷത്തിനുള്ളതാണ് വര്ണ്ണരാഖികള്. ആഗസ്റ്റ് രണ്ടിനാണ് സാഹോദര്യബന്ധ സന്ദേശമുണര്‍ത്തി ‘രാഖി’ ഉത്സവ് നടക്കുന്നത്.
വടക്കേയിന്ത്യന്‍ സമൂഹം താമസിക്കുന്ന കേന്ദ്രങ്ങളിലാണ് രാഖി ഉത്സവ് പരമ്പരാഗതശൈലിയില്‍ നടക്കുന്നത്. ശ്രാവണപൂര്‍ണിമ നാളില്‍ മധ്യാഹ്ന സൂര്യതേജസിന്റെ മുഹൂര്‍ത്തത്തില്‍ പരമ്പരാഗത വസ്ത്രശൈലിയിലെത്തി ആരതി നടത്തിയും തിലകം ചാര്‍ത്തിയും സഹോദരി സഹോദരന്റെ കൈയില്‍ രാഖി ബന്ധിക്കുന്നതാണ് രാഖി ഉത്സവ്. രാഖി ബന്ധിച്ച സഹോദരിക്ക് തത്സമയം സഹോദരന് മധുരവും ധനവും വസ്ത്രവും നല്കി അക്ഷതം ശിരസ്സിലിട്ട് അനുഗ്രഹിക്കുകയും സഹോദരിയുടെ രക്ഷ ഏറ്റെടുത്തുകൊണ്ടുള്ള സന്ദേശം ഉള്‍ക്കൊള്ളുകയും ചെയ്യും. ഗൃഹാന്തരീക്ഷത്തില്‍ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ നടക്കുന്ന രാഖി ഉത്സവ് കടലുകള്‍ താണ്ടിപ്പോയാലും വടക്കേന്ത്യന്‍ സമൂഹം കൈവെടിയാത്ത സാംസ്ക്കാരികോത്സവമായാണ് അറിയപ്പെടുന്നത്. രാഖി ഉത്സവച്ചടങ്ങിനെത്തുന്നവര്ക്ക് മധുരം നല്കി വീട്ടുകാര്‍ ആദരിക്കുകയും ചെയ്യും. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന രാഖി ചടങ്ങിന് ചിലയിടങ്ങളില്‍ ഗീതവും സന്ദേശഘോഷണവും നടക്കാറുണ്ട്.
വടക്കേയിന്ത്യന്‍ സമൂഹം ഏറെ താമസിക്കുന്ന കൊച്ചി, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍ ദേശങ്ങളിലാണ് രാഖി ഉത്സവ് ഏറെ ശ്രദ്ധേയമായി മാറുന്നത്. ശ്രാവണപൂര്‍ണിമ ദിനത്തിലെ രാഖി ഉത്സവത്തിനായി ആഴ്ചകള്‍ക്ക് മുമ്പേ വ്യാപാരകേന്ദ്രങ്ങളില്‍ രാഖികളെത്തിക്കഴിഞ്ഞു. രൂപത്തിലും നിറത്തിലും വൈവിധ്യതയാര്‍ന്ന ആകര്‍ഷണീയവും ആധുനിക ശൈലിയിലുമുള്ള നൂറിലേറെ രാഖികളാണ് കേരളത്തിലെ രാഖി വില്‍പ്പന കേന്ദ്രത്തിലെത്തിയിരിക്കുന്നത്. ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, രാജസ്ഥാനിലെ കാണ്‍പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കൊച്ചിയില്‍ രാഖികളെത്തുന്നതെന്ന് രാഖി മൊത്തവിതരണക്കാരനായ ജലറാം സ്റ്റോഴ്സ് ഉടമ നിതിന്‍ പറഞ്ഞു. പരമ്പരാഗതമായുള്ള രാഖികള്‍ക്ക് ഒരു രൂപ മുതല്‍ അഞ്ച് രൂപവരെയാണ് വില. പുതിയ ഡിസൈനിലും ശൈലിയിലുമുള്ള രാഖികള്‍ക്ക് 60 രൂപവരെയാണ് വില. കൊച്ചിയില്‍ നിന്നുമാണ് സംസ്ഥാനത്തിലെ മറ്റ് വടക്കേയിന്ത്യന്‍ താമസ കേന്ദ്രങ്ങളിലേക്ക് രാഖികള്‍ കൊണ്ടുപോകുന്നതെന്ന് നിതിന്‍ കൂട്ടിച്ചേര്‍ത്തു. സഹോദരീസഹോദരബന്ധ സന്ദേശത്തോടൊപ്പം പെണ്‍കുട്ടികള്‍ വിവാഹിതരായ മുതിര്‍ന്ന സ്ത്രീകളുടെ കൈയില്‍ രാഖി ബന്ധിക്കുന്ന മാര്‍വാടി രാഖി ഉത്സവവും കൊച്ചിയില്‍ നടക്കാറുണ്ട്. ഇതിനായി പ്രത്യേക രൂപത്തിലുള്ള രാഖികളാണ് ഉപയോഗിക്കുക. 30 മുതല്‍ 95 രൂപ വരെയാണ് ഇതിന്റെ വില. മുത്തുകള്‍, അരി, വര്‍ണ്ണ നൂലുകള്‍, തേങ്ങ, കല്ലുകള്‍ എന്നിവയുള്‍ക്കൊള്ളുന്നതാണ് പുതിയ തലമുറ രാഖികളായി വിപണിയിലെത്തിയിരിക്കുന്നത്. ‘രുദ്രാക്ഷം’ കൊണ്ടുള്ളതാണ് 2012ലെ സ്പെഷ്യല്‍ ഇനമെന്ന് നിതിന്‍ പറഞ്ഞു. സ്വദേശങ്ങളിലുള്ള സഹോദരന്മാര്ക്കൊപ്പം വിദേശത്തുള്ളവര്‍ക്കായി പ്രത്യേക രാഖികളും വിപണിയിലിറക്കിയിട്ടുണ്ട്. കുങ്കുമം, അരി, മിഠായി, രാഖി, വര്‍ണ്ണപൂക്കള്‍, ഗ്രീറ്റിംഗ്സ് എന്നിവയടങ്ങിയതാണ് വിദേശരാഖി പാക്കറ്റുകളിലുള്ളത്. 200 രൂപ മുതല്‍ 450 രൂപവരെയാണ് ഇതിന്റെ വില.
കഴിഞ്ഞ കാലങ്ങളില്‍ വടക്കേയിന്ത്യന്‍ സമൂഹത്തിന്റേതായി അറിയപ്പെട്ടിരുന്ന രാഖി ഉത്സവം ഇന്ന് സാമാജികോത്സവമായി മാറിക്കഴിഞ്ഞു. വ്യാപാരകേന്ദ്രങ്ങള്‍, സ്കൂളുകള്‍, ഐടി കമ്പനികള്‍, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രാഖി ഉത്സവങ്ങള്‍ വിപുലമായാണ് നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: